ഐപിഒക്ക് തയാറെടുക്കുന്ന യുബറിന് മോശം കാലം തന്നെ

ഐപിഒക്ക് തയാറെടുക്കുന്ന യുബറിന് മോശം കാലം തന്നെ

നാലാംപാദത്തില്‍ ഉണ്ടായത് കേവലം 2 ശതമാനത്തിന്റെ വളര്‍ച്ച

സാന്‍ഫ്രാന്‍സിസ്‌കോ: പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്ന യൂബറിന് സ്ഥിതിഗതികള്‍ വിഷമകരം തന്നെ. ടാക്‌സി സര്‍വ്വീസ്, ഫുഡ് ഡെലിവറി ബിസിനസ് രംഗങ്ങളില്‍ നിന്നുമായി 50 ബില്യണ്‍ ഡോളറിന്റെ ഇടപാട് മൂല്യമാണ് കഴിഞ്ഞ വര്‍ഷം യൂബറില്‍ റിപ്പോര്‍ട്ട് ചെയ്തത്. നാലാംപാദത്തില്‍ കേവലം 2 ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണ് ഉണ്ടായതെന്ന് കമ്പനിയുടെ വളര്‍ച്ചാ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. മത്സരാത്മക വിപണിയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ യൂബറിന് ഇനിയും വലിയ തോതിലുള്ള ഇളവുകള്‍ നല്‍കേണ്ടി വരുമെന്ന് സാരം. കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് ഇത് ഏറെ പ്രതിസന്ധി സൃഷ്ടിക്കും.

2018ല്‍ യൂബറിന്റെ ഒരു വര്‍ഷത്തെ പൂര്‍ണ്ണ വരുമാനം 11.3 ബില്യണ്‍ ഡോളറായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 43 ശതമാനം അധികമാണിത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കമ്പനിക്ക് സംഭവിച്ച നഷ്ടവും കുറഞ്ഞിട്ടുണ്ട്. നികുതി, ഇളവുകള്‍, മറ്റ് ചിലവുകള്‍ എന്നിവ ഒഴിച്ച് 1.8 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കമ്പനിക്ക് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. മുന്‍ വര്‍ഷം ഇത് 2.2 ബില്യണ്‍ ഡോളറായിരുന്നു.

വാര്‍ഷിക ഇടപാട് മൂല്യത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 45 ശതമാനത്തിന്റെ വര്‍ധനവ് ഈ വര്‍ഷം ഉണ്ടായി എന്നതിന് ഊന്നല്‍ നല്‍കിയാണ് യൂബര്‍ വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. നാലാംപാദത്തിലെ വളര്‍ച്ചയുടെ മെല്ലെപ്പോക്കും ഒരു വര്‍ഷത്തെ മുഴുവന്‍ വരുമാനം സംബന്ധിച്ച കണക്കുകളും ശ്രദ്ധിക്കപ്പെടാതിരിക്കുക എന്ന തന്ത്രമാണ് ഇതിന് പിന്നില്‍. നിക്ഷേപകരടക്കമുള്ളവരിലേക്ക് പോകുന്ന കണക്കുകള്‍ ആയതിനാല്‍ മുമ്പ് പലതവണ ഈ തന്ത്രം യൂബര്‍ പയറ്റിയിട്ടുണ്ട്. നിക്ഷേപകര്‍ക്ക് ബിസിനസിന്റെ വളര്‍ച്ചാഗതി മനസിലാക്കുന്നതിന് ഒരു വര്‍ഷത്തെ വളര്‍ച്ച സംബന്ധിച്ച പൂര്‍ണ്ണമായ കണക്കുകള്‍ ആവശ്യമാണ്.

നിക്ഷേപകരുടെ വിശ്വാസം നേടാന്‍

പൊതുവിപണിയില്‍ ഓഹരികള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ പ്രഥമ ഓഹരി വില്‍പ്പനയ്ക്കുള്ള അപേക്ഷ യൂബര്‍ സമര്‍പ്പിച്ചിരുന്നു. ഈ വര്‍ഷം രണ്ടാംപാദത്തോടെ പ്രഥമ ഓഹരി വില്‍പ്പന നടത്താന്‍ കമ്പനിക്ക് സാധിച്ചേക്കും. ടാക്‌സി സര്‍വ്വീസ് വിഭാഗത്തില്‍ ആദ്യമായി ഐപിഒ നടത്തുന്ന കമ്പനി എന്ന നേട്ടത്തിനായി എതിരാളിയായ ലിഫ്റ്റുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് യൂബര്‍ നടത്തുന്നത്.

നാലാംപാദത്തിലെ ആകെ വരുമാനത്തില്‍ പുതിയ റെക്കോഡാണ് കമ്പനി നേടിയിരിക്കുന്നതെന്ന് യൂബര്‍ അവകാശപ്പെടുന്നു. മുന്‍ പാദത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള ഇടപാട് മൂല്യം 11 ശതമാനം ഉയര്‍ന്ന് 14.2 ബില്യണ്‍ ഡോളറായി. ഇതില്‍ ഡ്രൈവര്‍മാര്‍ക്കുള്ള കമ്മീഷന്‍ തുക കഴിച്ച് നാലാംപാദത്തില്‍ 3 ബില്യണ്‍ ഡോളറിന്റെ ലാഭമാണ് യൂബര്‍ നേടിയത്. മൂന്നാം പാദത്തേക്കാളും 2 ശതമാനവും മുന്‍ വര്‍ഷത്തേക്കാള്‍ 24 ശതമാനവും അധികമാണിത്.

