ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ യുഎഇ

ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ യുഎഇ
  • രാജ്യത്തെ റിഫൈനിംഗ്, പെട്രോകെമിക്കല്‍ പദ്ധതികളില്‍ യുഎഇ നിക്ഷേപം നടത്തും
  • ഇന്ത്യയില്‍ യുഎഇയുടെ എണ്ണ വിതരണം കുറവാണെങ്കിലും കൂടുതല്‍ നിക്ഷേപങ്ങള്‍ അറബ് രാജ്യം നടത്തുന്നുണ്ട്

ദുബായ്: റിഫൈനിംഗ്, പെട്രോകെമിക്കല്‍ പദ്ധതികള്‍ക്കും ഇന്ത്യയില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരിക്കുന്നതിനും യുഎഇ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ആരംഭിക്കുന്ന റിഫൈനറി-പെട്രോകെമിക്കല്‍ കോംപ്ലക്‌സിന്റെ 50 ശതമാനം ഓഹരി യുഎഇ-യിലെ അബുദാബി നാഷണല്‍ ഓയില്‍ കോ (എഡിഎന്‍ഓസി)-യും പങ്കാളിയായ സൗദി അരാംകോയുമാണ് സ്വന്തമാക്കിയിരിക്കുന്നത്. 44 ബില്യണ്‍ യുഎസ് ഡോളര്‍ ആണ് നിര്‍മ്മാണ ചിലവ്.

ഈ കമ്പനി കര്‍ണാടകയിലെ മംഗ്ലൂരിലും പാടൂരിലും നിര്‍മ്മിച്ച ഭൂഗര്‍ഭ എണ്ണ ശേഖരണ കേന്ദ്രത്തില്‍ സ്ഥലം വാങ്ങിച്ചിട്ടുണ്ട്. ഓയില്‍ റിഫൈനിംഗ് പെട്രോകെമിക്കല്‍ മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താനാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ വില്‍ക്കുക മാത്രമല്ല, ഇന്ത്യയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് യുഎഇ ശ്രമിക്കുന്നത്-യുഎഇ മന്ത്രിയും അബുദാബി നാഷണല്‍ ഓയില്‍ കോ(അഡ്‌നോക്) മേധാവിയുമായ സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബര്‍ പറഞ്ഞു.

ഇന്ത്യ ഞങ്ങള്‍ക്ക് ഒരു പ്രധാന വിപണി മാത്രമല്ല ഒരു നല്ല പങ്കാളി കൂടിയാണ്. കൂടുതല്‍ വ്യാപാര ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ യുഎഇ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പെട്രോടെക്ക് കോണ്‍ഫറെന്‍സില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് അദ്ദേഹം അടുത്തിടെ സ്വീകരിച്ചിരുന്നു.

അഡ്‌നോക്കും അരാംകോയും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കുവൈറ്റും ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള നീക്കത്തിലാണ്. വളരെ കുറച്ച് എണ്ണ മാത്രമേ യുഎഇ ഇന്ത്യയില്‍ നല്‍കുന്നുള്ളൂ, എന്നാല്‍ നിക്ഷേപം ശക്തമായി മുന്നോട്ട് പോകുന്നുണ്ട്.

പദ്ധതിയുടെ തുടക്കത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. ഇത് എന്ന് പൂര്‍ത്തീകരിക്കുമെന്നോ എത്രമാത്രം വിജയകരമാകുമെന്നോ പറയാറായിട്ടില്ല. ഇന്ത്യയിലെ ഞങ്ങളുടെ സഹ പ്രവര്‍ത്തകരുമായും സൗദി അരാംകോ ആയും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരിക്കാന്‍ യുഎഇ-ക്ക് പദ്ധതിയുണ്ട്- സുല്‍ത്താന്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ 50 ശതമാനം ഉടമസ്ഥാവകാശം അരാംകോക്കും അഡ്‌നോക്കിനും സ്വന്തമാണ്. ബാക്കി 50 ശതമാനം ഇന്ത്യന്‍ ഓയില്‍ കോര്‍പ്, ഭാരത് പെട്രോള്‍ കോര്‍പ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്.

പാടൂരില്‍ ക്രൂഡ് ഓയില്‍ ശേഖരിക്കാനായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യ അഡ്‌നോക്കുമായി കരാര്‍ ഒപ്പിട്ടിരുന്നു. അടിയന്തരാവിശ്യത്തിനായി 5.33 മില്യണ്‍ ടണ്ണിന്റെ സ്റ്റോറേജ് മംഗ്ലൂരിലെയും പാടൂരിലെയും വിശാഖപട്ടണത്തിലെയും ഭൂഗര്‍ഭ ഗുഹകളില്‍ ഇന്ത്യ നിര്‍മ്മിച്ചിട്ടുണ്ട്. വിദേശ എണ്ണ കമ്പനികള്‍ക്ക് ഇതില്‍ എണ്ണ ശേഖരിക്കാനുള്ള അനുമതി ഇന്ത്യ നല്‍കിയിട്ടുണ്ട്.

മംഗ്ലൂരിലെ 1.5 മില്യണ്‍ ടണ്ണിന്റെ ഓയില്‍ സ്റ്റോറേജ് നിറക്കാനായി അഡ്‌നോക്ക് 2018 ഫെബ്രുവരിയില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. നവംബര്‍ 2018-ന് സമാനമായ ഒരു കരാര്‍ പാടൂരിലും ഒപ്പിട്ടു. എണ്ണ ശേഖരിക്കാനായി സ്ട്രാറ്റജിക് പെട്രോളിയം റിസേര്‍വ് എന്‍ടിറ്റി ഓഫ് ഇന്ത്യ 5.33 മില്യണ്‍ ടണ്ണിന്റെ (ഏകദേശം 39 മില്യണ്‍ ബാറലുകള്‍) ഭൂഗര്‍ഭ ഗുഹകളാണ് മൂന്ന് സ്ഥലങ്ങളില്‍ നിര്‍മ്മിച്ചത്- വിശാഖപട്ടണം (133 എംടി), മംഗളൂരു (15 എംടി), പാടൂര്‍ (2.5 എംടി).

വിശാഖപട്ടണത്തിലെ ഭൂരിഭാഗവും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ് ലിമിറ്റഡ് (എച്പിസിഎല്‍) സ്വന്തമാക്കിയപ്പോള്‍ അഡ്‌നോക്കും ഇന്ത്യന്‍ സര്‍ക്കാരും മംഗ്ലൂരിലെ സ്റ്റോറേജ് നിറച്ചിട്ടുണ്ട്. അതേസമയം, 2.5 മില്യണ്‍ ടണ്ണിന്റെ പാടൂര്‍ ഇപ്പോഴും ശൂന്യമാണ്. ഇന്ത്യയില്‍ ഇന്ധന വില്‍പ്പനയിലും അരാംകോ ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയുടെ റിഫൈനിംഗ് ശേഷി 247 മില്യണ്‍ ടണ്ണാണ്. എന്നാല്‍, 202 മില്യണ്‍ ടണ്ണാണ് ഇന്ത്യയ്ക്ക് നിലവില്‍ ആവശ്യം. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി(ഐഇഎ) റിപ്പോര്‍ട്ട് അനുസരിച്ച് 2040-ല്‍ ഇത് 458 മില്യണ്‍ ടണ്‍ ആകും.

Categories: Arabia