പണക്കിലുക്കവുമായി യുട്യൂബ് ; യൂട്യൂബര്‍ ആകാന്‍ തയ്യാറാണോ ?

പണക്കിലുക്കവുമായി യുട്യൂബ് ; യൂട്യൂബര്‍ ആകാന്‍ തയ്യാറാണോ ?

മറ്റുള്ളവര്‍ക്ക് കീഴില്‍ ജോലി ചെയ്യാന്‍ താല്പര്യമില്ല, സ്വന്തമായി എന്തെങ്കിലും ബിസിനസ് തുടങ്ങാമെന്ന് വച്ചാല്‍ അതിനുള്ള നിക്ഷേപം കയ്യിലില്ല. ഈ അവസ്ഥയില്‍ എന്ത് ചെയ്യും? അല്‍പം ക്രിയാത്മകതയും മാറ്റിവെക്കാന്‍ സമയവുമുണ്ടോ? എങ്കില്‍ വരുമാനത്തിലുള്ള വഴി യുട്യൂബ് തരും. അതെ, വീട്ടിലിരുന്ന് യുട്യൂബ് വീഡിയോ നിര്‍മാണത്തിലൂടെ പതിനായിരങ്ങള്‍ മുതല്‍ കോടികള്‍ വരെ സമ്പാദിക്കുന്നവര്‍ നമുക്കിടയില്‍ തന്നെയുണ്ട്. ഇന്റര്‍നെറ്റ് സൗജന്യമായ ഇക്കാലത്ത് ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കാണ് കൂടുതല്‍ സാധ്യതയെന്ന് ഇനിയും പ്രത്യേകം പറയേണ്ടതില്ലല്ലോ.എന്ന് കരുതി എടുത്തു ചാട്ടം വേണ്ട, പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന പോലെ കുറച്ചുകാലം കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായാല്‍ മികച്ച വരുമാനം നല്‍കുന്ന യുട്യൂബ് ചാനല്‍ ആര്‍ക്കും തുടങ്ങാന്‍ കഴിയും

യൂട്യൂബിലൂടെ പാചക ക്‌ളാസുകള്‍ നടത്തി 102 വയസ്സുള്ള മസ്തനാമ്മ എന്ന മുത്തശ്ശി ലക്ഷങ്ങള്‍ നടത്തിയ വാര്‍ത്ത കണ്ടപ്പോള്‍ നമ്മളില്‍ ചിലരെങ്കിലും വിചാരിച്ചിട്ടുണ്ടാകും പാചകത്തിന്റെ വീഡിയോ ചെയ്താല്‍ പണം ലഭിക്കുമെങ്കില്‍ ഇത് കൊള്ളാമല്ലോ പരിപാടി എന്ന്. പാചക വീഡിയോക്ക് മാത്രമല്ല ഇന്‍ഫര്‍മേഷന്‍, എന്റര്‍ടൈന്‍മെന്റ് വിഭാഗത്തില്‍പ്പെടുന്ന വീഡിയോകള്‍ ഒക്കെയും യൂട്യൂബിലൂടെ പങ്കുവച്ചു പണം നേടാനാകും. മസ്തനാമ്മയുടെ പാചക നൈപുണ്യത്തെ ഉപയോഗപ്പെടുത്തി മുത്തശ്ശിക്ക് വരുമാനം നേടിക്കൊടുത്തത് കൊച്ചുമകനായിരുന്നു. എന്നാല്‍ ഈ മേഖലയെക്കുറിച്ചുള്ള അറിവുണ്ടെങ്കില്‍ നിങ്ങള്‍ക്കും എളുപ്പത്തില്‍ യുട്യൂബില്‍ നിന്നും വരുമാനം നേടാം.

എന്നാല്‍ എടുത്തുചാട്ടം കൊണ്ട് ഒരു കാര്യവുമില്ല. പ്രായോഗികമായ അറിവ് നേടുക എന്നതാണ് പ്രധാനം. യുട്യൂബില്‍ നിന്നും വരുമാനം ലഭിക്കുന്നതിന് ആദ്യം വേണ്ടത് ഒരു യുട്യൂബ് ചാനലാണ്. ഈ ചാനലിലൂടെ നമ്മള്‍ പങ്കുവയ്ക്കുന്ന വീഡിയോകള്‍ എത്രപേര്‍ കാണുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് വരുമാനം ലഭിക്കുന്നത്. ചാനലിന് സബ്‌സ്‌ക്രൈബര്‍മാരെ ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മള്‍ യുട്യൂബില്‍ പങ്കിടുന്ന വീഡിയോയുടെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കും സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ്. അതുകൊണ്ടുതന്നെ പുതുതായി ചാനല്‍ തുടങ്ങുന്നവര്‍ സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ചു ഇതിനായി മാത്രം സമയം മാറ്റിവെക്കുന്നത് ശരിയായ തീരുമാനമായിരിക്കില്ല.

