വിപണിയില്‍ നിന്ന് ചൈനയെ ‘തൂത്തെറിയാന്‍’ സാംസംഗ്

വിപണിയില്‍ നിന്ന് ചൈനയെ ‘തൂത്തെറിയാന്‍’ സാംസംഗ്

വിലക്കുറവിലൂടെ വിപണി കയ്യടക്കിയ ചൈനീസ് കമ്പനികളെ പുതിയ എ സിരീസിലൂടെ തകര്‍ത്തെറിയാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് സാംസംഗ്

ന്യൂഡെല്‍ഹി: വില്‍പ്പനയില്‍ ലോകത്തില്‍ സാംസംഗിനെ കടത്തിവെട്ടാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. പക്ഷേ ഇന്ത്യയില്‍ ഒരുകാലത്ത് വിപണിയിലെ രാജാക്കന്മാരായിരുന്ന സാംസംഗിനെ വിലക്കുറവെന്ന തന്ത്രമിറക്കി ചൈനീസ് എതിരാളിയായ ഷിഓമി അല്‍പ്പം ഞെട്ടിച്ചു. എന്നാല്‍ പുതിയ തന്ത്രങ്ങളിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ് സാംസംഗ്. എ സിരീസ് മൊബീല്‍ ഫോണ്‍ എന്ന യുദ്ധ തന്ത്രമാണ് ഇതിനായി സാംസംഗ് പയറ്റുന്നത്. പൊതുവേ ചൈനയ്ക്കും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും എതിരായ ജനവികാരം വില്‍പ്പനതന്ത്രമാക്കാനൊരുങ്ങുകയാണ് ഈ കൊറിയന്‍ കമ്പനി.

പതിനായിരം രൂപ മുതല്‍ വിലയുള്ള പുതിയ എ സിരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ മാര്‍ച്ച് മുതല്‍ വിപണിയിലിറക്കാനാണ് സാംസംഗിന്റെ പദ്ധതി. 2019 അവസാനത്തോടെ എ സിരീസ് വില്‍പ്പനയിലൂടെ 4 ബില്യണ്‍ ഡോളര്‍(ഏകദേശം 28,000 കോടി രൂപ) ഇന്ത്യന്‍ വിപണിയില്‍ നിന്ന് കൊയ്യുക എന്നതാണ് സാംസംഗിന്റെ ലക്ഷ്യം. എ സിരീസ് മൊബീല്‍ ഫോണുകള്‍ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലാണ് കമ്പനി വ്യക്തമാക്കി. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ഓരോ മാസവും എ സിരീസിലെ ഓരോ ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനി ആലോചിക്കുന്നതെന്ന് സാംസംഗ് ഇന്ത്യ, മൊബീല്‍ മാര്‍ക്കറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് രഞ്ജീവ് സിംഗ് പറഞ്ഞു.

യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് സാംസംഗ് എ സിരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നത്. 10,000-50,000 വിലനിലവാരത്തിലുള്ള മൊബീല്‍ ഫോണുകളായിരിക്കും ഈ ശ്രേണിയില്‍ ഉണ്ടായിരിക്കുക. സാംസംഗിന് സ്വന്തമായുള്ള ഇ-കൊമേഴ്‌സ് സൈറ്റ് അടക്കമുള്ള ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയും കമ്പനി സ്‌റ്റോറുകള്‍ അടക്കമുള്ള ഓഫ്‌ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും വില്‍പ്പന ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാണ് കൊറിയന്‍ മൊബീല്‍ ഭീമന്റെ പദ്ധതി. ഫെബ്രുവരി ഒന്നിന് നിലവില്‍ വന്ന ഇ-കൊമേഴ്‌സ് രംഗത്തെ പുതിയ എഫ്ഡിഐ നയങ്ങളുടെ പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ കൂടാതെ ഓഫ്‌ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള വില്‍പ്പനയ്ക്കും കമ്പനി മുന്‍ഗണന നല്‍കുന്നത്.

ഈ വര്‍ഷം ഒരൊറ്റ സിരീസ് മൊബീല്‍ ഫോണുകളിലൂടെ ഇന്ത്യയില്‍ 4 ബില്യണ്‍ ഡോളര്‍ കൊയ്യുന്ന ഏക ബ്രാന്‍ഡായി മാറുകയെന്ന ലക്ഷ്യമാണ് സാംസംഗിനുള്ളത്. അതുകൊണ്ടുതന്നെ വില്‍പ്പനയിലും പ്രമോഷനിലും ഈ വര്‍ഷം കമ്പനി കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും എ സിരീസിനായിരിക്കും.

താരതമ്യേന വിലകുറഞ്ഞ ചൈനീസ് എതിരാളികളായ ഷിഓമി, ഓപ്പോ, വിവോ തുടങ്ങിയ ഫോണുകള്‍ക്ക് മുമ്പില്‍ സാംസംഗിന്റെ ലാഭവിഹിതം 11 ശതമാനം ഇടിഞ്ഞ് 3,712.7 കോടി രൂപയായി കുറയുന്നതാണ് 2018ലെ സാമ്പത്തിക വര്‍ഷത്തില്‍ കണ്ടത്. അതേസമയം വരുമാനത്തില്‍ 10 ശതമാനത്തിന്റെ(61,065 കോടി രൂപ) വര്‍ധനവും ഇക്കാലയളവില്‍ ഉണ്ടായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൊബീല്‍ഫോണ്‍ നിര്‍മ്മാതാക്കളായ സാംസംഗ് വരുമാനത്തില്‍ ഇന്ത്യന്‍ വിപണിയിലുള്ള ആധിപത്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ വില്‍പ്പനയിലുള്ള മുന്‍ ആധിപത്യം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചടുലമായ നീക്കങ്ങളാണ് നടത്തുന്നത്.

യുവാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞിടെ പുറത്തിറക്കിയ എം സിരീസിലൂടെ വിപണിയിലേക്ക് തിരിച്ചെത്താനുള്ള ശക്തമായ ശ്രമങ്ങള്‍ സാംസംഗ് നടത്തിയിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വില്‍പ്പനയ്ക്കാണ് എം സിരീസ് പ്രാമുഖ്യം നല്‍കിയിരുന്നത്. എന്നാല്‍ പുതിയ എ സിരീസിലൂടെ പരമ്പരാഗത ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ വില്‍പ്പനയിലെ ശക്തി തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് കമ്പനി.180,000 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളും 2,000 ബ്രാന്‍ഡ് സ്‌റ്റോറുകളും ഉള്‍പ്പെടുന്നതാണ് സാംസംഗിന്റെ ഇന്ത്യയിലെ ഓഫ്‌ലൈന്‍ വില്‍പ്പന പ്ലാറ്റ്‌പോം.

പുല്‍വാമ ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദി മസൂദ് അസറിനോടുള്ള സമീപനം മാറ്റില്ലെന്ന് ചൈന ഇന്നലെ ആവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇന്ത്യന്‍ വിപണിയിലെ അധീശത്വം എന്തുവിലകൊടുത്തും കുറയ്ക്കണമെന്ന വാദവും ശക്തമാകുകയാണ്. സ്വദേശി ജാഗരണ്‍ മഞ്ച് പോലുള്ള പ്രസ്ഥാനങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെയുള്ള പ്രചരണവും ശക്തമാക്കും.പൊതുവെ ചൈനീസ് ബ്രാന്‍ഡുകള്‍ക്കെതിരെ ഉയര്‍ന്നേക്കാവുന്ന വികാരം സാംസംഗിന് മുതലെടുക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Comments

comments

Categories: Tech
Tags: samsung