ഇന്ത്യ 11 ബില്യണ്‍ ഡോളര്‍ കയറ്റുമതി നേട്ടമുണ്ടാക്കും

ഇന്ത്യ 11 ബില്യണ്‍ ഡോളര്‍ കയറ്റുമതി നേട്ടമുണ്ടാക്കും

ന്യൂയോര്‍ക്ക്: യുഎസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് സുവര്‍ണാവസരമെന്ന് ഐക്യരാഷ്ട്ര സഭയുടെ വ്യാപാര ശാഖയായ യുണൈറ്റഡ് നേഷന്‍സ് ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് (യുഎന്‍സിടിഎഡി). മാര്‍ച്ച് മാസം മുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ കൂടുതല്‍ നികുതി നിയന്ത്രണമേര്‍പ്പെടുത്താനുള്ള യുഎസ് പദ്ധതി പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇന്ത്യയുടെ കയറ്റുമതി 11 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് യുഎന്‍സിടിഎഡി ചൂണ്ടിക്കാട്ടുന്നത്. ചൈനീസ് ഇറക്കുമതിയിന്‍ മേല്‍ അമേരിക്ക ഏര്‍പ്പെടുത്തുന്ന താരിഫുകള്‍ മൂലം ഇന്ത്യയുടെ കയറ്റുമതി 8.3 ബില്ല്യന്‍ ഡോളറായി വര്‍ദ്ധിക്കും. യുഎസ് ഇറക്കുമതികളിലുള്ള ചൈനീസ് താരിഫ് നിയന്ത്രണങ്ങളുടെ ഫലമായി രാജ്യം 2.65 ബില്യണ്‍ കയറ്റുമതി നേട്ടമുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

”യുഎസ്-ചൈന ഉഭയകക്ഷി വ്യാപാരം കുറയുകയും പകരം മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യാപാരം ആരംഭിക്കുകയും ചെയ്യും”, യുഎന്‍സിടിഎഡി മേധാവി പമേല കോക്-ഹാമില്‍ട്ടണ്‍ പറഞ്ഞു. യുഎസിന് മേല്‍ ചൈന ചുമത്തിയിരിക്കുന്ന നികുതി മൂലം ഇന്ത്യയില്‍ നിന്നുള്ള കെമിക്കല്‍, പ്ലാസ്റ്റിക് മേഖലയാണ് ഏറ്റവും അധികം നേട്ടം കൊയ്യുക; 1 ബില്യണ്‍ ഡോളര്‍. യുഎസ് ചൈനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇന്ത്യയിലെ ആശയവിനിമയ, ഓഫീസ് ഉപകരണ മേഖലക്കാണ് ഏറ്റവും പ്രയോജനമുണ്ടാക്കുക. 2.44 ബില്യണ്‍ ഡോളര്‍ ഇവയുടെ കയറ്റുമതിയിലൂടെ ലഭിക്കും.

യുഎസ് നിയന്ത്രണം മൂലം മോട്ടോര്‍ വെഹിക്കിള്‍, ട്രാന്‍സ്‌പോര്‍ട്ട് ഉപകരണ കയറ്റുമതി 442 ബില്യണ്‍ ഡോളറും, ചൈനീസ് നിരക്ക് മൂലം 22 മില്യണ്‍ ഡോളറുമാകും. യുഎസ് നിലപാട് മൂലം മറ്റ് വിവിധ മേഖലകളില്‍ ഇന്ത്യയുടെ കയറ്റുമതി 1.9 ബില്യണ്‍ ഡോളറും, ചൈനീസ് നീക്കം മൂലം 222 മില്യണ്‍ ഡോളറുമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Categories: Business & Economy, Slider