എങ്ങനെ ഒരു യുട്യൂബ് ചാനല്‍ നിര്‍മിക്കാം, എങ്ങനെ ഉയര്‍ന്ന നിലവാരത്തിലുള്ള വീഡിയോകള്‍ തയ്യറാക്കാം. ഈ രണ്ടു കാര്യങ്ങളാണ് ഒരു യൂട്യൂബര്‍ ആദ്യം അറിയേണ്ടത്. ഈ രണ്ടു കാര്യങ്ങളും അതിന്റെ പൂര്‍ണതയില്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ ചാനല്‍ പ്രേക്ഷകര്‍ ഏറ്റെടുക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

യുട്യൂബ് ചാനല്‍ തയ്യറാക്കേണ്ടത് എങ്ങനെ?

ഒരു യുട്യൂബ് ചാനല്‍ തുടങ്ങുന്നതിനായി ഏറ്റവും ആവശ്യം ഒരു ജിമെയില്‍ അകൗണ്ട് ആണ്. നബിലവില്‍ ജിമെയില്‍ അകൗണ്ട് ഉള്ളവര്‍ക്ക് അതെ ഐഡി തന്നെ ഉപയോഗിക്കാം. ഇല്ലാത്തവര്‍ക്ക് പുതിയ ഒരു ഐഡി ഉണ്ടാക്കാം. അകൗണ്ട് ഉണ്ടാക്കിയ ശേഷം യുട്യൂബില്‍ സൈന്‍ ഇന്‍ ചെയ്യുക. ക്രിയേറ്റ് യുവര്‍ ചാനല്‍ എന്ന ഓപ്ഷനില്‍ പോയി ചാനലിന്റെ പേര്, കാറ്റഗറി, കവര്‍ ചിത്രം, തംബ്‌നെയില്‍ എന്നിവ നല്‍കണം. ചാനലിന് പേര് നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏത് തരത്തിലുള്ള വീഡിയോകളാണോ നമ്മള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അതനുസരിച്ചുള്ള പേരുകള്‍ വേണം നല്‍കാന്‍. പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന യുട്യൂബ് അകൗണ്ടില്‍ തംബ് ഇമേജ് ആയി സ്ഥാപനത്തിന്റെ ലോഗോ നല്‍കാവുന്നതാണ്. ഇത്രയുമായിക്കഴിഞ്ഞാല്‍ നിങ്ങളുടെ വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്യാനുള്ള അവസരം ലഭിക്കും.ഒരു ചാനല്‍ ആരംഭിക്കുമ്പോള്‍ നാലോ അഞ്ചോ വീഡിയോകള്‍ എങ്കിലും തയ്യാറാക്കി വക്കണം. ആരംഭിച്ച ഉടന്‍ ഒരു വീഡിയോ പങ്കിടുകയും പിന്നീട് വീഡിയോകള്‍ ഒന്നും ഇല്ലാതെ വരികയും ചെയ്താല്‍ ചാനല്‍ ശുഷ്‌കിച്ചു പോകും. ഇത് ഒഴിവാക്കാനും പതിവായി വിഡിയോകള്‍ അപ്ലോഡ് ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ കുറച്ചധികം വീഡിയോകള്‍ തയ്യാറാക്കി വക്കാം.

