മരണത്തിന്റെ വ്യാപാരികള്‍

മരണത്തിന്റെ വ്യാപാരികള്‍

താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മതത്തെയും രാഷ്ട്രീയപരമായി ആയുധമാക്കാനാണ് ഇന്ന് പലരുടെയും ശ്രമം. ജാതിയില്ലെങ്കില്‍ രാഷ്ട്രീയവും അധികാരവും നേടാനാവില്ല എന്ന നിലയിലേക്ക് രാജ്യം അധഃപതിച്ചിരിക്കുന്നു. മത തീവ്രവാദികളും ഇതിന്റെ ഉല്‍പ്പന്നമാണ്. അതിന് സമഭാവന മാത്രമാണ് ചികിത്സ. എന്നാല്‍ പുറത്തുനിന്നൊരാള്‍ ഭീകരതയുമായി വന്നാല്‍ മറുകരണമല്ല കാണിക്കേണ്ടത്. ഇംഗ്ലീഷില്‍ റീട്രിബ്യുട്ടീവ് എന്ന് പറയുന്ന കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന നീതിയാണ് നടത്തേണ്ടത്. താടിയുള്ളപ്പനെ നല്ല പേടി വരും. മരണത്തിന്റെ വ്യാപാരികള്‍ക്ക് മുടക്കുമുതല്‍ ലാഭവീതം സഹിതം നല്‍കണം

‘ഗാന്ധി വിഭാവനം ചെയ്ത രാമരാജ്യം കേവലം ദശരഥ പുത്രന്‍ രാമനുമായി ബന്ധപ്പെട്ടതല്ല. സമതുലിതമായ ഗ്രാമങ്ങളെയും സംസ്‌കാരങ്ങളെയുമാണ് ഗാന്ധിജി സ്വപ്നം കണ്ടത്. മതങ്ങള്‍ക്കെല്ലാം മൂല്യങ്ങളുണ്ട്. ജാതിമത ചിന്തകള്‍ക്കതീതമായി സംസ്‌കാരങ്ങള്‍ ഇടകലരുന്നുണ്ട്. സ്വമത ശ്രേഷ്ഠതകളില്‍ മാത്രം വിശ്വസിക്കുന്നവരുടെ ലോകം ഇടുങ്ങിയതാണ്. താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മതത്തെ രാഷ്ട്രീയപരമായി ആയുധമാക്കാനാണ് പലരുടെയും ശ്രമം. ജാതിയില്ലെങ്കില്‍ രാഷ്ട്രീയവും അധികാരവുമില്ല എന്ന നിലയിലേക്ക് കാലം മാറിയിരിക്കുന്നു. മത തീവ്രവാദികളും ഇതിന്റെ ഉല്‍പ്പന്നമാണ്. കേവലം വ്യക്തിപരമല്ലാതെ എതിര്‍ ചിന്താരീതിയിലൂടെ തീവ്രവാദവും മതവാദവും തഴച്ചുവളരുന്നതിനു കാരണമിതാണ്. എന്തും അധികമായാല്‍ വിഷമാണ്. മതചിന്തകളും ഇതേ അളവു കോണില്‍ തന്നെ നവസമൂഹവും കാണണം,’