യൂബറിന്റെ ഫുഡ് ഡെലിവറി സര്‍വ്വീസായ യൂബര്‍ ഈറ്റ്‌സ് 2.5 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് ഓരോ പാദത്തിലും കമ്പനിക്ക് ഉണ്ടാക്കിക്കൊടുക്കുന്നത്. ചൈനയ്ക്ക് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ ഫുഡ് ഡെലിവറി ബിസിനസാണ് യൂബര്‍ ഈറ്റ്‌സ്. എന്നാല്‍ വലിയ നഷ്ടങ്ങള്‍ക്കിടയിലും ഓഹരി വിപണിയിലും വളര്‍ച്ച പാതയിലും ബിസിനസ് വൈവിധ്യത്തിലും തങ്ങള്‍ക്കുള്ള ആധിപത്യം എടുത്തുകാട്ടി നിക്ഷേപകരെ ആകര്‍ഷിക്കുക എന്നത് ഈ ഘട്ടത്തില്‍ യൂബറിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

നിരക്കുകളെ വരുതിയില്‍ നിര്‍ത്തിക്കൊണ്ട് പണം ഉണ്ടാക്കാന്‍ കഴിയുമെന്ന് നിക്ഷേപകര്‍ക്ക് മുമ്പില്‍ തെളിയിക്കാന്‍ യൂബറിന് സാധിക്കണം. ഡ്രൈവര്‍മാര്‍, ഉപഭോക്താക്കള്‍, രാഷ്ട്രീയക്കാര്‍ എന്നിവരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും സ്ഥായിയായ ലാഭം ഉണ്ടാക്കാന്‍ സാധിക്കുന്ന, തകര്‍ക്കാന്‍ സാധിക്കാത്ത ബിസിനസ് മാതൃകയാണ് തങ്ങളുടേതെന്ന് യൂബര്‍ തെളിയിക്കണം.

സമ്മര്‍ദ്ദം തീര്‍ത്ത് എതിരാളികള്‍

ആഗോളതലത്തില്‍ ടാക്‌സി സര്‍വ്വീസ് രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മത്സരമാണ് യൂബറിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇന്ത്യയില്‍ ഒല, ലാറ്റിനമേരിക്കയില്‍ ദിദി ചുക്‌സിങ്, പശ്ചിമേഷ്യയില്‍ കരീം എന്നിവരില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് നിരക്കുകളില്‍ വന്‍ ഇളവ് വരുത്തുക, ഡ്രൈവര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കുക, മാര്‍ക്കറ്റിംഗിനും നിയമനങ്ങള്‍ക്കുമായി വന്‍തുക ചിലവഴിക്കുക പോലുള്ള കമ്പനിയെ നഷ്ടത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാന്‍ യൂബറിനെ പ്രേരിപ്പിക്കുന്നത്. പശ്ചിമേഷ്യയില്‍ കരീമുമായി ലയനസാധ്യതാ ചര്‍ച്ചകള്‍ യൂബര്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഒരു ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല.

ഫുഡ് ഡെലിവറി ബിസിനസ് രംഗത്തുള്ള കടുത്ത മത്സരം യൂബര്‍ ഈറ്റ്‌സിനും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ദൂര്‍ദര്‍ശ്, പോസ്റ്റ്‌മെയ്റ്റ്‌സ്, സ്വിഗ്ഗി പോലുള്ള ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പുകള്‍ക്കെതിരെ പൊരുതി പിടിച്ചുനില്‍ക്കാനായി വിലക്കിഴിവെന്ന തന്ത്രമിറക്കി നഷ്ടം വരിക്കുകയാണ് യൂബര്‍ ഈറ്റ്‌സും.

എന്നാല്‍ സമീപഭാവിയില്‍ ലാഭം ഉണ്ടാക്കില്ലെങ്കില്‍ കൂടിയും യൂബര്‍ ഈറ്റ്‌സ്, ഡ്രൈവറില്ലാ കാര്‍ വികസന പദ്ധതി പോലുള്ള ചിലവേറിയ മേഖലകളിലുള്ള നിക്ഷേപം കുറയ്ക്കാന്‍ യൂബറിന് പദ്ധതിയില്ല.

നികുതി, ഇളവുകള്‍, പലിശ എന്നിവ ഒഴിച്ചുനിര്‍ത്തിയാല്‍ നാലാംപാദത്തില്‍ യൂബറിന്റെ നഷ്ടം 940 മില്യണ്‍ രൂപയായി ഉയര്‍ന്നിരുന്നു. മുന്‍പാദത്തെ അപേക്ഷിച്ച് 43 ശതമാനവും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനവും അധികമാണിത്. നാലാംപാദത്തിലെ ഈ വന്‍നഷ്ടം വരാനിരിക്കുന്ന വളര്‍ച്ചയെ മുന്‍നിര്‍ത്തി നിക്ഷേപകര്‍ മറക്കുമെന്ന പ്രതീക്ഷയിലാണ് യൂബര്‍. അതേസമയം ലോകത്തില്‍ ആളുകള്‍ ഗതാഗതത്തിനായി ചിലവഴിക്കുന്ന തുകയുടെ ചെറിയൊരു ശതമാനം യൂബര്‍ ബിസിനസ് നേടാന്‍ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. ലോകജനത യാത്രാകാഴ്ചപ്പാടുകളില്‍ നിര്‍ണ്ണായക സ്വധീനമാകാന്‍ യൂബറിന് സാധിച്ചു. ദീര്‍ഘകാല വിജയം കണക്കിലെടുക്കുമ്പോള്‍ ഇക്കാര്യം വളരെ പ്രധാനപ്പെട്ടതാണ്.

Categories: Business & Economy
Tags: Uber