ചുരുങ്ങിയത് മൂന്നോ നാലോ മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവയ്ക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒരു പാട് നേരത്തെ ദൈര്‍ഘ്യമുള്ള വീഡിയോകളും പ്രൊഫഷണല്‍ രീതിയില്‍ അല്ലാതെ ഷൂട്ട് ചെയ്ത വീഡിയോകളും അധികം ആളുകള്‍ക്കും ഇഷ്ടപ്പെടാന്‍ സാധ്യതയില്ല. ഇന്ന് നിരവധിയാളുകള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇത്തരത്തില്‍ വീഡിയോകള്‍ നിര്‍മിക്കുന്നുണ്ട്. ഇത്തരത്തില്‍ നിര്‍മിക്കുമ്പോള്‍ ഒരു ട്രൈപോഡ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. വീഡിയോയില്‍ ദൃശ്യത്തെപോലെ തന്നെ പ്രധാനമാണ് ശബ്ദവും. അതിനാല്‍ പ്രൊഫഷണല്‍ മികവിനായി നല്ല സബ്‌ടൈറ്റില്‍സ്, വോയിസ്ഓവര്‍ എന്നിവ നല്‍കാം.സ്മാര്‍ട്ട്‌ഫോണില്‍ വീഡിയോ നിര്‍മിക്കുന്നവരും മൈക്ക് ഉപയോഗിക്കുവാന്‍ ശ്രദ്ദിക്കുക. ചാനലില്‍ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം കൂടുന്നതിനും ചാനല്‍ വളരുന്നതിനും അനുസരിച്ച് ഒരു എസ് എല്‍ ആര്‍ അല്ലെങ്കില്‍ ഡി എസ് എല്‍ ആര്‍ കാമറ അത്യാവശ്യമായിവരും.

കോളര്‍ മൈക്ക്, ഫാന്റം പവര്‍ സപ്ലൈ, സൗണ്ട് കാര്‍ഡ്, മെമ്മറി കാര്‍ഡ് , അഡാപ്റ്റര്‍, കമ്പ്യൂട്ടര്‍, വീഡിയോ എഡിറ്റിംഗ് സോഫ്‌റ്റ്വെയര്‍ എന്നിവയും അവ ഉപയോഗിക്കുന്നതിലുള്ള പരിജ്ഞാനവും ഒരു യൂട്യൂബര്‍ക്ക് ആവശ്യമാണ്. ഡോക്യൂമെന്ററി, ഷോര്‍ട്ട്ഫിലിം എന്നിവ നിര്‍മിക്കുന്നത് പോലെ വലിയൊരു ടീം ഒന്നും ഇതിനായി ആവശ്യമില്ല. സെല്‍ഫിയ വീഡിയോകള്‍ ചെയ്തുവരെ പണമുണ്ടാക്കുന്ന നിരവധി യൂട്യൂബര്‍മാര്‍ ഇന്നുണ്ട്.

വീഡിയോയുടെ ആശയം പ്രധാനം

യുട്യൂബ് ചാനല്‍ നിര്‍മിച്ചു കഴിഞ്ഞാല്‍ വീഡിയോകളുടെ നിര്‍മാണത്തിലേക്ക് കടക്കാം.എന്ത് തരം ചാനല്‍ ആണ് നിങ്ങള്‍ തുടങ്ങുന്നത് എന്നതിനെ ആസ്പദമാക്കിയാണ് വീഡിയോ കണ്ടന്റ് തയ്യാറാക്കുന്നത്. നിലവില്‍ ടെക്‌നോളജി, ട്രാവല്‍, ഫുഡ്, ഹെല്‍ത്ത് തുടങ്ങി ലൈഫ്‌സ്‌റ്റൈലുമായി ബന്ധപ്പെട്ട ചാനലുകള്‍ക്കാണ് മലയാളത്തില്‍ പ്രിയം. അതുകൊണ്ട് തന്നെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധിപ്പേര്‍ തങ്ങളുടെ വ്യക്തിത്വം ഡിജിറ്റല്‍ മീഡിയയില്‍ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയും ചാനലുകള്‍ തുടങ്ങുന്നു. ആയിരക്കണക്കിന് ഡോക്റ്റര്‍മാരാണ് ഹെല്‍ത്ത് ടിപ്‌സുമായി തങ്ങളുടെ ചാനലുകളിലൂടെ യുട്യൂബില്‍ സജീവമായിരിക്കുന്നത്.