– ഹമീദ് ചേന്ദമംഗലൂര്‍, കല്‍പ്പറ്റ, ഒക്ടോബര്‍ 2016

ക്രിസ്തു ദേവന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തിട്ട് അന്ന് അധികനാളായിട്ടില്ല. കാല്‍വരിയിലെ കുരിശുമരണവും മൂന്നാം ദിവസത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പും നേരിട്ട് കണ്ടിട്ടുള്ള ബാലന്മാര്‍ അപ്പോള്‍ മധ്യവയസ്സില്‍ എത്തുന്നതേയുള്ളൂ. ജറുസലേമിലെ പുല്‍ത്തൊട്ടിയില്‍ ദൈവം മനുഷ്യപുത്രനായി മേരിയ്ക്കും ജോസഫിനും പിറന്നപ്പോള്‍ യൂദയ (ജറുസലേം ഉള്‍പ്പെടുന്ന വെസ്റ്റ് ബാങ്കിന്റെ അന്നത്തെ പേര്) റോമന്‍ ഭരണത്തില്‍ ആയിട്ട് അറുപത്തിമൂന്ന് വര്‍ഷം കഴിഞ്ഞിരിക്കുന്നു. റോമന്‍ ഭരണം നൂറ് വര്‍ഷം പിന്നിട്ട സമയത്താണ് യേശു ഗോല്‍ഗോഥാ മലയിലേക്ക് മുള്‍ക്കിരീടം തലയിലണിയിക്കപ്പെട്ട് കുരിശും ചുമന്ന് നടന്ന് നീങ്ങിയത്. മൂന്ന് പതിറ്റാണ്ടുകള്‍ കൂടി യഹൂദര്‍ റോമന്‍ ഭരണം ഒരുവിധം സഹിച്ചു. പതിറ്റാണ്ടുകളായി യഹൂദര്‍ക്കിടയില്‍ റോമവിരുദ്ധ വികാരം ഘനീഭവിച്ച് നിന്നിരുന്നു. എഡി അറുപതുകളില്‍, പ്രതിഷേധവികാരം അടക്കാനാവാത്ത ഒരുകൂട്ടം യഹൂദ യുവാക്കള്‍ യഹൂദ രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന സീലോട്ടില്‍ നിന്ന് അടര്‍ന്ന് മാറി സിഖാരീ (sicarii) എന്ന പ്രസ്ഥാനം ആരംഭിച്ചു. വാണിഭസ്ഥലങ്ങള്‍, ആഘോഷവേളകള്‍ തുടങ്ങി ജനങ്ങള്‍ തങ്ങിനില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ തങ്ങളുടെ തോള്‍സഞ്ചികളില്‍ ഒളിപ്പിച്ച് വച്ച നീളന്‍ കഠാരികള്‍ പുറത്തെടുത്ത് റോമക്കാരെയും റോമന്‍ പക്ഷപാതികളെയും കൂട്ടത്തോടെ അരിഞ്ഞുവീഴ്ത്തി. ലോകത്തിലെ ഏറ്റവും മനോഹരമായ താഴ്‌വര ഗ്രാമമായ ഐന്‍ ഗെഡിയില്‍ മാത്രം എഴുന്നൂറോളം സ്ത്രീകളെയും കുട്ടികളെയുമാണ് സിഖാരീ ഒറ്റദിവസം വെട്ടി വീഴ്ത്തിയത്. ലോകചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ തീവ്രവാദ പ്രസ്ഥാനം.

നല്ല സമരിയക്കാരെ സൃഷ്ടിച്ച അതേ സമരിയയില്‍ തന്നെയാണ് തീവ്രവാദവും പിറന്ന് വീണത്. അതാണ്: ദൈവവും പിശാചും ജനിക്കുന്നത് ഒരേ ഭൂമിയിലാണ്.

