ഗോയലിനെ കൈയൊഴിഞ്ഞ് ഒടുവില്‍ ജെറ്റിന്റെ അതിജീവനം

ഗോയലിനെ കൈയൊഴിഞ്ഞ് ഒടുവില്‍ ജെറ്റിന്റെ അതിജീവനം

ബാങ്കുകള്‍ക്ക് നല്‍കാനുള്ള വായ്പാ തുകയുടെ ഒരു ഭാഗം ഓഹരികളാക്കി മാറ്റും

മുംബൈ ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകനും പ്രമോട്ടറുമായ നരേഷ് ഗോയലിന് കമ്പനിയിലുള്ള അധികാരം നഷ്ടമാകുന്നു. കമ്പനിയില്‍ ഓഹരിപങ്കാളിത്തമുള്ള ബാങ്കുകളെ മുഖ്യ ഓഹരിയുടമകളാക്കാനുള്ള നിര്‍ദ്ദേശം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. ഇതോടെ ജെറ്റില്‍ നരേഷ് ഗോയലിനുള്ള ഓഹരി 51 ല്‍ നിന്നും 20 ശതമാനമായി ചുരുങ്ങും. ഭാവിയില്‍ പുതിയ ഓഹരികള്‍ വാങ്ങുന്നതോടെ ക്രമേണ ഇത്തിഹാദ് എയര്‍വെയ്‌സ് ജെറ്റിലെ ഏറ്റവും വലിയ ഓഹരിയുടമയായി മാറും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകള്‍ അവതരിപ്പിച്ച പ്രശ്‌നപരിഹാര പദ്ധതി അനുസരിച്ച് ജെറ്റ് ഈ ബാങ്കുകളിലേക്ക് അടച്ചു തീര്‍ക്കാനുള്ള വായ്പയുടെ ഒരു ഭാഗം ഓഹരികളാക്കി മാറ്റും. ഇതോടെ ബാങ്കുകള്‍ ജെറ്റ് എയര്‍വെയ്‌സിലെ ഏറ്റവും വലിയ ഓഹരിയുടമകളായി മാറുമെന്ന് ജെറ്റ് എയര്‍വെയ്‌സ് വ്യക്തമാക്കി. 8,500 കോടി രൂപയുടെ ഫണ്ട് അപര്യാപ്തത മറികടക്കുന്നതിന് വേണ്ടിയാണ് ബാങ്കുകളുടെ നേതൃത്വത്തിലുള്ള ഈ പ്രശ്‌ന പരിഹാര (ബാങ്ക്-ലെഡ് റെസല്യുഷന്‍-ബിഎല്‍ആര്‍പി) പദ്ധതി നടപ്പിലാക്കുന്നതെന്നും ജെറ്റ് അറിയിച്ചു. ഏത് രീതിയിലാണ് ഇത് നടപ്പില്‍ വരുത്തകയെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ വന്നിട്ടില്ലെങ്കിലും നരേഷ് ഗോയലിന് ജെറ്റ് എയര്‍വെയ്‌സിലുള്ള നിയന്ത്രണവും അധികാരവും നഷ്ടമാകുമെന്നുള്ള കാര്യം ഉറപ്പാണ്.

നാലാംപാദത്തിലും തുടര്‍ച്ചയായ നഷ്ടമാണ് ജെറ്റ് എയര്‍വെയ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. കമ്പനി നേതൃത്വത്തില്‍ അനിവാര്യമായ അഴിച്ചുപണി അടിവരയിടുന്നതാണ് ജെറ്റ് എയര്‍വെയ്‌സിലെ ഈ തകര്‍ച്ചാ റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 21ന് ചേരുന്ന ഓഹരിയുടമകളുടെ യോഗത്തിന്റെ അംഗീകാരം നേടിയ ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക.റിസര്‍വ്വ് ബാങ്ക് സര്‍ക്കുലര്‍ അനുസരിച്ച് ബാങ്കുകള്‍ക്കുള്ള വായ്പ ഓഹരിയായി മാറ്റുക ഒരു രൂപ എന്ന നിരക്കിലായിരിക്കും. അറ്റ ആസ്തി മൂല്യം നെഗറ്റീവായ കമ്പനികള്‍ക്ക് ഈ തുക മതിയെന്നതാണ് മാനദണ്ഡം.

ഓഹരിയുടമകളുടെ യോഗം ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരികള്‍ ഇഷ്യു ചെയ്യാനുള്ള പരമാവധി മൂലധന പരിധി 2,200 കോടി രൂപയായി ഉയര്‍ത്താനും ആലോചിക്കുന്നുണ്ട്. 680 കോടി രൂപയുടെ ഓഹരി മൂലധനവും 1,520 കോടി രൂപയുടെ മുന്‍ഗണന ഓഹരി പങ്കാളിത്തവും ഇതില്‍ ഉള്‍പ്പെടുന്നു.