മികച്ച ആശയം പങ്കുവയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നത് ചാനലിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും.ടെക്‌നോളജി, ട്രാവല്‍, ഫുഡ്, ഹെല്‍ത്ത് എന്നിവക്ക് പുറമെ, സംഗീതം, ഹാസ്യം, വിദ്യാഭ്യാസം എന്നിവക്കും ആവശ്യക്കാര്‍ ഏറെയാണ്. വീഡിയോ വളരെ ലഘുവായി അവതരിപ്പിക്കപ്പെടുന്ന ഒന്നാവണം. ഉദാഹണമായി പറഞ്ഞാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട യുട്യൂബ് ചാനലുകളില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബര്‍മാരെ നേടുന്നത് ഏറ്റവും ലഘുവായി തനത് ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്ന വീഡിയോകള്‍ ആയിരിക്കും. അത് പോലെ തന്നെ പ്രാധാന്യമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കുക. പുതുമയുള്ള അവതരണ ശൈലികള്‍ പരീക്ഷിക്കാവുന്നതാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ചു ചെയ്യുന്ന വീഡിയോകള്‍, സുഹൃത്തുക്കള്‍ ചെയ്യുന്ന വീഡിയോകള്‍ എന്നിവക്കൊക്കെ കാഴ്ചക്കാര്‍ വളരെ കൂടുതലാണ്.

യുട്യൂബ് തുടങ്ങിയ ഉടനെ വരുമാനം നിങ്ങളെ തേടി വരുമെന്ന ചിന്ത വേണ്ട. വീഡിയോക്ക് ഇടക്ക് കാണിക്കുന്ന പരസ്യത്തിലൂടെയാണ് വരുമാനം നമ്മളിലേക്ക് എത്തുന്നത്. അത്തരത്തില്‍ വരുമാനം ലഭിക്കണമെങ്കില്‍ യുട്യൂബ് ചാനല്‍ ചില കടമ്പകള്‍ ചാടിക്കടക്കേണ്ടതായുണ്ട്. ഒരു യൂട്യൂബറാകാന്‍ കഠിനപ്രയത്‌നം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാവണം. ചിലപ്പോള്‍ മികച്ച വരുമാനം ലഭിച്ചു തുടങ്ങാന്‍ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നേക്കും. അതുവരെ കൃത്യമായ ഇടവേളകളില്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്യണം. പുതുതായി ചാനല്‍ തുടങ്ങുന്നവര്‍ കുറച്ചു കാലത്തേക്ക് വരുമാനത്തെക്കുറിച്ചു ആലോചിക്കുകയേ വേണ്ട എന്ന് ചുരുക്കം.സ്ഥിരോത്സാഹം, ക്ഷമ എന്നിവയായിരിക്കണം നല്ലൊരു യൂട്യൂബര്‍ ഹൃദിസ്ഥമാക്കേണ്ട കാര്യങ്ങള്‍. അതോടൊപ്പം വീഡിയോയുടെ ഗുണനിലവാരത്തില്‍ യാതൊരിച്ചുവിധ വിട്ടുവീഴ്ചയുമരുത്. വീഡിയോയുടെ കണ്ടന്റ് നല്ലതെങ്കില്‍ പച്ചപിടിച്ച അധിക സമയമൊന്നും ആവശ്യമായി വരില്ല.

4000 മണിക്കൂര്‍ വാച്ച് ടൈം നിര്‍ബന്ധം

യുട്യൂബില്‍ നിന്നും പരസ്യങ്ങള്‍ മുക്തേന വരുമാനം ലഭിച്ചു തുടങ്ങണമെങ്കില്‍ ചാനല്‍ 4000 വാച്ച് മണിക്കൂര്‍ (ഒരു ചാനല്‍ യൂട്യൂബ് ഉപയോക്താക്കള്‍ കണ്ട സമയം) കടന്നോ എന്ന് നോക്കണം. 12 മാസത്തിനുള്ളില്‍ 1000 സബ്‌സ്‌ക്രൈബേര്‍സും 4000 വാച്ച് അവേഴ്‌സും കടന്നാല്‍ യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമില്‍ എന്റോള്‍ ചെയ്യണം. അതിന് ശേഷം, നിങ്ങളുടെ യൂട്യൂബ് ചാനല്‍ ഗൂഗിള്‍ ആഡ് സെന്‍സ് അക്കൗണ്ടുമായി ബന്ധിപ്പിക്കണം.

