ഐ ഫോണിനെ നിര്‍വീര്യമാക്കി വാവേയ്

ഐ ഫോണിനെ നിര്‍വീര്യമാക്കി വാവേയ്

2018-ല്‍ ചൈനയുടെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയിരിക്കുകയാണു വാവേയ്. എതിരാളിയായ ആപ്പിളിന്റെ ഐ ഫോണിനു തിരിച്ചടി നേരിടേണ്ടിയും വന്നു. വാവേയ്‌ക്കെതിരേ യുഎസ് ഭരണകൂടം പ്രചരണം നടത്തിയെങ്കിലും അതൊന്നും വില്‍പ്പനയെ ബാധിച്ചില്ലെന്നു 2018-ലെ അവസാന മൂന്ന് മാസത്തെ ഫലം സൂചിപ്പിക്കുന്നു. ചൈനീസ് കണ്‍സ്യൂമേഴ്‌സില്‍ ഭൂരിഭാഗം പേരുടെയും ദേശീയ വികാരം ഉണര്‍ത്താന്‍ യുഎസിന്റെ പ്രചരണത്തിനു സാധിച്ചു. ഇത് പ്രത്യക്ഷത്തില്‍ വാവേയ്ക്കു ഗുണകരമാകുകയും ചെയ്തു.

 

ചൈനയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ മൊത്തത്തിലുള്ള മാര്‍ക്കറ്റ് ചുരുങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും വാവേയ് കമ്പനി പുറത്തിറക്കുന്ന സ്മാര്‍ട്ട് ഉപകരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചു. 2018 വര്‍ഷത്തിലെ അവസാനപാദത്തില്‍ വാവേയ് കമ്പനിയുടെ സ്മാര്‍ട്ട് ഉപകരണങ്ങളുടെ ചൈനയിലെ വില്‍പ്പനയില്‍ 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വാവേയ് കമ്പനിക്കെതിരേ യുഎസ് ഭരണകൂടം പ്രചരണം നടത്തുന്നതും, യുഎസ്-ചൈന വ്യാപാര യുദ്ധം പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ ചൈനീസ് കണ്‍സ്യൂമര്‍മാര്‍ക്കിടയില്‍ രാജ്യ സ്‌നേഹം വര്‍ധിച്ചതുമാണു വാവേയ്ക്കു ഗുണകരമായതെന്ന് റിസര്‍ച്ച് സ്ഥാപനമായ ഐഎച്ച്എസ് മാര്‍ക്കിറ്റിലെ അനലിസ്റ്റ് ജുസി ഹോങ് പറഞ്ഞു. 2018 വര്‍ഷത്തിന്റെ അവസാനം, ചില ചൈനീസ് കമ്പനികള്‍ അവരുടെ ജീവനക്കാരോടു വാവേയ് കമ്പനിയുടെ ഫോണുകള്‍ വാങ്ങാന്‍ നിര്‍ദേശിച്ചിരുന്നെന്നും ജുസി ഹോങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യുഎസിന്റെ നിര്‍ദേശത്തെ തുടര്‍ന്നു കാനഡയില്‍വച്ചു വാവേയുടെ സിഎഫ്ഒയെ അറസ്റ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കമ്പനിക്കു പിന്തുണ നല്‍കുന്നതിനു വേണ്ടിയായിരുന്നു ചൈനീസ് കമ്പനികള്‍ അവരുടെ ജീവനക്കാരോടു വാവേയ് കമ്പനിയുടെ ഉപകരണങ്ങള്‍ വാങ്ങണമെന്നു നിര്‍ദേശിച്ചത്. വില്‍പ്പനയില്‍ നേട്ടം കൈവരിച്ചതിലൂടെ ഏത് പ്രതിസന്ധി ഘട്ടത്തിലും ബിസിനസ് അഭിവൃദ്ധിപ്പെടുത്താന്‍ കെല്‍പ്പുള്ളവരാണു തങ്ങളെന്നു ബോദ്ധ്യപ്പെടുത്തി കൊടുക്കാന്‍ വാവേയ്ക്കു സാധിച്ചു.