ഇന്നത്തെ ഇറാക്കിലെ മെസപൊട്ടേമിയയിലെ ഉര്‍ എന്ന ചെറുപട്ടണത്തിലെ ഒരു വിഗ്രഹ ശില്‍പിയുടെ പുത്രനായ അബ്രാം യഹോവയുടെ വിളികേട്ട് വിഗ്രഹങ്ങള്‍ തച്ചുടച്ച് തന്റെ കുടുംബത്തോടൊപ്പം വാഗ്ദത്ത ഭൂമിയായ കാനോന്‍ ദേശത്തേക്ക് പോകുന്നതോടെയാണ് ‘വിശ്വാസി’കളുടെ കഥ ആരംഭിക്കുന്നത്. (‘ഉല്പത്തി’-അദ്ധ്യായം 16) അബ്രാമിന്റെ ഭാര്യയായ സാറായി ഗര്‍ഭിണിയായില്ല. നിരവധി വര്‍ഷത്തെ കാത്തിരിപ്പിന് ശേഷവും കുട്ടികളെ പ്രസവിക്കാന്‍ കഴിയാതിരുന്ന സാറായി തന്റെ ജോലിക്കാരിയായ ഹാഗാറുമായി ബന്ധം പുലര്‍ത്തി കുട്ടികളെ നേടുവാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ചു. എന്നാല്‍ ഹാഗാര്‍ ഗര്‍ഭിണിയായ ശേഷം സാറായിക്ക് അവരോട് വിദ്വേഷം തോന്നി വീടിന് പുറത്താക്കി. അലഞ്ഞുതിരിഞ്ഞ ഹാഗാറിന് മുമ്പില്‍ യഹോവയുടെ ദൂതന്‍ പ്രത്യക്ഷപ്പെട്ട് ജനിക്കാന്‍ പോകുന്ന മകന് ഇസ്മാഈല്‍ എന്ന് പേരിടണമെന്നും അബ്രാമിന്റെ വീട്ടിലേയ്ക്ക് മടങ്ങിപ്പോകാനും ഉപദേശിച്ചു. അപ്പോള്‍ അബ്രാമിന് 86 വയസ്സ്. 99 വയസ്സായപ്പോള്‍ അദ്ദേഹത്തിന് യഹോവയുടെ നേരിട്ടുള്ള ദര്‍ശനം കിട്ടി. അബ്രാമിന്റെ പേര് അബ്രഹാം എന്നും സാറായിയെ സാറ എന്നും അന്ന് യഹോവ പുനര്‍നാമകരണം ചെയ്തു. സാറ ഗര്‍ഭിണി ആവുമെന്നും ജനിക്കുന്ന മകന് ഇസ്ഹാക് എന്ന് പേരിടണമെന്നും യഹോവ അനുഗ്രഹിച്ചു. യഹോവയുടെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കുന്നത് ഇസ്ഹാക് ആവുമെന്ന് യഹോവയില്‍ നിന്ന് അബ്രഹാം അറിയുന്നു. അത് പോലെ ഇസ്മാഈലിനെ കുറിച്ചും. ‘ഞാന്‍ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാന്‍ അവനെ അനുഗ്രഹിച്ചു അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വര്‍ദ്ധിപ്പിക്കും. അവന്‍ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാന്‍ അവനെ വലിയൊരു ജാതിയാക്കും,’ എന്നാണ് യഹോവ അബ്രഹാമിനോട് പറഞ്ഞത്. (ഉല്പത്തി17:20). എന്നാല്‍ യഹോവ അന്നുതന്നെ ഒരു കാര്യം പറഞ്ഞിരുന്നു: ‘അവന്റെ കൈ എല്ലാവര്‍ക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവന്‍ തന്റെ സകല സഹോദരന്മാര്‍ക്കും എതിരെ പാര്‍ക്കും,’ (ഉല്പത്തി16:12).

യഹോവയുടെ അനുഗ്രഹത്താല്‍ അബ്രഹാമിന്റെ ഭാര്യയായ സാറയ്ക്ക് പിറന്ന ഇസ്ഹാക്കിന്റെ പിന്മുറക്കാര്‍ യഹൂദരും അബ്രഹാമിന് അടിമസ്ത്രീയായ ഹാഗാറില്‍ ജനിച്ച പുത്രന്‍ ഇസ്മഈലിന്റെ പിന്‍ തലമുറക്കാര്‍ അറബികളും എന്നാണ് വിശ്വാസം. 2,000 വര്‍ഷത്തോളമായി അബ്രഹാമിന്റെ സന്തതികള്‍ തമ്മില്‍ ഭൂമിയുടെ അവകാശത്തിനായി നടക്കുന്ന പോരാട്ടമാണ് ഇന്ന് ലോകം വളരെയധികം വേവലാതിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് അടിസ്ഥാന കാരണം. ബൈബിള്‍ കാലം മുതലുള്ള തങ്ങളുടെ വാഗ്ദത്ത ഭൂമിയിന്മേലുള്ള അവകാശം യഹൂദര്‍ ഉറപ്പിക്കുമ്പോള്‍ പലസ്തീന്‍ എന്ന രാജ്യസ്ഥാപനത്തിനായി അറബികള്‍ പട പൊരുതുന്നു. തല്‍ഫലമായി അനേകായിരങ്ങള്‍, പിഞ്ചുകുഞ്ഞുങ്ങള്‍ വരെ ഈ അവകാശ തര്‍ക്കത്തില്‍ പിടഞ്ഞു വീണു മരിക്കുന്നു. എഴുപതുകളിലെല്ലാം മധ്യപൗരസ്ത്യദേശങ്ങളില്‍ ഭീകരപ്രവര്‍ത്തനം അത്യധികം ശക്തി പ്രാപിച്ചു. അതിന് രാജ്യാന്തര സാന്നിധ്യവും വന്നു. 1972 ല്‍ ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വെച്ച് നടന്ന ഒളിംപിക്‌സ് വേദിയില്‍ നിന്ന് ഇസ്രയേലിന്റെ സംഘത്തിലെ 11 അംഗങ്ങളെ പലസ്തീന്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു.

