ആസേതുഹിമാചലം ഓടാന്‍ ബെനല്ലി ടിആര്‍കെ 502, ടിആര്‍കെ 502എക്‌സ്

ആസേതുഹിമാചലം ഓടാന്‍ ബെനല്ലി ടിആര്‍കെ 502, ടിആര്‍കെ 502എക്‌സ്

യഥാക്രമം 5 ലക്ഷം രൂപ, 5.40 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനല്ലി ഇന്ത്യന്‍ വിപണിയില്‍ രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. ടിആര്‍കെ 502, ടിആര്‍കെ 502എക്‌സ് എന്നീ മോട്ടോര്‍സൈക്കിളുകളാണ് പുറത്തിറക്കിയത്. യഥാക്രമം 5 ലക്ഷം രൂപ, 5.40 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ടിആര്‍കെ 502 മോഡല്‍ അഡ്വഞ്ചര്‍ ടൂറര്‍ ആണെങ്കില്‍ ഓഫ് റോഡിംഗ് കൂടുതലായി ഇഷ്ടപ്പെടുന്നവനാണ് ടിആര്‍കെ 502എക്‌സ്. റെഡ്, വൈറ്റ്, ഗ്രാഫൈറ്റ് ഗ്രേ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ബൈക്കുകള്‍ ലഭിക്കും. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. 10,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്കിംഗ് നടത്താം. ആദ്യ ഉപയോക്താക്കള്‍ക്ക് ബുക്കിംഗ് തുക കാഷ്ബാക്കായി ലഭിക്കും. മഹാവീര്‍ ഗ്രൂപ്പ് എന്ന പുതിയ ഇന്ത്യന്‍ പങ്കാളിയുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ബെനല്ലി ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.

ഒരേ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് രണ്ട് ബൈക്കുകളും നിര്‍മ്മിച്ചിരിക്കുന്നത്. 1450 എംഎം ഉയരവും 2200 എംഎം നീളവും 915 എംഎം വീതിയും വരുന്ന ഗംഭീര മോഡലാണ് ബെനല്ലി ടിആര്‍കെ 502. അര്‍ധ ഫെയറിംഗ് രൂപകല്‍പ്പനയോടെയാണ് ബൈക്ക് വരുന്നത്. മുന്നില്‍ ബീക്ക് ഫെന്‍ഡര്‍, വലിയ വിന്‍ഡ്‌സ്‌ക്രീന്‍, ഹാന്‍ഡില്‍ബാറില്‍ നക്കിള്‍ ഗാര്‍ഡുകള്‍ എന്നിവ കാണാം. എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളും ടെയ്ല്‍ലൈറ്റും സഹിതം ഇരട്ട ഹെഡ്‌ലാംപ് സംവിധാനമാണ് നല്‍കിയിരിക്കുന്നത്. ലിവര്‍ പ്രയത്‌നം കുറയ്ക്കുന്നതിനായി ഹൈഡ്രോളിക് ആക്‌ച്വേറ്റഡ് ക്ലച്ച് നല്‍കിയിരിക്കുന്നു. ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്ററാണ് മറ്റൊരു സവിശേഷത. സ്റ്റാന്‍ഡേഡ് മോഡലില്‍ 800 മില്ലി മീറ്ററും ടിആര്‍കെ 502എക്‌സ് മോഡലില്‍ 840 മില്ലി മീറ്ററുമാണ് സീറ്റ് ഉയരം.

499.6 സിസി, ഡിഒഎച്ച്‌സി, ലിക്വിഡ് കൂള്‍ഡ്, പാരലല്‍ ട്വിന്‍ എന്‍ജിനാണ് രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 47.5 എച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 46 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. ഇരുപത് ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.

വയര്‍ സ്‌പോക് വീലുകളിലാണ് ടിആര്‍കെ 502എക്‌സ് വരുന്നത്. മുന്നില്‍ 19 ഇഞ്ച് ചക്രവും പിന്നില്‍ 17 ഇഞ്ച് ചക്രവും ഉപയോഗിക്കുന്നു. എന്നാല്‍ ടിആര്‍കെ 502 മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത് 17 ഇഞ്ച് അലോയ് വീലുകളാണ്. 120/70, 160/60 പിറേല്ലി ടയറുകളാണ് ടിആര്‍കെ 502 ഉപയോഗിക്കുന്നത്. ടിആര്‍കെ 502എക്‌സ് ഉപയോഗിക്കുന്നതാകട്ടെ 110/80, 150/70 മെറ്റ്‌സലര്‍ ടയറുകളും. 50 എംഎം യുഎസ്ഡി ഫോര്‍ക്കുകള്‍ മുന്നിലും മോണോഷോക്ക് പിന്നിലും രണ്ട് മോട്ടോര്‍സൈക്കിളുകളിലും സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യും. മുന്നിലെ സസ്‌പെന്‍ഷന്‍ ക്രമീകരിക്കാന്‍ കഴിയില്ലെങ്കിലും പിന്നില്‍ റീബൗണ്ട്, പ്രീ-ലോഡ് അഡ്ജസ്റ്റ്‌മെന്റ് നടത്താം. ടിആര്‍കെ 502, ടിആര്‍കെ 502എക്‌സ് മോഡലുകളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് യഥാക്രമം 190 എംഎം, 220 എംഎം. 320 എംഎം ഇരട്ട ഡിസ്‌ക്കുകള്‍ മുന്നിലും 260 എംഎം ഡിസ്‌ക് പിന്നിലും ബ്രേക്കിംഗ് നിര്‍വ്വഹിക്കും. റിയര്‍ യൂണിറ്റ് സ്വിച്ച് ചെയ്യാന്‍ കഴിയുന്ന ഡുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) സുരക്ഷാ ഫീച്ചറാണ്.

കാവസാക്കി വെഴ്‌സിസ് 650 (6.69 ലക്ഷം രൂപ), എസ്ഡബ്ല്യുഎം സൂപ്പര്‍ഡുവല്‍ ടി (6.50 ലക്ഷം രൂപ), സുസുകി വി-സ്‌ട്രോം 650എക്‌സ്ടി (7.46 ലക്ഷം രൂപ) (എല്ലാം ഇന്ത്യ എക്‌സ് ഷോറൂം വില) എന്നീ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളേക്കാള്‍ വില കുറവാണ് ബെനല്ലി ടിആര്‍കെ 502 മോഡലുകള്‍ക്ക്. കാവസാക്കി വെഴ്‌സിസ് എക്‌സ്-300, ബിഎംഡബ്ല്യു ജി310ജിഎസ്, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നീ മോഡലുകളും എതിരാളികളാണ്.

Categories: Auto