മുച്ചുണ്ട് രേഖപ്പെടുത്താന്‍ സാങ്കേതിക ഉപകരണം

മുച്ചുണ്ട് രേഖപ്പെടുത്താന്‍ സാങ്കേതിക ഉപകരണം

ജനനവൈകല്യപ്രശ്‌നമായ മുച്ചുണ്ട് അലട്ടുന്ന രോഗികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സഹായിക്കുന്ന വെബ് അധിഷ്ഠിത ഉപകരണം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പുറത്തിറക്കി. ഇന്‍ഡിക്ലെഫ്റ്റ് എന്നാണ് ഈ ഉപകരണത്തിന്റെ പേര്.

ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്റെ ചുണ്ട് മുറികൂടാതെ വരുന്ന അവസ്ഥയാണ് മുച്ചുണ്ട്. ഇത് ഒരു കുഞ്ഞിന്റെ ഭാരം, സംസാരം, ചവച്ചരയ്ക്കാനുള്ള ശേഷി എന്നിവയെ ബാധിക്കുന്നു, പല്ലുകളും താടിയെല്ലുമായുള്ള ബന്ധം ദുര്‍ബലമാക്കുന്നു. സര്‍വ്വോപരി മുഖസൗന്ദര്യം നഷ്ടപ്പെട്ട് വൈരൂപ്യത്തിലേക്ക് നയിക്കാനും കാരണമാകുന്നു.

ഓണ്‍ലൈനിലും ഓഫ്‌ലൈനിലും രോഗവിവരം രേഖപ്പെടുത്താനാകുന്ന ഉപകരണം ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എഐഐഎംഎസ്) യുമായി സഹകരിച്ചാണ് പുറത്തിറക്കിയത്. നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത സംവിധാനത്തില്‍, ശക്തമായ റെക്കോര്‍ഡിംഗ് സംവിധാനവും കാര്യക്ഷമമായ വിവരസംഭരണ സൗകര്യവും മെച്ചപ്പെട്ട ശേഷിയുമുണ്ട്.

ജനസംഖ്യാപരം, സാമൂഹ്യസാമ്പത്തികശാസ്ത്രം, മാതൃ-ശിശു രോഗ വിവരങ്ങള്‍, ശസ്ത്രക്രിയാ ചരിത്രം, ദന്തചരിത്രം, ശസ്ത്രക്രിയാ വിദഗ്ധ ശേഷി വിലയിരുത്തല്‍, ഇഎന്‍ടി മൂല്യനിര്‍ണ്ണയം, സംസാര വിശകലനം, ജനിതകവിശകലനം, ദന്തവിശകലനം തുടങ്ങി പത്തിന ആരഗ്യപ്രശ്‌നങ്ങളാണ് ഇന്‍ഡിക്ലെഫ്റ്റിലൂടെ രേഖപ്പെടുത്തുന്നതന്ന് എയിംസ് ഡയറക്ടര്‍ ഒ പി ഖര്‍ബന്ദ പറഞ്ഞു.

ലോകത്ത് ജന്മനാ ഉള്ള വൈകല്യങ്ങളില്‍ ഏതാണ്ട് മൂന്നിലൊന്നു പ്രശ്‌നമാണ് മുച്ചുണ്ട്. ശരാശരി 700 ല്‍ ഒരാള്‍ക്കാണ് ഈ വൈകല്യം പിടിപെടാന്‍ സാധ്യതയെന്നാണ് വൈദ്യശാസ്ത്രലോകം പറയുന്നത്. അതേസമയം ഏഷ്യയിലാകട്ടെ, ഈ ശരാശരി 1000 ന് 1.7 ആണ്. ഇന്ത്യയില്‍, ഓരോ വര്‍ഷവും ഏകദേശം 35,000 കുട്ടികള്‍ മുച്ചുണ്ടുമായി ജനിക്കുന്നുവന്നാണു കണക്കാക്കപ്പെടുന്നത്.

Comments

comments

Categories: Health
Tags: Indicleft