എന്നാല്‍ അന്നെല്ലാം ഭീകര പ്രവര്‍ത്തനം, പലസ്തീന്‍ വിമോചന സംഘടനകളും ഇസ്രായേലിന്റെ രഹസ്യാന്വേഷണ സംഘടന (വൈദേശിക രംഗത്ത് പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ സംഘടനകളുടെ പ്രധാന കര്‍ത്തവ്യങ്ങളില്‍ ഒന്ന് ശത്രുസങ്കേതങ്ങളില്‍ വിഘടനവും സംഘര്‍ഷവും വളര്‍ത്തുക എന്നതാണ്) മൊസാദും നടത്തുന്ന വധശ്രമങ്ങളിലും സ്‌ഫോടനങ്ങളിലും ഒതുങ്ങിയിരുന്നു. 1979 ല്‍ ആണ് ഭീകരവാദം സാര്‍വ്വദേശസാല്‍ക്കരിക്കപ്പെട്ടത്. ആ വര്‍ഷം മാര്‍ച്ചില്‍ അഫ്ഗാനിസ്ഥാനില്‍ ഏകാധിപത്യ ഭരണത്തെ കടപുഴക്കി ജനകീയ ജനാധിപത്യ പാര്‍ട്ടി അധികാരത്തില്‍ വന്നു. ഇടതുപക്ഷ ആശയങ്ങള്‍ പിന്തുടര്‍ന്ന ആ ഗവണ്‍മെന്റ് സ്വാഭാവികമായും സോവിയറ്റ് റഷ്യയുടെ ബന്ധുവും അത്രയും തന്നെ സ്വാഭാവികമായും അമേരിക്കന്‍ ഐക്യനാടുകളുടെ കണ്ണിലെ കരടായും മാറി. ലോകത്ത് എവിടെ തുല്യ സാമ്പത്തിക സാമൂഹ്യ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന രാഷ്ട്രീയം അധികാരത്തിലെത്തിയാലും അത് അമേരിക്കയുടെ ഉറക്കം കെടുത്താറുണ്ട്.

സാമ്പത്തികമായി മാര്‍ക്‌സിസം അംഗീകരിച്ച അഫ്ഘാന്‍ സര്‍ക്കാര്‍ മതനിരപേക്ഷത എന്ന മൃദു സമീപനത്തിന് പകരം മത നിരാസം എന്ന തീവ്ര നിലപാടാണ് സ്വീകരിച്ചത്. ദൈവവിശ്വാസത്തെയും മതവിശ്വാസാനുഷ്ടാനങ്ങളെയും നിരുത്സാഹപ്പെടുത്തുന്ന ഭരണകൂടമായിരുന്നു അഫ്ഘാന്‍ ഭരണാധികാരി ഹഫീസുള്ള അമീന്റേത്. സ്ത്രീകള്‍ക്ക് ശക്തമായ സാമൂഹ്യ പരിരക്ഷ ഉറപ്പാക്കിയ ഭരണം നിര്‍ബന്ധിത വിവാഹം അവസാനിപ്പിച്ചു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസാവകാശവും വോട്ടവകാശവും പുനഃസ്ഥാപിക്കുകയും രാഷ്ട്രീയ പ്രവേശനം സാധ്യമാക്കുകയും ചെയ്തു. അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കി. ചാഡോര്‍, ഹിജാബ്, നിഖാബ്, ബുര്‍ഖ, പര്‍ദ്ദ എന്നിവ നിരോധിക്കപ്പെട്ടു. അതോടൊപ്പം പുരുഷന്മാര്‍ താടി വെക്കുന്നത് നിരോധിക്കുകയും ചെയ്തു. പള്ളികള്‍ നിലനിര്‍ത്തിയെങ്കിലും അവയുടെ അധികാരാതിര്‍ത്തികള്‍ പള്ളിയുടെ നാല് ചുമരിനപ്പുറം വളരാന്‍ അനുവദിച്ചില്ല.