5ജി വയര്‍ലെസ് നെറ്റ്‌വര്‍ക്കില്‍നിന്നും ചൈനീസ് ടെക്, ടെലികോം കമ്പനിയായ വാവേയുടെ ഉത്പന്നങ്ങള്‍ ഒഴിവാക്കണമെന്നു യുഎസ് നിരവധി രാജ്യങ്ങളോടു നിര്‍ദേശിച്ചിരുന്നു. ഇതിനു പുറമേ വാവേയ്‌ക്കെതിരേ യുഎസ് ക്രിമിനല്‍ കുറ്റവും ചാര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ യുഎസിന്റെ കാര്‍ക്കശ്യം നിറഞ്ഞ നടപടികള്‍ക്കു പോലും വാവേയെ ബാധിച്ചില്ലെന്നതിനു തെളിവായി ഇപ്പോള്‍ വില്‍പ്പനയില്‍ കൈവരിച്ച നേട്ടം. 2018-ന്റെ അവസാന മൂന്ന് മാസം ചൈനയില്‍ വാവേയുടെ 30 ദശലക്ഷം ഫോണുകളാണു വില്‍പ്പന നടത്തിയത്. ഇത് ആപ്പിളിന്റെ വില്‍പ്പനയേക്കാള്‍ മൂന്ന് ഇരട്ടിയോളം വരുമെന്നു കനാലിസ് & ഐഡിസി എന്ന റിസര്‍ച്ച് സ്ഥാപനം പുറത്തുവിട്ട ഡാറ്റ സൂചിപ്പിക്കുന്നു. മാത്രമല്ല, ആപ്പിളിന്റെ വില്‍പ്പന ഇക്കാലയളവില്‍ 20 ശതമാനം കൂപ്പുകുത്തുകയും ചെയ്തതായി റിപ്പോര്‍ട്ട് വിശദമാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണു ചൈന. അത്തരമൊരു വിപണിയിലെ വാവേയുടെ വിജയം ഭൗമരാഷ്ട്രീയത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യമുള്ളതാണ്. ചൈനക്കാരായ ഉപഭോക്താക്കള്‍ അവരുടെ ടെക്‌നോളജി ഭീമനായ വാവേയുടെ ഏറ്റവും പ്രധാനപ്പെട്ടതും, ചെലവേറിയതുമായ ഫോണിനെ സ്‌നേഹിക്കുന്നു. കാരണം അവയ്ക്കു വലിയ കാമറകള്‍ ഉണ്ട്, മുന്‍നിര ടെക്‌നോളജിയുണ്ട്, അതോടൊപ്പം ഐ ഫോണിനേക്കാള്‍ ചെലവ് കുറഞ്ഞതുമാണ്. വില കുറഞ്ഞ ഫോണുകളുടെ ഒരു നിര വാഗ്ദാനം ചെയ്യുന്നതിലൂടെ, വാവേയ്ക്ക് ഒരു വലിയ വിപണിയെ ലക്ഷ്യം വയ്ക്കാന്‍ സാധിക്കുന്നു. വിപണിയില്‍ വാവേയുടെ എതിരാളിയാണു ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍, ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണനിര്‍മാതാക്കളായ ഇസഡ്ടിഇ (ZTE). ഇസഡ്ടിഇയിലുണ്ടായ കുഴപ്പങ്ങളും വാവേയ്ക്കു ഗുണകരമായി ഭവിച്ചു.

