ഇക്കോസ്‌പോര്‍ട് വേരിയന്റുകളില്‍ പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍

ഇക്കോസ്‌പോര്‍ട് വേരിയന്റുകളില്‍ പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍

എസ് എന്ന ടോപ് വേരിയന്റ് ഉപയോഗിക്കുന്ന അതേ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് വേരിയന്റുകള്‍ക്കായി കടമെടുത്തു

ന്യൂഡെല്‍ഹി : ഫോഡ് ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് വേരിയന്റുകളില്‍ പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കി. നിശ്ശബ്ദമായാണ് രണ്ട് വേരിയന്റുകളും അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഫോഡ് ഇന്ത്യ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയതൊഴിച്ചാല്‍, ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ രണ്ട് വേരിയന്റുകളിലും മറ്റ് മാറ്റങ്ങളില്ല. വിലയിലും മാറ്റമില്ല.

എസ് എന്ന ടോപ് വേരിയന്റ് ഉപയോഗിക്കുന്ന അതേ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് വേരിയന്റുകള്‍ക്കായി കടമെടുത്തിരിക്കുകയാണ്. കൂടുതല്‍ പ്രീമിയം ലുക്കിംഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍ എന്നിവയുടെ ചുറ്റിലും ക്രോം ഔട്ട്‌ലൈന്‍ അഥവാ ക്രോം റിംഗ് നല്‍കിയിരിക്കുന്നു. 4.2 ഇഞ്ച് എംഐഡി (മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ) യൂണിറ്റും കാണാം. കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലെ പ്രധാനപ്പെട്ട മോഡലാണ് ഫോഡ് ഇക്കോസ്‌പോര്‍ട്. മഹീന്ദ്ര എക്‌സ്‌യുവി 300 ഈ സെഗ്‌മെന്റിലെ പുതിയ താരമാണ്.

ക്രോം ഗ്രില്‍, സാറ്റിന്‍ അലുമിനിയം റൂഫ് റെയിലുകള്‍, പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, തുകല്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍ & ഗിയര്‍ നോബ്, പ്രീമിയം ഫാബ്രിക് സീറ്റുകള്‍, 60/40 സ്പ്ലിറ്റ് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയവ ടൈറ്റാനിയം വേരിയന്റ് സംബന്ധിച്ച സവിശേഷതകളാണ്.

പ്രീമിയം ലെതര്‍ ഇന്റീരിയര്‍, കാര്‍ഗോ ഏരിയ മാനേജ്‌മെന്റ് സിസ്റ്റം-ഫഌറ്റ് ബെഡ് സീറ്റുകള്‍, ഗ്ലൗവ് ബോക്‌സ് ഇല്യുമിനേഷന്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, റിയര്‍ വ്യൂ കാമറ, പാഡില്‍ ഷിഫ്റ്ററുകള്‍, ക്രൂസ് കണ്‍ട്രോള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ആറ് എയര്‍ബാഗുകള്‍ (സൈഡ്, കര്‍ട്ടന്‍ ഉള്‍പ്പെടെ) എന്നിവയാണ് ടൈറ്റാനിയം പ്ലസ് വേരിയന്റ് ഫീച്ചറുകള്‍.

Categories: Auto