നാലാം പാദത്തിലും ബാങ്കുകള്‍ പണമൊഴുക്കില്‍ പ്രതിസന്ധി നേരിടുന്നു

നാലാം പാദത്തിലും ബാങ്കുകള്‍ പണമൊഴുക്കില്‍ പ്രതിസന്ധി നേരിടുന്നു

പൊതുമേഖലാ ബാങ്കുകളില്‍ 54 ശതമാനവും നിഷ്‌ക്രിയാസ്തി അനുപാതത്തില്‍ കുറവുണ്ടായതാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

ന്യൂഡെല്‍ഹി: സ്ഥിതിഗതികള്‍ അല്‍പ്പം മെച്ചപ്പെട്ടെങ്കിലും പണമൊഴുക്കില്‍ നേരിടുന്ന പ്രസിസന്ധി സാമ്പത്തിക പാദത്തിന്റെ അവസാന പാദത്തിലും തുടരുകയാണെന്ന് മിക്ക ബാങ്കുകളും വിലയിരുത്തുന്നതായി സര്‍വെ റിപ്പോര്‍ട്ട്. മൂന്നാം പാദത്തില്‍ പണമൊഴുക്കില്‍ കമ്മി നേരിട്ടുവെന്നാണ് വ്യാവസായിക കൂട്ടായ്മയായ ഫിക്കിയും ഐബിഎ ബാങ്കേര്‍സും ചേര്‍ന്ന് തയാറാക്കിയ സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പൊതുമേഖലയിലുള്ളതും സ്വകാര്യമേഖലയിലുള്ളതുമായ 23 ബാങ്കുകളെയാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്.
റിസര്‍വ് ബാങ്ക് പണമൊഴുക്ക് മെച്ചപ്പെടുത്തുന്നതിനുള്ള ശരിയായ നടപടികള്‍ ഇപ്പോള്‍ എടുത്തിട്ടുണ്ടെന്നാണ് ബാങ്കുകള്‍ വിലയിരുത്തുന്നത്. പൊതുവിപണിയിലെ പ്രവര്‍ത്തനങ്ങളിലൂടെ റിസര്‍വ് ബാങ്ക് കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതു വരെ ആര്‍ബിഐ പൊതു വിപണിയില്‍ നിന്നുള്ള വാങ്ങലുകള്‍ തുടരണമെന്നും വിവിധ ബാങ്കുകള്‍ ആവശ്യപ്പെടുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലെ വിവിധ ആവശ്യകതകളും നികുതിയടവും പൊതു തെരഞ്ഞെടുപ്പ് ആസന്നമായതും നാലാം പാദത്തില്‍ പണമൊഴുക്കിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നുണ്ട്. നിഷ്‌ക്രിയാസ്തികളില്‍ നിന്നുള്ള തിരിച്ചുവരവ് പ്രകടമാകുന്നു എന്നതാണ് സര്‍വേ വ്യക്തമാക്കുന്ന മറ്റൊരു നിര്‍ണായക വസ്തുത. പൊതുമേഖലാ ബാങ്കുകളില്‍ 54 ശതമാനവും തങ്ങളുടെ നിഷ്‌ക്രിയാസ്തി അനുപാതത്തില്‍ കുറവുണ്ടായതാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അടിസ്ഥാന സൗകര്യ മേഖല തന്നെയാണ് നിഷ്‌ക്രിയാസ്തിയില്‍ മുന്നിലുള്ളതെന്ന് സര്‍വെയില്‍ പങ്കെടുത്ത് 90 ശതമാനം പേരും പ്രതികരിച്ചു.

സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച മൂലധന സഹായ പദ്ധതി ബാലന്‍സ് ഷീറ്റുകള്‍ മെച്ചപ്പെടുത്താനും ചില കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളാനും സഹായകമാകുമെന്നാണ് ബാങ്കര്‍മാരുടെ പ്രതീക്ഷ. ചില പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തികാരോഗ്യം ഇതിലൂടെ മെച്ചപ്പെടുമെന്നാണ് കരുതുന്നത്. റിസര്‍വ് ബാങ്കിന്റെ തിരുത്തല്‍ നടപടികളില്‍ നിന്ന് കൂടുതല്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് ഉടന്‍ പുറത്തുവരാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊത്തം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഇത് സഹായകമാകും. ബാങ്കിംഗ് ഇതര ധനകാര്യ മേഖലയിലെ വായ്പാ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുന്നതിന് സര്‍ക്കാരിന്റെ മൂലധന സഹായ പദ്ധതി സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: Banking
Tags: banking