അപ്രീലിയ 150 ബൈക്കുകള്‍ അടുത്ത വര്‍ഷമെത്തും

അപ്രീലിയ 150 ബൈക്കുകള്‍ അടുത്ത വര്‍ഷമെത്തും

അപ്രീലിയ ബ്രാന്‍ഡില്‍ നാല് 150 സിസി മോട്ടോര്‍ബൈക്കുകള്‍ പുറത്തിറക്കുമെന്ന് പിയാജിയോ വെഹിക്കിള്‍സ് ഇന്ത്യ എംഡി

മുംബൈ : ഇന്ത്യയിലെ 125-150 സിസി സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ പ്രവേശിക്കാന്‍ പിയാജിയോ തയ്യാറെടുക്കുന്നു. ബജാജ്-കെടിഎം, ടിവിഎസ്, യമഹ തുടങ്ങിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളുമായി മല്‍സരിക്കാന്‍ അപ്രീലിയ ബ്രാന്‍ഡ് മോട്ടോര്‍സൈക്കിളുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. അപ്രീലിയ ബ്രാന്‍ഡിലുള്ള ആദ്യ 150 സിസി മോട്ടോര്‍സൈക്കിള്‍ 2020 ല്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഇതേതുടര്‍ന്ന് മൂന്ന് മോഡലുകള്‍ കൂടി പുറത്തിറക്കുമെന്ന് പിയാജിയോ വെഹിക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ഡീഗോ ഗ്രാഫി പറഞ്ഞു.

ഇന്ത്യയിലെ സ്‌കൂട്ടര്‍ വിപണിയില്‍ പ്രവേശിച്ചപ്പോള്‍ ‘പ്രീമിയം’ മറന്നുകളിക്കാന്‍ തയ്യാറായില്ലെന്നും മോട്ടോര്‍സൈക്കിളുകളും പ്രീമിയം ആയിരിക്കുമെന്നും ഗ്രാഫി വ്യക്തമാക്കി. വരുന്ന 12-15 മാസങ്ങള്‍ക്കുള്ളില്‍ 150 സിസി ബൈക്കിന്റെ ഉല്‍പ്പാദനം ആരംഭിക്കുമെന്നും അപ്രീലിയ ബ്രാന്‍ഡില്‍ നാല് 125-150 സിസി മോട്ടോര്‍ബൈക്കുകള്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അപ്രീലിയ ആര്‍എസ് 150, അപ്രീലിയ ടൂണോ 150 (യഥാക്രമം സ്‌പോര്‍ട്‌സ് ബൈക്ക്, സ്ട്രീറ്റ് ബൈക്ക്) എന്നീ കണ്‍സെപ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ കണ്‍സെപ്റ്റുകള്‍ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലേക്കുള്ള മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുകയെന്ന് ഗ്രാഫി അറിയിച്ചു. സ്‌പോര്‍ട്‌സ് ബൈക്കിന്റെ പ്രൊഡക്ഷന്‍ മോഡല്‍ 150 സിസി ശേഷിയുള്ളതായിരിക്കുമെന്നും എന്നാല്‍ സ്ട്രീറ്റ് ബൈക്കിന് കൂടുതല്‍ ഡിസ്‌പ്ലേസ്‌മെന്റ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

800-1200 സിസികള്‍ക്കിടയില്‍ വരുന്ന അര ഡസനോളം ബിഗ് ബൈക്ക് മോഡലുകളാണ് നിലവില്‍ പിയാജിയോ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇവയെല്ലാം പൂര്‍ണ്ണമായി നിര്‍മ്മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. 80,000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ വിലകളില്‍ 125-250 സിസി വിപണിയില്‍ പുതിയ ബൈക്കുകള്‍ അവതരിപ്പിക്കുകയാണ് പിയാജിയോയുടെ ലക്ഷ്യം.

2019 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജനുവരി കാലയളവില്‍ ഇന്ത്യയിലെ 125-250 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ ഇരുപത് ലക്ഷത്തോളം യൂണിറ്റാണ് വിറ്റത്. ആകെ മോട്ടോര്‍സൈക്കിള്‍ വിപണി 11 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ 125-250 സിസി സെഗ്‌മെന്റ് 14 ശതമാനത്തോളം വളര്‍ച്ച കൈവരിച്ചു. ഇതേകാലയളവില്‍ പിയാജിയോ 66,000 ഓളം യൂണിറ്റ് വിറ്റു. പ്രധാനമായും സ്‌കൂട്ടറുകള്‍. രേഖപ്പെടുത്തിയ വളര്‍ച്ച 20 ശതമാനം.

Categories: Auto