ഇത് അമേരിക്ക ഒരു അവസരമായി കണ്ടു. വിശ്വാസങ്ങള്‍ക്കെതിരെ, ആചാരങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റം എന്ന് പറഞ്ഞ് ആളുകളെ ഇളക്കിവിടുന്നത് അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ കലാപമുയര്‍ത്താനുള്ള ഏറ്റവും എളുതായ മാര്‍ഗ്ഗമാണ്; അധികാരം പിടിക്കാനും. സിറിയയിലും ജോര്‍ദാനിലുമൊക്കെയുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായ യുവാക്കളെ തിരഞ്ഞെടുത്ത് മതവിശ്വാസം സംരക്ഷിക്കാനുള്ള പ്രതിജ്ഞ ചൊല്ലിച്ചുറപ്പിച്ച് കനത്ത പണം പോക്കറ്റിലിട്ടുകൊടുത്ത് വിമാനത്തില്‍ കയറ്റി പാകിസ്ഥാനില്‍ ഇറക്കുന്നു. ഇവിടെയാണ് അവരെ ആയുധ വിദ്യയിലും സ്‌ഫോടനവിദ്യയിലും പരിശീലിപ്പിക്കുന്നത്. പാകിസ്ഥാനിലെ മതമൗലികവാദികളുടെ ഒരു മസ്തിഷ്‌ക പ്രക്ഷാളനവും കൂടി കഴിഞ്ഞ് അഫ്ഘാനിലേയ്ക്ക് അവരെ കടത്തിവിട്ടു. പാക്കിസ്ഥാന്‍ അന്നുമുതല്‍ തന്നെ ഭീകരരുടെ പരിശീലന കളരിയാണ്.

അതുപോലെ മറ്റ് രാജ്യങ്ങളിലെയും കടുത്ത മൗലികവാദികളുടെ ജീവചരിത്രം പരിശോധിച്ച്, ഏത് ക്രൂരകൃത്യവും സന്തോഷത്തോടെ ആസ്വദിച്ച് ചെയ്യുന്നവരെ കണ്ടെത്തി അവര്‍ക്കും മില്യണ്‍ കണക്കിന് ഡോളര്‍ നല്‍കി വശത്താക്കി മതപ്രബോധനത്തിനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുമായി അഫ്ഗാനില്‍ അയച്ചു. അങ്ങനെ എത്തിയവരാണ് ഒസാമ ബിന്‍ ലാദനും അബൂബക്കര്‍ അല്‍ ബാഗ്ദാദിയുമൊക്കെ. പാക്കിസ്ഥാന്‍-പഞ്ചാബിലെ ദരിദ്രനായ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്റെ മകന്‍ മസൂദ് അസ്ഹര്‍ തീരെ ചെറുപ്രായത്തിലാണ് അഫ്ഗാനില്‍ വിദ്ധ്വംസകപ്രവര്‍ത്തനത്തിന് എത്തിപ്പെട്ടത്; ഇരുപത് വയസ്സായിട്ടില്ല. ഇന്നയാള്‍ ഇന്ത്യയെ നിരന്തരം വെല്ലുവിളിക്കുന്ന ജെയ്ഷ് ഇ മുഹമ്മദിന്റെ സ്ഥാപക നേതാവാണ്.