ചാനല്‍ സന്ദര്‍ശകര്‍ നിങ്ങളുടെ വിഡിയോയില്‍ വരുന്ന പരസ്യങ്ങളോട് പ്രതികരിക്കുന്നതിനനുസരിച്ചാണ് ഗൂഗിള്‍ ആഡ് പേയ്‌മെന്റ് കണക്കാക്കുന്നത്.ഇതിനായി കോസ്റ്റ് പെര്‍ ഇമ്പ്രെഷന്‍’ എന്ന മെട്രിക് ആണ് ഉപയോഗിക്കുന്നത്. ശരാശരി ‘കോസ്റ്റ് പെര്‍ ഇമ്പ്രെഷന്‍’ അഥവാ സിപിഐ രണ്ട് ഡോളര്‍ ആണ്. വീഡിയോയുടെ ഗുണനിലവാരം , ജനപ്രീതി തുടങ്ങി പല മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇത് പത്തു ഡോളര്‍ വരെയാകാം. ചാനലില്‍ പരസ്യങ്ങള്‍ വരുന്ന മുറക്ക് ഒരു നിശ്ചിത തുക നമുക്ക് ലഭിച്ചുകൊണ്ടിരിക്കും. പിന്നീട് ഓരോ 1000 കാഴ്ചക്കും നമുക്ക് ലഭിക്കുന്ന തുക കൂടിക്കൊണ്ടിരിക്കും. ചാനലില്‍ നമ്മള്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോ ഒരു തരത്തിലും കോപ്പി റൈറ്റ് പ്രശ്‌നം ഇല്ലാത്തത് ആകണം. അതായത് മറ്റുള്ളവര്‍ നിര്‍മിച്ച വീഡിയോ ഇട്ടു പണം നേടാം എന്ന ചിന്ത വേണ്ടെന്നു സാരം.

കേരളത്തിന്റെ സ്വന്തം യൂട്യൂബര്‍മാര്‍

  • സുജിത് ഭക്തന്‍ ടെക് ട്രാവല്‍ ഈറ്റ് ബൈ സുജിത്ത് ഭക്തന്‍

ടെക്‌നോളജി, ട്രാവലോഗ്‌സ്, ഫുഡ് തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള വീഡിയോകള്‍ ഉള്‍പ്പെടുത്തിയുള്ള യുട്യൂബ് ചാനലാണ് സുജിത് ഭക്തന്റെ ടെക് ട്രാവല്‍ ഈറ്റ് ബൈ സുജിത് ഭക്തന്‍.324,807 സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഈ ചാനലിനുള്ളത്. സുജിത്തും ഭാര്യ ശ്വേതയും ചേര്‍ന്നാണ് വീഡിയോകള്‍ അവതരിപ്പിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്തും സ്ഥലങ്ങളെ പരിചയപ്പെടുത്തിയതും വിവിധ രുചികളിലുള്ള ഭക്ഷണം പരിചയപ്പെടുത്തിയുമൊക്കെയാണ് ചാനല്‍ മുന്നോട്ട് പോകുന്നത്. പുതിയ പുതിയ ഗാഡ്‌ജെറ്റുകളെയും ടെക്‌നോളജി സംബന്ധമായ കാര്യങ്ങളെയും ഇതിലൂടെ അവതരിപ്പിക്കുന്നു. അതിനാല്‍ തന്നെ മികച്ച പ്രതികരണമാണ് ഈ ചാനലിന് ലഭിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് ചാനലിന്റെ പ്രമോഷന്‍ നടക്കുന്നത്.

  • നിഹാല്‍ രാജ് കിച്ചാട്യൂബ്

നിഹാല്‍ എന്ന കൊച്ചു മിടുക്കന്റെ പേരിലുള്ള കുക്കറി ചാനലാണ് കിച്ചാട്യൂബ്. 34,751 പേരാണ് ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്. പാചകത്തില്‍ ഏറെ താല്‍പര്യമുള്ള കിച്ച എന്ന നിഹാല്‍ താന്‍ ചെയ്യുന്ന കുക്കറി വീഡിയോകള്‍ ചാനലിലൂടെ പങ്കു വക്കുന്നു. രുചിയുടെ ലോകം പങ്കിട്ടുകൊണ്ടുള്ള ഈ വീഡിയോ കാണുന്നതിന് മാത്രമായി നിരവധി പേരാണ് ദിനംപ്രതി ചാനല്‍ സന്ദര്‍ശിക്കുന്നത്. അത്‌കൊണ്ട് തന്നെ ഓണ്‍ലൈന്‍ ലോകത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമാണ് നിഹാല്‍ രാജ് എന്ന ഈ കൊച്ചു മിടുക്കന്‍

Categories: FK Special, Top Stories