ഇവി അടിസ്ഥാനസൗകര്യ വികസനത്തിന് 5,000 കോടി!

ഇവി അടിസ്ഥാനസൗകര്യ വികസനത്തിന് 5,000 കോടി!

രാജ്യത്തെ ഓരോ 25 കിലോമീറ്ററിലും പൊതു ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും

ന്യൂഡെല്‍ഹി : 2025 ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 5,000 കോടി രൂപ വകയിരുത്തി. കാര്‍ബണ്‍ ബഹിര്‍ഗമനവും ഹരിതഗൃഹ വാതകങ്ങളും നിയന്ത്രിക്കുന്നതിന് വൈദ്യുത നിലയങ്ങളില്‍ പുതിയ സാങ്കേതികവിദ്യ സജ്ജീകരിക്കുന്നതിനായി നേരത്തെ 83,500 കോടി രൂപ നീക്കിവെച്ചിരുന്നു.

രാജ്യത്തെ എഴുപത് പ്രധാന നഗരങ്ങളിലാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ തന്നെയാണ് തീരുമാനം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് തുക വകയിരുത്തിയത് പുതിയ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളെ തൃപ്തിപ്പെടുത്തുന്നതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പുരോഗമിക്കുന്നതോടെ കൂടുതല്‍ പുതിയ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ രംഗപ്രവേശം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഉപയോക്താക്കളുടെ ഓപ്ഷനുകളും വര്‍ധിക്കും.

കൂടാതെ, രാജ്യത്തെ ഓരോ 25 കിലോമീറ്ററിലും പൊതു ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ദീര്‍ഘദൂര, ഹെവി ഡ്യൂട്ടി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഹൈവേയുടെ ഇരുവശങ്ങളിലും ഓരോ നൂറ് കിലോമീറ്ററിലും ഏറ്റവും കുറഞ്ഞത് ഒരു ചാര്‍ജിംഗ് സ്‌റ്റേഷനെങ്കിലും ഉണ്ടായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.

2030 ഓടെ നിരത്തുകളില്‍ കാണുന്ന ആകെ വാഹനങ്ങളുടെ 25 ശതമാനം ഇലക്ട്രിക് ആയിരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇവി ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മോഡല്‍ ബില്‍ഡിംഗ് ബൈലോസ്, അര്‍ബന്‍ റീജ്യണല്‍ ഡെവലപ്‌മെന്റ് പ്ലാന്‍സ് ഫോര്‍മുലേഷന്‍ ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ഗൈഡ്‌ലൈന്‍സ് എന്നിവയില്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ആവശ്യമായ ഭേദഗതികള്‍ വരുത്തി.

Categories: Auto