റിവിയനില്‍ 700 മില്യണ്‍ ഡോളറിന്റെ പുതു നിക്ഷേപം; ആമസോണ്‍ മുമ്പന്‍

റിവിയനില്‍ 700 മില്യണ്‍ ഡോളറിന്റെ പുതു നിക്ഷേപം; ആമസോണ്‍ മുമ്പന്‍

ഡെലിവറി വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് റിവിയന്‍ സഹായിക്കുമെന്നാണ് ആമസോണ്‍ പ്രതീക്ഷിക്കുന്നത്

സിയാറ്റല്‍ : യുഎസ് ഇലക്ട്രിക് പിക്ക്അപ്പ് ട്രക്ക് സ്റ്റാര്‍ട്ടപ്പായ റിവിയന്‍ ഓട്ടോമോട്ടീവ് പുതിയ ഫണ്ടിംഗ് മഹാമഹം നടത്തി. ഇത്തവണത്തെ ഫണ്ടിംഗ് റൗണ്ടില്‍ ആകെ 700 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം സ്വീകരിക്കാന്‍ മിഷിഗണിലെ പ്ലിമൗത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് സാധിച്ചു. 700 മില്യണ്‍ ഡോളറില്‍ ഭൂരിപക്ഷ നിക്ഷേപം നടത്തിയിരിക്കുന്നത് ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഡോട്ട് കോമാണ്. ഇപ്പോഴത്തെ ഫണ്ടിംഗ് വേളയില്‍ നിലവിലെ ചില ഓഹരിയുടമകളും പങ്കെടുത്തതായി റിവിയന്‍ അറിയിച്ചു.

ഡെലിവറി വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് റിവിയന്‍ തങ്ങളെ സഹായിക്കുമെന്നാണ് ആമസോണ്‍ പ്രതീക്ഷിക്കുന്നത്. നിക്ഷേപം നടത്തുന്നതിന് താല്‍പ്പര്യമറിയിച്ച് ആമസോണ്‍ സിഇഒ ജെഫ് ബെസോസ് നേരത്തെ റിവിയന്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആര്‍ജെ സ്‌കറിഞ്ചിനെ കണ്ടിരുന്നു. ഉല്‍പ്പന്ന വിതരണം വേഗത്തിലാക്കാന്‍ സഹായിക്കുന്ന കരാറുകളാണ് ആമസോണ്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.

പ്രശസ്ത അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ എതിരാളിയാണ് റിവിയന്‍. ആര്‍1ടി ഇലക്ട്രിക് പിക്ക്അപ്പ്, ആര്‍1എസ് എസ്‌യുവി എന്നീ മോഡലുകള്‍ കഴിഞ്ഞ നവംബറില്‍ നടന്ന ലോസ് ആഞ്ജലസ് ഓട്ടോ ഷോയില്‍ റിവിയന്‍ അനാവരണം ചെയ്തിരുന്നു. 2020 അവസാനത്തോടെ ആര്‍1ടി ഇലക്ട്രിക് പിക്ക്അപ്പിന്റെ വില്‍പ്പന ആരംഭിക്കാനാണ് റിവിയന്‍ ആലോചിക്കുന്നത്. പ്ലിമൗത്ത് കൂടാതെ, കാലിഫോര്‍ണിയയിലെ സാന്‍ ഹോസേ, ഇര്‍വിന്‍, ഇല്ലിനോയിയിലെ നോര്‍മല്‍, ഇംഗ്ലണ്ടിലെ സറേ എന്നിവിടങ്ങളില്‍ റിവിയന് നിര്‍മ്മാണശാലകളുണ്ട്.

സെല്‍ഫ് ഡ്രൈവിംഗ് കാര്‍ സ്റ്റാര്‍ട്ടപ്പായ അറോറ ഇന്നൊവേഷനില്‍ ആമസോണ്‍ കഴിഞ്ഞയാഴ്ച്ച 530 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. ആമസോണ്‍ കൂടാതെ, ജനറല്‍ മോട്ടോഴ്‌സ് കമ്പനിയും റിവിയനില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ്.

Comments

comments

Categories: Auto