രണ്ട് ലക്ഷം ടിയാഗോ വിറ്റ് ടാറ്റ മോട്ടോഴ്‌സ്

രണ്ട് ലക്ഷം ടിയാഗോ വിറ്റ് ടാറ്റ മോട്ടോഴ്‌സ്

2016 ഏപ്രില്‍ മാസത്തിലാണ് ഹാച്ച്ബാക്ക് ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ രണ്ട് ലക്ഷം യൂണിറ്റ് ടിയാഗോ വിറ്റതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. 2016 ഏപ്രില്‍ മാസത്തിലാണ് ഹാച്ച്ബാക്ക് ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. പതിനെട്ട് അംഗീകാരങ്ങളാണ് ടാറ്റ ടിയാഗോ ഹാച്ച്ബാക്കിനെ തേടിയെത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കോംപാക്റ്റ് ഹാച്ച്ബാക്ക് ടാറ്റ ടിയാഗോ അല്ലാതെ മറ്റാരുമല്ല. ഫേസ്‌ലിഫ്റ്റ് ചെയ്ത ടിയാഗോ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിലവില്‍ ടാറ്റ മോട്ടോഴ്‌സ്.

ഇതുവരെ വിറ്റ രണ്ട് ലക്ഷത്തിലധികം ടിയാഗോ കാറുകളില്‍ 1.7 ലക്ഷത്തിലധികം കാറുകളും പെട്രോള്‍ എന്‍ജിന്‍ വേര്‍ഷനുകളാണ്. ടിയാഗോ ഉപയോക്താക്കള്‍ കൂടുതലായി പെട്രോള്‍ വേര്‍ഷന്‍ തെരഞ്ഞെടുക്കുന്നു എന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഒരു ലക്ഷമെന്ന എണ്ണം തികഞ്ഞ ടിയാഗോ 2017 ഒക്‌റ്റോബറില്‍ ഗുജറാത്തിലെ സാനന്ദ് പ്ലാന്റില്‍നിന്ന് പുറത്തെത്തിച്ചിരുന്നു. ഉല്‍പ്പാദനം മൂന്നാം വര്‍ഷത്തിലെത്തിനില്‍ക്കുമ്പോഴും ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ഇപ്പോഴും വളര്‍ച്ച തുടരുന്ന ചുരുക്കം മോഡലുകളിലൊന്നാണ് ടിയാഗോ എന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹന ബിസിനസ് വിഭാഗം പ്രസിഡന്റ് മായങ്ക് പരീക് പറഞ്ഞു.

ഇതിനിടെ ടിയാഗോയുടെ നിരവധി വേര്‍ഷനുകള്‍ വിപണി കണ്ടു. 2017 ല്‍ എക്‌സ്ഇസഡ്എ, എക്‌സ്ടിഎ എന്നീ രണ്ട് എഎംടി വേരിയന്റുകള്‍ വിപണിയിലെത്തി. കൂടാതെ ഉല്‍സവ കാലത്ത് ടിയാഗോ വിസ് എന്ന സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചു. ഇതേതുടര്‍ന്ന് 2018 ല്‍ ടിയാഗോ എന്‍ആര്‍ജി പുറത്തിറക്കി. ഒടുവില്‍ ടിയാഗോ ജെടിപി എന്ന പെര്‍ഫോമന്‍സ് വേര്‍ഷനും അവതരിപ്പിച്ചു.

പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വേര്‍ഷനുകളില്‍ ടാറ്റ ടിയാഗോ ലഭിക്കും. 85 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍, 70 എച്ച്പി പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാന്വല്‍, 5 സ്പീഡ് എഎംടി എന്നിവയാണ് പെട്രോള്‍ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാന്വല്‍ മാത്രമാണ് ഡീസല്‍ മോട്ടോറിന് കൂട്ട്. ആകെ 22 ട്രിമ്മുകളില്‍ ടാറ്റ ടിയാഗോ ലഭിക്കും. 4.20 മുതല്‍ 6.49 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto
Tags: tata Tiago