കൂണുകള്‍ മരുന്നായി ഉപയോഗിക്കാം

കൂണുകള്‍ മരുന്നായി ഉപയോഗിക്കാം

ഭക്ഷണമായി മാത്രമല്ല വിഷാദരോഗം മുതല്‍ മദ്യവിമുക്തി വരെയുള്ളവയ്ക്ക് ഔഷധമായും കൂണുകള്‍ ഉപയോഗിക്കാം

കൂണുകള്‍ ഭക്ഷണത്തിനായി വ്യാപാരാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. മാജിക് മഷ്‌റൂം പോലുള്ളവ ലഹരിക്കായും കൃഷി ചെയ്തു വരുന്ന ഹിമാചല്‍ താഴ്‌വരകള്‍ അപരിചിതമല്ല. എന്നാല്‍ ഇത്തരം കൂണുകള്‍ ഗുണപരമായി ഉപയോഗിക്കാന്‍ അവസരമായിരിക്കുന്നു. മാജിക് മഷ്‌റൂമിലുള്ള സിലോസൈബിന്‍ എന്ന ഘടകം ശക്തമായ ഒരു സൈക്കെഡെലിക് ആണ്. വന്‍ നഗരങ്ങളിലെ നിശാപാര്‍ട്ടികളില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന എല്‍എസ്ഡിയുടെ പതിനായിരത്തിലൊന്ന് വീര്യം മാത്രമേ ഇതിനുള്ളൂവെങ്കിലും സ്ഥലകാലബോധം നഷ്ടപ്പെടാന്‍ ഇതുമതി. ഇത് ദൃശ്യങ്ങള്‍ വക്രീകരിപ്പിക്കുകയും വിചിത്ര കാഴ്ചകള്‍ കാണിച്ചു തരുകയും അമിത ആത്മവിശ്വാസം നല്‍കുകയും ചെയ്യും.

കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ മയക്കുമരുന്നുകള്‍ ചികില്‍സയ്ക്ക് ഉപയോഗിക്കാമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വിവാദമായിരുന്നു. മനശാസ്ത്ര ചികില്‍സയ്ക്കുള്ള മരുന്നുനിര്‍മാണത്തിന് ഉപയോഗിക്കാനിരുന്ന ഇവയ്ക്ക് 2021 ഓടെ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ നീക്കത്തിനു സമൂഹത്തിന്റെ പൊതുപിന്തുണ ലഭിക്കുന്നില്ല. ഇവയുടെ ഉപയോഗം അംഗീകരിക്കാനാകാത്ത ദുശ്ശീലങ്ങളില്‍പ്പെടുന്നവയാണെന്ന പോതുബോധമാണിതിനു കാരണം. ഈ സാഹചര്യത്തില്‍ സിലോസൈബിനും ഈ സാംസ്‌കാരിക പ്രതിരോധം നേരിട്ടേക്കാം. എന്നാല്‍ അതിനപ്പുറം ഇതിന്റെ വൈദ്യശാസ്ത്രപരമായ ഗുണങ്ങള്‍ അവഗണിക്കാനാകില്ല.

സിലോസൈബിനു മാനസിക, പെരുമാറ്റ വൈകല്യരോഗങ്ങളെ ഒരു പരിധി വരെ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഔദ്യോഗികമായി ഇത് ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. വിഷാദരോഗം, മാനസികാസ്വാസ്ഥ്യം, മാനസിക വൈകല്യങ്ങള്‍, പുകവലി ഉപേക്ഷിക്കല്‍, മദ്യപാനവിമുക്തി, കൊക്കൈന്‍ ആസക്തി, തലവേദന, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ക്കെല്ലാം ഇതൊരു ശമനിയാണ്. യുഎസിലെ ഡെന്‍വര്‍, കൊളറാഡോ, ഒറിഗോണ്‍ എന്നിവിടങ്ങളില്‍ സിലോസൈബിന്‍ കൂണ്‍ കൃഷി വ്യാപകമാക്കാന്‍ അടുത്തിടെ വന്‍ സംരംഭങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

