ഫോഡ് ആസ്പയര്‍ സിഎന്‍ജി പുറത്തിറക്കി

ഫോഡ് ആസ്പയര്‍ സിഎന്‍ജി പുറത്തിറക്കി

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ കൂടെയാണ് സിഎന്‍ജി കിറ്റ് നല്‍കുന്നത്

ന്യൂഡെല്‍ഹി : ഫോഡ് ആസ്പയര്‍ സിഎന്‍ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആംബിയന്റ്, ട്രെന്‍ഡ് പ്ലസ് എന്നീ രണ്ട് സിഎന്‍ജി വേരിയന്റുകളില്‍ സെഡാന്‍ ലഭിക്കും. യഥാക്രമം 6.27 ലക്ഷം രൂപ, 7.12 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഫേസ്‌ലിഫ്റ്റ് ചെയ്ത ഫോഡ് ആസ്പയര്‍ കഴിഞ്ഞ ഒക്‌റ്റോബറിലാണ് വിപണിയിലെത്തിച്ചത്.

95 ബിഎച്ച്പി കരുത്തും 120 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായാണ് സിഎന്‍ജി കിറ്റ് ചേര്‍ത്തിരിക്കുന്നത്. സെഗ്‌മെന്റില്‍ ഇതാദ്യമായി സസ്‌പെന്‍ഷന്‍ ആകൃതിയിലുള്ള സിഎന്‍ജി സിലിണ്ടര്‍ നല്‍കിയതിനാല്‍ കാര്‍ഗോ സൂക്ഷിക്കുന്നതിന് കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കും. ഒരോ കിലോമീറ്ററിനും 46 പൈസ മാത്രമാണ് ആസ്പയര്‍ സിഎന്‍ജി പതിപ്പിന്റെ പരിപാലന ചെലവ് എന്ന് ഫോഡ് ഇന്ത്യ മാര്‍ക്കറ്റിംഗ്, സെയില്‍സ്, സര്‍വീസ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ വിനയ് റെയ്‌ന പറഞ്ഞു.

പ്രകടനം, സുരക്ഷ, സ്ഥലസൗകര്യം എന്നീ കാര്യങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത പുതിയ ആസ്പയര്‍ സിഎന്‍ജി ഉപയോക്താക്കള്‍ക്ക് വലിയ മനസ്സമാധാനം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ആസ്പയര്‍ സിഎന്‍ജി പതിപ്പിന് രണ്ട് വര്‍ഷ/ ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റി ഫോഡ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ അല്ലെങ്കില്‍ 20,000 കിലോമീറ്റര്‍ ഇടവേളകളില്‍ സിഎന്‍ജി കിറ്റ് സര്‍വീസ് ചെയ്യേണ്ടതായി വരും.

എംബെഡ്ഡഡ് സാറ്റലൈറ്റ് നാവിഗേഷന്‍, 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റിയര്‍ വ്യൂ കാമറ, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ വിന്‍ഡോകള്‍, ഡ്രൈവര്‍ & ഫ്രണ്ട് പാസഞ്ചര്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നീ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡ് പെട്രോള്‍ വേരിയന്റില്‍ ഉള്ളതുപോലെ സിഎന്‍ജി പതിപ്പിലും നല്‍കി.

Comments

comments

Categories: Auto