മൈക്രോ വായ്പകളില്‍ പ്രകടമായത് 15 ശതമാനം ഇടിവ്

മൈക്രോ വായ്പകളില്‍ പ്രകടമായത് 15 ശതമാനം ഇടിവ്

പ്രളയത്തിനു ശേഷം സമ്മര്‍ദിത വായ്പകള്‍ വലിയ തോതില്‍ വര്‍ധിച്ച കേരളത്തില്‍ ഇപ്പോള്‍ തിരിച്ചുവരവ് പ്രകടമാണ്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാംപാദത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന മൈക്രോ വായ്പകളില്‍ റിപ്പോര്‍ട്ട് ചെയ്തത് 15 ശതമാനം ഇടിവ്. ഐഎല്‍ & എഫ്എസ് പാപ്പരത്ത നടപടിയിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലാകെ പടര്‍ന്നു പിടിച്ച മൂലധന പ്രതിസന്ധിക്കൊപ്പം ഇടപാടുകള്‍ക്കായി ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നതിനെ തടഞ്ഞ സുപ്രീംകോടതി വിധിയും ഇതില്‍ പങ്കുവഹിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. 41,840 കോടി രൂപയുടെ മൈക്രോ വായ്പകളാണ് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യവ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. മുന്‍ വര്‍ഷം സമാനകാലയളവില്‍ ഇത് 49,450 കോടി രൂപയായിരുന്നു. ക്രെഡിറ്റ് ഇന്‍ഫൊര്‍മേഷന്‍ കമ്പനി ക്രിഫ് ഹൈ മാര്‍ക്കാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ധനകാര്യ സ്ഥാപനങ്ങള്‍ ഉപഭോക്താക്കലുടെ ആധാര്‍ വിവരങ്ങള്‍ സൂക്ഷിക്കരുത് എന്ന വിധി വായ്പകളുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയതിനൊപ്പം മൊത്തം വായ്പകളില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെയും വിഹിതം കുറയ്ക്കുകയും ചെയ്തുവെന്ന് ക്രിഫ് ഹൈ മാര്‍ക്കിന്റെ വൈസ് പ്രസിഡന്റ് പരിജിത് ഗാര്‍ഗ് പറഞ്ഞു. 2018ന്റെ ആദ്യപാദത്തില്‍ എന്‍ബിഎഫ്‌സി- എംഎഫ്‌ഐ വിഭാഗത്തിന് 35.32 ശതമാനമാണ് മൊത്തം വായ്പകളില്‍ ഉണ്ടായിരുന്നതെങ്കില്‍ ഡിസംബര്‍ പാദത്തിലത് 34.79 ശതമാനമായി കുറഞ്ഞു.

പണമൊഴുക്കിലെ മാന്ദ്യം വായ്പാ വിതരണത്തെ ബാധിക്കുന്നതും പ്രകടമാണ്. പുറത്തുനിന്നുള്ള ഫണ്ടിംഗിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലയിലെ വായ്പാ വിതരണം പ്രധാനമായും നടക്കുന്നത്. ആസ്തികളുടെ നിലവാരം മെച്ചപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 31 ദിവസം മുതല്‍ 180 ദിവസം വരെ തിരിച്ചടവ് മുടക്കിയ വായ്പകളുടെ ശതമാനം 2018ലെ ആദ്യ പാദത്തിലുണ്ടായിരുന്ന 1.59 ശതമാനത്തില്‍ നിന്ന് 1.05 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാടില്‍ സമ്മര്‍ദിത ആസ്തികളില്‍ വര്‍ധന പ്രകടമായി. ഗജ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതമാണ് ഇവിടെ തിരിച്ചടവുകള്‍ മുടങ്ങാന്‍ പ്രധാന കാരണമായത്.
കഴിഞ്ഞ ഓഗസ്റ്റില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ട കേരളത്തില്‍ തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ തിരിച്ചുവരവ് പ്രകടമാണ്. നാലു വായ്പകളിലധികമുള്ളവരുടെ എണ്ണത്തിലും തമിഴ്‌നാടില്‍ വര്‍ധന പ്രകടമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ 3 ശതമാനത്തില്‍ നിന്ന് ഡിസംബര്‍ പാദത്തിലെത്തുമ്പോല്‍ 7.62 ശതമാനമായാണ് വര്‍ധന.

Comments

comments

Categories: Business & Economy
Tags: Micro loans