അഫ്ഗാനിസ്ഥാനില്‍ തീവ്രവാദം നല്ലപോലെ വിജയം കണ്ട്, അധികാരം താലിബാനിലേയ്ക്ക് പകര്‍ന്നപ്പോള്‍ തങ്ങള്‍ കെട്ടിപ്പടുത്ത ഭീകര സന്നാഹത്തിന് അവിടെ പ്രസക്തിയില്ലെന്ന് അണിയറക്കാര്‍ കണ്ടു. അത് റഷ്യയിലെ ചെച്‌നിയയിലേയ്ക്ക് പടര്‍ത്താനുള്ള ശ്രമമായി പിന്നീട്. അതിനിടയില്‍ ഇറാഖ് കുവൈറ്റ് തര്‍ക്കം വന്നു. അമേരിക്കന്‍ സഖ്യവും ഇറാഖും തമ്മില്‍ യുദ്ധം തുടങ്ങി. ഇറാഖിലെ, ഇറാനിലെ, സിറിയയിലെ എല്ലാം എണ്ണപ്പാടങ്ങള്‍. അവയ്ക്ക് മുകളിലായി ലോക മുതലാളിത്തത്തിന്റെ കണ്ണ്. അത് സ്വന്തമാക്കണമെങ്കില്‍ അവിടങ്ങളിലെ ശക്തമായ സര്‍ക്കാറുകള്‍ അസ്തമിക്കണം. ഭീകരവാദം ഒരു നല്ല വഴിയാണ്. ഒസാമ ബിന്‍ ലാദനെയും അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും എല്ലാം കയറഴിച്ച് വിട്ടു. അവര്‍ ഭീകരവാദത്തിന്റെ വിത്ത് ലോകം മുഴുവന്‍ വിതച്ചു.

മതഭീകരവാദം വളരുന്നതിന് മുന്‍പ് ഭരണകൂട ഭീകരത വളര്‍ന്നിരുന്നു. എന്നാല്‍ അതിന് സ്ഥായിയായ നിലനില്‍പ്പോ ജനഹൃദയങ്ങളിലേക്കുള്ള ഗാഢമായ വേരോട്ടമോ ഉണ്ടായിരുന്നില്ല. മുസ്സോളിനിയുടെയും സ്റ്റാലിന്റെയും പോള്‍പോര്‍ട്ടിന്റെയും കഥ അതാണ് പറയുന്നത്. എന്നാല്‍ ഹിറ്റ്‌ലറിന്റേത് ആര്യന്‍ വംശീയത കള്‍ട്ട് കൂടിയുള്ളത് കൊണ്ടാവും അല്‍പം ഇന്ത്യന്‍ സവര്‍ണ്ണര്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധകര്‍ ആയി തുടരുന്നത്. ആ വര്‍ഗ്ഗീയ ഭരണ വ്യവസ്ഥിതി ഇവിടെ ആഗ്രഹിക്കുന്നവര്‍ ഉള്ളത്. ഒരു പൊടിക്ക് നമ്മള്‍, ആര്യന്മാര്‍, അദ്ദേഹത്തിന്റെ ആളുകള്‍ ആണല്ലോ.

ഇത്തരം വംശ-മത ചിന്തകളുടെ അധിനിവേശത്തിലേക്കാണ് ഹമീദ് ചേന്ദമംഗലൂര്‍ വിരല്‍ ചൂണ്ടുന്നത്. സംശയമില്ല, താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മതത്തെയും രാഷ്ട്രീയപരമായി ആയുധമാക്കാനാണ് പലരുടെയും ശ്രമം. ജാതിയില്ലെങ്കില്‍ രാഷ്ട്രീയവും അധികാരവും നേടാനാവില്ല എന്ന നിലയിലേക്ക് രാജ്യം അധഃപതിച്ചിരിക്കുന്നു. മത തീവ്രവാദികളും ഇതിന്റെ ഉല്‍പ്പന്നമാണ്. അതിന് സമഭാവന മാത്രമാണ് ചികിത്സ. എന്നാല്‍ പുറത്തുനിന്നൊരാള്‍ ഭീകരതയുമായി വന്നാല്‍ മറുകരണമല്ല കാണിക്കേണ്ടത്. ഇംഗ്ലീഷില്‍ റീട്രിബ്യുട്ടീവ് എന്ന് പറയുന്ന കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന നീതിയാണ് നടത്തേണ്ടത്. താടിയുള്ളപ്പനെ നല്ല പേടി വരും. മരണത്തിന്റെ വ്യാപാരികള്‍ക്ക് മുടക്കുമുതല്‍ ലാഭവീതം സഹിതം നല്‍കണം. അല്ലെങ്കില്‍ ഒ വി വിജയന്റെ ധര്‍മ്മപുരാണത്തിലെ ചില വരികള്‍ ശരിയാണെന്ന് വിശ്വസിക്കേണ്ടിവരും.

Categories: FK Special, Slider