പുല്‍വാമ ഭീകരാക്രമണം ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കും ബന്ധുക്കള്‍ക്ക് ജോലിയും

പുല്‍വാമ ഭീകരാക്രമണം ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കും ബന്ധുക്കള്‍ക്ക് ജോലിയും

ഭീകരാക്രമണത്തില്‍ 1.3 ബില്യണ്‍ ഇന്ത്യക്കാര്‍ക്കുള്ള അതേ വികാരമാണ് മുഴുവന്‍ റിലയന്‍സ് കുടുംബത്തിനും

മുംബൈ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ റിലയന്‍സ് ഫൗണ്ടേഷന്റെ ആദരം. വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചിലവുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ അറിയിച്ചു. കൂടാതെ ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള സന്നദ്ധതയും ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ കുറിപ്പില്‍ റിലയസ് ഫൗണ്ടേഷന്‍ അറിയിച്ചു.

ആക്രമണത്തില്‍ പരിക്കേറ്റ ജവാന്മാര്‍ക്ക് എല്ലാവിധ ചികിത്സയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആശുപത്രികളില്‍ നല്‍കാന്‍ തയ്യാറാണെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി. ഭീകരാക്രമണത്തില്‍ രാജ്യത്തെ 1.3 ബില്യണ്‍ ജനതയ്ക്കുള്ള അതേ വികാരമാണ് റിലയന്‍സ് കുടുംബത്തിനും ഉള്ളതെന്നും കുറിപ്പില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ പറയുന്നു.

തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട സായുധ സൈന്യത്തിന് വേണ്ടി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുക എന്നത് കര്‍ത്തവ്യമായി കരുതുന്നു കുറിപ്പ് കൂട്ടിച്ചേര്‍ക്കുന്നു.

രാജ്യത്തെ പ്രമുഖ ബിസിനസ് വ്യക്തിത്വങ്ങളിലൊന്നായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ നേതൃത്വത്തിലാണ് റിലന്‍സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണ പരിവര്‍ത്തനം, വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസ പ്രവര്‍ത്തനം, നഗര ശുചീകരണം തുടങ്ങിയ രാജ്യ വികസനത്തിന് വെല്ലുവിളിയായ വിഷയങ്ങളെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഫൗണ്ടേഷന്‍ നടത്തിവരുന്നത്.

ഫെബ്രുവരി 14, വെള്ളിയാഴ്ച ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ രക്തസാക്ഷിത്വം വരിച്ചിരുന്നു. സിആര്‍പിഎഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ചാവേറായിരുന്ന ആദില്‍ അഹമ്മദ് സ്‌ഫോടന വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റുകയായിരുന്നു.

Categories: Current Affairs