ഇറാനെതിരേ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങള്‍ ഇറാനുമായി ഇടപാടുകള്‍ നടത്തുന്നതിനും നിയന്ത്രണമുണ്ട്. ഇറാനുമായി ഇടപാടുകള്‍ നടത്തിയാല്‍ അത് അമേരിക്കയുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്താനിടയാകുകയും ചെയ്യും. ഇക്കാര്യം ലോകരാഷ്ട്രങ്ങള്‍ക്ക് അറിയാവുന്നതുമാണ്. എന്നാല്‍ യുഎസ് ഉപരോധം ലംഘിച്ച് ചൈനീസ് കമ്പനിയായ ഇസഡ്ടിഇ ഇറാനുമായി ഇടപാട് നടത്തി. ഇതേ തുടര്‍ന്നു ഇസഡ്ടിഇയുമായി ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ കമ്പനികളോട് കഴിഞ്ഞ വര്‍ഷം യുഎസ് ഭരണകൂടം നിര്‍ദേശിച്ചിരുന്നു. ഇത് ഇസഡ്ടിഇയ്ക്കു തിരിച്ചടിയായി. പിന്നീട് യുഎസ് ഭരണകൂടവുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് ഇസഡ്ടിഇക്കെതിരേയുള്ള വിലക്ക് യുഎസ് ഭരണകൂടം നീക്കിയതും. ഈയൊരു സംഭവം ഇസഡ്ടിഇയുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയെ ദോഷകരമായി ബാധിച്ചു. 2018-ല്‍ ഇസഡ്ടിഇയുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന നേര്‍ പകുതിയായി കുറഞ്ഞു. ഈ പകുതി ലഭിച്ചത് വാവേയ്ക്കായിരുന്നു. അഥവാ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയിലൂടെ ഇസഡ്ടിഇയ്ക്ക് ലഭിക്കേണ്ടിയിരുന്നു നേട്ടം വാവേയ്ക്ക് ലഭിക്കുകയും ചെയ്തു. ചൈനയില്‍ വാവേയുടെ മറ്റ് രണ്ട് എതിരാളികളാണ് ഒപ്പോയും, വിവോയും. പക്ഷേ ഇവര്‍ക്കു കഴിഞ്ഞ വര്‍ഷം കാര്യമായ നേട്ടം കൈവരിക്കാന്‍ സാധിച്ചില്ല. 2018-ലെ നാലാം പാദത്തില്‍ വില്‍പ്പനയില്‍ 10 ശതമാനത്തിലും താഴെ മാത്രമാണു വളര്‍ച്ചയുണ്ടായത്. മറ്റൊരു ചൈനീസ് ബ്രാന്‍ഡായ ഷവോമിക്കു ദുരന്ത പൂര്‍ണമായിരുന്നു കഴിഞ്ഞ പാദം. വില്‍പ്പനയില്‍ 28 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലും യൂറോപ്പിലും വലിയ തോതില്‍ ബിസിനസ് വികസിപ്പിച്ചവരാണു ഷവോമി. എന്നിട്ടും വില്‍പ്പനയില്‍ തിരിച്ചടി നേരിട്ടതായി കനാലിസ് എന്ന റിസര്‍ച്ച് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വാവേയുടെ സ്ഥാപകന്‍ റെങ് സെങ്‌ഫെയ്ക്കു ചൈനയില്‍ ഒരു കള്‍ട്ട് സ്റ്റാറ്റസ് ഉണ്ട്. അഥവാ അദ്ദേഹം ചൈനക്കാരുടെ ഒരു വീരപുരുഷനാണ്. നിസാര തുക കൊണ്ടാണു വാവേയ് കമ്പനിക്കു റെങ് തുടക്കമിട്ടത്. പിന്നീട് ആ കമ്പനിയെ 100 ബില്യന്‍ ഡോളറിന്റെ മൂല്യമുള്ള കമ്പനിയാക്കി മാറ്റിയ റെങിനെ ഭൂരിഭാഗം ചൈനക്കാരും വളരെ ആദരണീയനായ വ്യക്തിയായിട്ടാണു കാണുന്നത്. റെങിനോടുള്ള ഈ ആദരവ് വാവേയ് ബ്രാന്‍ഡിനോടും ആളുകള്‍ പുലര്‍ത്തുന്നു.

ചൈനയില്‍ വാവേയ്ക്കു വന്‍സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ അവരുടെ കീര്‍ത്തിക്കു കോട്ടം തട്ടിയിരിക്കുകയാണ്. വാവേയ്‌ക്കെതിരേ യുഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രചരണം വലിയ തിരിച്ചടിയാണു സമ്മാനിച്ചിരിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ 5ജി നെറ്റ്‌വര്‍ക്ക് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ, 5ജി നെറ്റ്‌വര്‍ക്കിലേക്കു വാവേയുടെ ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം യുഎസ് ലോകരാഷ്ട്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നതിനാല്‍ നിരവധി രാജ്യങ്ങള്‍ വാവേയെ ഒഴിവാക്കി. ഓസ്‌ട്രേലിയയും, ന്യൂസിലാന്‍ഡും ഇത്തരത്തില്‍ വാവേയുടെ 5ജി ഉപകരണങ്ങള്‍ ഒഴിവാക്കിയ രാജ്യങ്ങളാണ്. ചൈനീസ് സര്‍ക്കാര്‍, വാവേയുടെ ഉപകരണങ്ങളിലൂടെ ചാരപ്രവര്‍ത്തനം നടത്താന്‍ സാധ്യതയുണ്ടെന്നാണു യുഎസ് ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം വാവേയ് തള്ളി കളയുന്നുമുണ്ട്.

Categories: Tech
Tags: huawei