ഇതിന് ക്ലേശങ്ങള്‍ ഇല്ലാതില്ല. മയക്കുമരുന്ന് നിയന്ത്രണ ഏജന്‍സി ചട്ടങ്ങള്‍ അനുസരിച്ച് നിലവില്‍ അംഗീകൃത മെഡിക്കല്‍ ഉപയോഗമൊന്നും സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ കൂണിന്റെ ദുരുപയോഗസാധ്യത നിലനില്‍ക്കുന്നു. അതിനാല്‍ നിരോധിത മയക്കുമരുന്നുകളുടെ ഒന്നാം പട്ടികയില്‍ കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി എന്നിവയ്‌ക്കൊപ്പമാണ് സിലോസൈബിനെയും പെടുത്തിയിരിക്കുന്നത്. സാമൂഹിക പ്രശ്‌നങ്ങളും ചുവപ്പുനാടയും ഉണ്ടെങ്കിലും എഫ്ഡിഎ അംഗീകാരത്തിനായി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഗവേഷകര്‍ മുന്നോട്ടുവരുന്നുണ്ട്.

സിലോസൈബിന്റെ ചികില്‍സാപരമായ ഉപയോഗം കേന്ദ്രീകരിച്ചുള്ള ഗവേഷണം നടത്തുന്ന സ്ഥാപനമണ് ഹെല്‍ട്ടര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. രണ്ട് പ്രധാന മേഖലകളിലായാണ് ഇന്‍സ്‌റിറ്റിയൂട്ട് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മയക്കുമരുന്ന് ആസക്തിയും അര്‍ബുദവും ബന്ധപ്പെട്ട മാനസികരോഗങ്ങളുമാണ് ഇവ. മസ്തിഷ്‌കം, മനസ് എന്നിവയില്‍ ഇതിന്റെ പ്രയോഗം എന്തു പ്രത്യാഘാതമുണ്ടാക്കുമെന്നും, അതിന്റെ പാര്‍ശ്വഫലങ്ങളെന്തെന്നും അതു കുറയ്ക്കാനുള്ള വഴിയെന്തെന്നും.

വിഷാദരോഗം സംബന്ധിച്ചാണ് സിലോസൈബിന്‍ ചികില്‍സയിലെ ഏറ്റവും കൂടുതല്‍ ഗവേഷണം നടക്കുന്നത്. പുകവലി നിര്‍ത്തലും മറ്റ് ആസക്തികളും പ്രതിരോധിക്കാന്‍ ഇത് ഉപയോഗിക്കാനാകുമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി നടത്തിയ പ്രാഥമിക പഠനത്തില്‍ കണ്ടെത്തി. പുകവലി 12 മാസത്തെ ചികില്‍സയിലൂടെ ഉപേക്ഷിക്കാമെന്നാണ് കണ്ടെത്തിയത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ സൈക്കോളജി ആന്റ് ബിഹേവിയറല്‍ സയന്‍സസ് അസോസിയേറ്റ് പ്രൊഫസര്‍, മയറ്റര്‍ ജോണ്‍സണ്‍ പഠനത്തിന് നേതൃത്വം നല്‍കി. മദ്യപാനവും കൊക്കെയ്ന്‍ ഉപഭോഗവും ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കാനുള്ള ശേഷിയും സിലോസൈബിനുണ്ട്.

ക്യാന്‍സര്‍ സംബന്ധമായ മാനസിക ദുരിതങ്ങള്‍ പേറുന്നവരുടെ ജീവിതത്തില്‍ ഈ ചികില്‍സ മാറ്റം വരുത്തിയതായും കണ്ടെത്തി. 2016 ല്‍ ജോണ്‍സ് ഹോപ്കിന്‍സില്‍ നടത്തിയ പരീക്ഷണത്തില്‍ ഗണ്യമായി ഡോസ് സിലോസൈബിന്‍ നല്‍കുന്നത് ആശ്വാസവും മെച്ചപ്പെട്ട ജീവിത നിലവാരം തിരിച്ചു പിടിക്കാന്‍ പ്രാപ്തമാക്കിയതായി കണ്ടെത്തി, ജീവനു ഭീഷണിയായ ക്യാന്‍സര്‍ രോഗമുള്ളവരില്‍ വിഷാദവും ഉത്കണ്ഠയും കുറഞ്ഞുവെന്ന് കണ്ടെത്തി. ഹൃദ്രോഗികളില്‍ രക്തസമ്മര്‍ദ്ദവും ക്രരഹിതമായി മിടിപ്പും സാധാരണ നിലയിലാക്കാനും മരുന്നിനു കഴിവുണ്ട്. മംാനസികരോഗികളില്‍ പിരിമുറുക്കം കുറയ്ക്കുന്ന പലവിധ ചികില്‍സകളും ഇതു കൊണ്ട് സാധ്യമാണ്.

Categories: Health