പാക്കിസ്ഥാന്‍ ഇനി അഭിമത രാഷ്ട്രമല്ല, പൂര്‍ണമായി ഒറ്റപ്പെടുത്തുമെന്ന് ഇന്ത്യ

പാക്കിസ്ഥാന്‍ ഇനി അഭിമത രാഷ്ട്രമല്ല, പൂര്‍ണമായി ഒറ്റപ്പെടുത്തുമെന്ന് ഇന്ത്യ

നടപടി പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍; കടുത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യ ഒരുങ്ങുന്നു; സൈന്യത്തിന് എല്ലാ സ്വാതന്ത്ര്യവും കൊടുത്ത് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ പാക് ഭീകര സംഘടനയായ ജയ്ഷ് ഇ മൊഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ നാല്‍പ്പതിലേറെ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പാക്കിസ്ഥാനെ രാജ്യാന്തര തലത്തില്‍ പൂര്‍ണമായും ഒറ്റപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ നയതന്ത്ര നടപടികളും ഇന്ത്യ സ്വീകരിക്കും. വ്യാപാര രംഗത്തടക്കം കടുത്ത നടപടികളെടുക്കാനാണ് തീരുമാനം. ഇന്ത്യ-പാക് ഉഭയകക്ഷി വ്യാപാരം ശക്തമാക്കുന്നതിന്റെ ഭാഗമായി, ലോക വ്യാപാര സംഘടനാ ചട്ടത്തിന് കീഴില്‍ പാക്കിസ്ഥാന് നല്‍കിയിരുന്ന അഭിമത രാഷ്ട്ര പദവി (മോസ്റ്റ് ഫേവേഡ് നേഷന്‍, എംഎഫ്എന്‍) ഇന്ത്യ റദ്ദാക്കി. 1996ലാണ് പാക്കിസ്ഥാന് ഈ പദവി ഇന്ത്യ നല്‍കിയിരുന്നത്.

രണ്ട് ബില്യണിലധികം വരുന്ന ഇന്ത്യ-പാക് ഉഭയകകക്ഷി വ്യാപാരം തടസപ്പെടുന്നത് പാകിസ്ഥാനെയാവും കൂടുതല്‍ ബാധിക്കുകയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 488.5 മില്യണ്‍ ഡോളറിന്റെ ചരക്കുകളാണ് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് കയറ്റിയയച്ചത്. 1.9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇറക്കുമതിയും പാകിസ്ഥാന്‍ നടത്തി. സിമെന്റ്, കോട്ടണ്‍, കെമിക്കലുകള്‍, പഴങ്ങള്‍ എന്നിവയുടെടെയെല്ലാം കൈമാറ്റം തടസപ്പെടുന്നത് പാകിസ്ഥാന് തിരിച്ചടിയാകും. പാക് സിമെന്റിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ.

രാജ്യത്തെ സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സുരക്ഷാ സേന സ്വീകരിക്കുമെന്നും പുല്‍വാമ ആക്രമണം നടത്തിയവരും അതിന് സഹായിച്ചവും കനത്ത വില നല്‍കേണ്ടി വരുമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി യോഗത്തിന് ശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. ലോകത്തെ തന്നെ നടുക്കിയ ഈ ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കുള്ള പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിന് വേണ്ട എല്ലാ ശ്രമങ്ങളും വിദേശകാര്യ മന്ത്രാലയം നടത്തുമെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ സമിതി യോഗത്തില്‍ പ്രതിരോധ, ആഭ്യന്തര, ധന, വിദേശകാര്യ മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും മൂന്ന് സൈനിക വിഭാഗങ്ങളുടെ മേധാവികളും റോ, ഐബി, മിലിട്ടറി ഇന്റലിജന്‍സ് തലവന്‍മാരും പങ്കെടുത്തു.

അസറിനെ വിലക്കില്ല: ചൈന

പുല്‍വാമ ഭീകരാക്രമണത്തില്‍ മുതലക്കണ്ണീരൊഴുക്കി ചൈന. സംഭവത്തില്‍ ആഴത്തില്‍ ഞെട്ടലുണ്ടെന്ന് പ്രതികരിച്ചെങ്കിലും ജെയ്‌ഷെ മുഹമ്മദ് തലവനും പാക് ഭീകരനുമായ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര രക്ഷാ സഭയില്‍ ഇന്ത്യ കൊണ്ടുവരുന്ന പ്രമേയത്തെ പിന്തുണക്കില്ലെന്ന് ബെയ്ജിംഗ് സൂചിപ്പിച്ചു. ജെയ്‌ഷെ മുഹമ്മദ് സംഘടനയെ നിരോധിത പട്ടികയില്‍ യുഎന്‍ രക്ഷാ സമിതി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ചൈനയുടെ നീക്കം ഉത്തരവാദിത്തത്തോട് കൂടിയായിരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെംഗ് ഷുവാംഗ് പറഞ്ഞു

അപലപിച്ച് ലോക രാഷ്ട്രങ്ങള്‍

അമേരിക്ക, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നിവയടക്കമുള്ള ലോക രാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചു. ഭീകരവാദികള്‍ക്ക് സഹായം നല്കുന്ന നടപടി പാകിസ്ഥാന്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. ‘മേഖലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണം. ഭീകര വിരുദ്ധ യുദ്ധത്തില്‍ പരസ്പരം സഹകരിക്കാനുള്ള യുഎസ്-ഇന്ത്യ തീരുമാനത്തെ കൂടുതല്‍ ശക്തിപ്പെടുത്താനേ ഇത്തരം ആക്രമണങ്ങള്‍ക്ക് സാധിക്കൂ,’ വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Categories: FK News, Slider