കമ്പനിയില്‍ ബാങ്കുകള്‍ക്ക് 114 മില്യണ്‍ ഓഹരികള്‍ അനുവദിക്കുമെന്നാണ് ജെറ്റ് അറിയിച്ചിരിക്കുന്നത്. എത്രശതമാനം വായ്പയാണ് ഓഹരികളായി മാറുകയെന്നോ എത്രത്തോളം പുതിയ ഫണ്ടുകള്‍ സമാഹരിക്കുമെന്നോ ഉള്ള വിവരങ്ങള്‍ ജെറ്റ് വ്യക്തമാക്കിയിട്ടില്ല. വായ്പയെ ഓഹരിയാക്കി മാറ്റുകയെന്നതാണ് ബാങ്കുകളുടെ നേതൃത്വത്തിലുള്ള പ്രശ്‌ന പരിഹാര പദ്ധതിയുടെ ആദ്യഘട്ടം . രണ്ടാംഘട്ടത്തില്‍ നിലവില്‍ കമ്പനിയില്‍ ഓഹരി പങ്കാളിത്തമുള്ള ഇത്തിഹാദ്, പ്രാദേശിക പങ്കാളിയുമായി ചേര്‍ന്ന് ജെറ്റില്‍ പുതിയ ഓഹരികള്‍ വാങ്ങി അവരുടെ പങ്കാളിത്തം 45 ശതമാനമാക്കി ഉയര്‍ത്തും.വായ്പാ കൈമാറ്റവും അതിനെ തുടര്‍ന്ന് പുതിയ ഓഹരികള്‍ വിതരണം ചെയ്യുന്നതും ജെറ്റിന്റെ പ്രതിഓഹരിവില നിലവിലുള്ളതില്‍ നിന്നും 20 ശതമാനം കുറവോടെ ഏകദേശം 150 രൂപയായി മാറുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ നിരക്കിലാണ് ഇത്തിഹാദ് ജെറ്റില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ആലോചിക്കുന്നതും.

മുന്‍ദിവത്തേക്കാളും 1 ശതമാനം വര്‍ധനവില്‍ 225.80 രൂപയ്ക്കാണ് ജെറ്റ് ഓഹരികള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരം അവസാനിച്ച ശേഷമാണ് പ്രശ്‌നപരിഹാര പദ്ധതി സംബന്ധിച്ച അറിയിപ്പ് കമ്പനി ഓഹരിവിപണിക്ക് നല്‍കുന്നത്.പ്രശ്‌ന പരിഹാര പദ്ധതി പ്രകാരം കമ്പനിയില്‍ നരേഷ് ഗോയലിനുള്ള ഓഹരി 25.5 ശതമാനവും ഇത്തിഹാദിന്റേത് 12 ശതമാനവും ബാങ്കുകളുടേത് 50.1 ശതമാനവും ആയി മാറുമെന്ന് എസ്ബിഐ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡിലെ സന്തോഷ് ഹിരെദേശായി പറഞ്ഞു. ഇതോടെ കമ്പനിയുടെ നിയന്ത്രണം ബാങ്കുകള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രശ്‌ന പരിഹാര പദ്ധതിയിലൂടെ കടക്കെണിയിലായ ജെറ്റ് എയര്‍വെയ്‌സിനെയും 25,000ത്തോളം വരുന്ന ജീവനക്കാരെയും രക്ഷിക്കാനുള്ള ഫലപ്രദമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയതെന്നാണ് പൊതുവെയുള്ള അഭിപ്രായം. അതേസമയം ഇത് നടപ്പിലാകണമെങ്കില്‍ ബിഎസ്ഇയില്‍ നിന്നും വ്യോമയാന മന്ത്രാലയത്തില്‍ നിന്നുമടക്കം നിരവധി അനുമതികള്‍ ലഭിക്കേണ്ടതുണ്ട്.

ജെറ്റിന്റെ തകര്‍ച്ച

1992ല്‍ നരേഷ് ഗോയല്‍ സ്ഥാപിച്ച ജെറ്റ് എയര്‍വെയ്‌സ് ഏറ്റവും മോശപ്പെട്ട സാമ്പത്തിക പരിതസ്ഥിതിയിലൂടെയാണ് കടന്നുപോകുന്നത്. 732 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ പാദത്തില്‍ ജെറ്റ് റിപ്പോര്‍ട്ട് ചെയ്തത്. വായ്പാ തിരിച്ചടവുകളും പണയവാടകകളും ജീവനക്കാരുടെ ശമ്പളവും വിമാന സര്‍വ്വീസുകളും മുടങ്ങി കടക്കെണിയിലായ കമ്പനിയെ രക്ഷിക്കാന്‍ എസ്ബിഐയുടെ നേതൃത്വത്തിലാണ് പ്രശ്‌ന പരിഹാര പദ്ധതി കൊണ്ടുവന്നത്. കമ്പനിയില്‍ മൂന്നിലൊന്ന് ഓഹരിപങ്കാളിത്തമുള്ള ഇത്തിഹാദിലാണ് കമ്പനിയുടെ ഭാവി പ്രതീക്ഷകള്‍.

Categories: FK News
Tags: Naresh goyal