ബംഗ്ലാദേശ് വസ്ത്ര മേഖലയില്‍ നിന്നും 11,000 തൊഴിലാളികളെ പിരിച്ചുവിട്ടു

ബംഗ്ലാദേശ് വസ്ത്ര മേഖലയില്‍ നിന്നും 11,000 തൊഴിലാളികളെ പിരിച്ചുവിട്ടു

30.61 ബില്യണ്‍ ഡോളറാണ് കയറ്റുമതിയില്‍ നിന്നും ലഭിക്കുന്നത്

ധാക്ക: ബംഗ്ലാദേശിലെ വസ്ത്ര വ്യവസായ മേഖലയില്‍ നിന്നും 11,000 തൊഴിലാളികളെ പിരിച്ചുവിട്ടു. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചവരെയാണ് വിവിധ വസ്ത്ര വ്യവസായ സ്ഥാപനങ്ങള്‍ തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ബംഗ്ലാദേശിന്റെ പ്രധാന വരുമാന സ്രോതസാണ് വസ്ത്ര മേഖല. 30.61 ബില്യണ്‍ ഡോളറാണ് കയറ്റുമതിയില്‍ നിന്നും ലഭിക്കുന്നത്. ഇത് മൊത്ത കയറ്റുമതിയുടെ 83 ശതമാനം വരും.

ലോകത്തെ പ്രധാന വസ്ത്ര കയറ്റുമതിക്കാരില്‍ ബംഗ്ലാദേശാണ് ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്നത്. ചെറുകിട കയറ്റുമതിക്കാരായ മ്യാന്മറും എത്തിയോപ്പിയയും കുറഞ്ഞ വേതനം നല്‍കുന്നുണ്ടെന്ന് പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ലേബര്‍ റിലേഷന്‍സ് അസ്സോസിയേറ്റ് പ്രൊഫസര്‍ ആയ മാര്‍ക്ക് അന്നെര്‍ പറഞ്ഞു. ലോക വ്യാപാര സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ചൈനയ്ക്ക് ശേഷം ലോകത്തെ ഏറ്റവും വലിയ വസ്ത്ര കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ബംഗ്ലാദേശ്. ആറ് ശതമാനം വളര്‍ച്ച നിരക്കോടെ ഈ മേഖലയില്‍ അതിവേഗം വളരുന്നത് കമ്പോഡിയയാണ്.

ഡിസംബര്‍ 30 തിരഞ്ഞെടുപ്പിന് മുമ്പാണ് സര്‍ക്കാര്‍ വേതനം ഉയര്‍ത്താന്‍ തീരുമാനിച്ചത്. എന്നാല്‍ സ്ഥാപനങ്ങള്‍ ഈ നിയമം പാലിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. എന്നാല്‍, വ്യവസായശാലകള്‍ നശിപ്പിച്ചതിന് സംഘടനകള്‍ക്കും തൊഴിലാളികള്‍ക്കും എതിരെ ഫാക്ടറി ഉടമകള്‍ പരാതി നല്‍കി. 3000 തൊഴിലാളികള്‍ക്കെതിരെയാണ് പോലീസും ഫാക്ടറി ഉടമകളും കേസ് എടുത്തത്.

സ്ഥാപനം പുതിയ വേതനം നടപ്പാകാത്തതില്‍ സമരം ചെയ്ത റബെയാ എന്ന ജോലിക്കാരിയെ മൂണ്‍ റെഡിവെയേഴ്സ് ലിമിറ്റഡ് എന്ന സ്ഥാപനം ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. യൂറോപ്പിലെ എച്ച് ആന്‍ഡ് എം എന്ന വന്‍കിട സ്ഥാപനത്തിന്റെ പ്രധാന വിതരണക്കാരാണ് മൂണ്‍ റെഡിവെയേഴ്സ്. ‘ഫെബ്രുവരി ഒന്‍പതിന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ജോലിയില്‍ പ്രവേശിക്കേണ്ടെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്ന്’ റബെയാ പറഞ്ഞു.

തങ്ങള്‍ തെറ്റുകള്‍ ഒന്നും ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വേതനം നടപ്പാക്കാന്‍ സന്തോഷമാണെന്നും മൂണ്‍ റെഡിവെയേഴ്സ് ഉടമ അന്‍വര്‍ കമാല്‍ പാഷാ പറഞ്ഞു. സ്ഥാപനത്തില്‍ നിന്നും ആരെയെങ്കിലും പിരിച്ചുവിട്ടിട്ടുണ്ടെങ്കില്‍ അത് അവരുടെ കുറ്റംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Categories: Business & Economy