ഇന്ത്യ ചൈന അതിര്‍ത്തിയില്‍ മൊബീല്‍ ടവറുകള്‍ വേണോ

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ മൊബീല്‍ ടവറുകള്‍ വേണോ

നിലവില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഒരു മൊബീല്‍ ടവര്‍ പോലും ഇല്ല

ഗുവാഹട്ടി: അതി വൈകാരിക മേഖലയായ അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ മൊബീല്‍ ടവര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള സര്‍വ്വെ ബിഎസ്എന്‍എല്‍ ആരംഭിച്ചു. മേഖലയിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടവറുകള്‍ സ്ഥാപിക്കുന്നത്.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ടവര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ അനുമതി ലഭിച്ചതായി ബിഎസ്എന്‍എല്‍ അസം മേഖല ചീഫ് ജനറല്‍ മാനേജര്‍ സന്ദീപ് ഗോവില്‍ അറിയിച്ചു. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ 2,000 ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നും ഗോവില്‍ കൂട്ടിച്ചേര്‍ത്തു.

മോശം ഭൂപ്രകൃതി, ചിതറിക്കിടക്കുന്ന ജനവാസമേഖല, കലാപങ്ങള്‍ അടക്കം വിവിധ കാരണങ്ങള്‍ കൊണ്ട് ഈ മേഖലയില്‍ നിലവില്‍ ഒരു മൊബീല്‍ ടവര്‍ പോലും ഇല്ല. മേഖലയിലെ വിവിധയിടങ്ങളില്‍ പലതവണ ചൈനീസ് സൈന്യം നുഴഞ്ഞുകയറ്റം നടത്തിയിട്ടുണ്ട്. കണക്ടിവിറ്റി പ്രശ്‌നം മൂലം ഇവിടെ കര്‍ശനമായ നിരീക്ഷണം നടത്താന്‍ ഇന്‍ഡോ ടിബറ്റന്‍ അതിര്‍ത്തി രക്ഷാസേന അടക്കമുള്ള സുരക്ഷാവിഭാഗത്തിന് വലിയ ബുദ്ധിമുട്ടുകളാണുള്ളത്. അതിനാല്‍ തന്നെ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി മൊബീല്‍ ടവര്‍ സ്ഥാപിക്കണമെന്നത് മേഖലയിലെ സൈനികരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്.

വടക്ക്-കിഴക്കന്‍ മേഖലയിലെ 5,182 കി.മീ ദൈര്‍ഘ്യത്തിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയുടെ 10.കി.മീ ചുറ്റളവില്‍ ആകെ 1,511 മൊബീല്‍ ടവറുകളാണ് ഉള്ളതെങ്കിലും അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയുടെ 10.കി.മീ ചുറ്റളവില്‍ ഒരു മൊബീല്‍ ടവര്‍ പോലും ഇല്ലെന്ന് ടെലികോം മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര അതിര്‍ത്തിയിലെ ആകെ ടവറുകളില്‍ 1,373 എണ്ണം ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലും 48 എണ്ണം ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയിലും 90 എണ്ണം ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയിലുമാണ്.

Comments

comments

Categories: FK News