പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിക്ക് 200 % കസ്റ്റംസ് നികുതി

പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിക്ക് 200 % കസ്റ്റംസ് നികുതി

ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 381 മില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയത്

ന്യൂഡെല്‍ഹി: പുല്‍വാര ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരേ ശക്തമായ വ്യാപാര നടപടികള്‍ ഇന്ത്യ കൈക്കൊള്ളുകയാണ്. അയല്‍ രാജ്യം എന്ന നിലയില്‍ 1996ല്‍ പാക്കിസ്ഥാന് നല്‍കിയ ‘വ്യാപാരത്തില്‍ ഏറ്റവും പരിഗണന നല്‍കുന്ന രാഷ്ട്രം’ എന്ന പദവി ആക്രമണം നടന്നതിനു പിന്നാല ഇന്ത്യ എടുത്തുമാറ്റിയിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ്. അടിയന്തര പ്രാധാന്യത്തോടെ ഉടനടി ഈ ഉത്തരവ് നടപ്പാക്കുകയാണെന്ന് ധനനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.

പുല്‍വാനയിലെ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാനില്‍ ഉല്‍പ്പാദിപ്പിക്കുന്നതോ പാക്കിസ്ഥാന്‍ വഴി കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഇത്തരത്തില്‍ തീരുവ ചുമത്തേണ്ട അടിയന്തിര സാഹചര്യം സൃഷ്ടിക്കപ്പെട്ടെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. പാക്കിസ്ഥാന്റെ കയറ്റുമതി വരുമാനത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നതാണ് നടപടി.
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 381 മില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ ഇത് 489 മില്യണ്‍ ഡോളറായിരുന്നു. പഴങ്ങള്‍, ലെതര്‍ ഉല്‍പ്പന്നങ്ങള്‍, കടല വര്‍ഗങ്ങള്‍, മിനറല്‍ ഓയില്‍, സിമന്റ് തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.

കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ചുമത്തിയിട്ടുള്ള ശരാശരി 113.5 ശതമാനം തീരുവയ്ക്കും കാര്‍ഷികേതര ഉല്‍പ്പന്നങ്ങള്‍ക്കു ചുമത്തിയിട്ടുള്ള 34.6ശതമാനം തീരുവയ്ക്കും ഏറെ ഉയരേയാണ് പാക്കിസ്ഥാന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള പുതിയ നികുതി. പ്രത്യേക പരിഗണനയുള്ള രാഷ്ടങ്ങളില്‍ നിന്നുള്ള കാര്‍ഷിക കയറ്റുമതിക്ക് 32.8 ശതമാനവും കാര്‍ഷികേതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് 10.7 ശതമാനവുമാണ് തീരുവ ചുമത്തുന്നത്.

ആഭ്യന്തര വിദേശ വ്യാപാര ആക്റ്റ് പ്രകാരമാണ് ഇന്ത്യയുടെ നടപടി. ഒരു രാജ്യം സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി എടുക്കുന്ന വ്യാപാര നടപടികള്‍ക്ക് ആഗോള വ്യാപാര മാനദണ്ഡങ്ങള്‍ പ്രകാരം വിശദീകരണം നല്‍കേണ്ടതില്ലെന്നും വിവരങ്ങള്‍ കൈമാറേണ്ടതില്ലെന്നും ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: FK News