ഗല്ലി ബോയ് (ഹിന്ദി)

ഗല്ലി ബോയ് (ഹിന്ദി)

സംവിധാനം: സോയ അക്തര്‍
അഭിനേതാക്കള്‍: രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, കല്‍ക്കി കൊയ്ച്ചിലിന്‍
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 36 മിനിറ്റ്

മുംബൈയിലെ ധാരാവി എന്ന ചേരിയില്‍നിന്നുള്ള ദരിദ്രനും നിസ്സഹായനുമായ മുറാദ് ഷെയ്ഖിന്റെ (രണ്‍വീര്‍ സിംഗ്) കഥയാണു ഗല്ലി ബോയ്. വലിയ സ്വപ്‌നങ്ങള്‍ കൊണ്ടു നടക്കുന്ന വ്യക്തിയാണു മുറാദ്. യാഥാര്‍ഥ്യങ്ങളുമായി ഒരിക്കലും ഇണങ്ങാത്തതാണ് അവന്റെ സ്വപ്‌നങ്ങള്‍. എന്നാല്‍ ദുരിതപൂര്‍ണമായ സാഹചര്യങ്ങള്‍ കഴിയേണ്ടി വരുന്നതിന്റെ പേരില്‍ തന്റെ ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും തളച്ചിടാന്‍ ഒരുക്കമല്ല മുറാദ്. ഒരു റാപ്പറാവുക എന്നതാണു മുറാദിന്റെ സ്വപ്‌നം. (റാപ് മ്യൂസിക് അഥവാ ഹിപ് ഹോപ് മ്യൂസിക് പെര്‍ഫോം ചെയ്യുന്നവരെയാണു റാപ്പര്‍ എന്നു പൊതുവേ വിളിക്കുന്നത്. താളാത്മകമായി അര്‍ഥത്തോടെ വാക്കുകള്‍ കോര്‍ത്തിണക്കി സംസാര ശൈലിയില്‍ ഡ്രം ബീറ്റുകള്‍ക്കൊപ്പം അവതരിപ്പിക്കുന്ന പാശ്ചാത്യ കലാരൂപമാണ് റാപ് സംഗീതം.) ഇന്ത്യയില്‍ റാപ് മ്യൂസിക് അത്ര ജനകീയമല്ല. പക്ഷേ, മുറാദിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ അവന്റെ സുഹൃത്തുക്കളും കുടുംബവുമൊക്കെ പിന്തുണയുമായി കൂടെ നില്‍ക്കുകയാണ്.

ചാവ്ല്‍ എന്ന പേരില്‍ അറിയപ്പെടുന്ന റെസിഡന്‍ഷ്യല്‍ കെട്ടിടം വടക്കേ ഇന്ത്യയില്‍ കാണാനാകും. ഇവിടെ താമസിക്കുന്ന ഭൂരിഭാഗം പേരും ചെറിയ ജോലികള്‍ ചെയ്തു ജീവിതം തള്ളി നീക്കുന്ന തൊഴിലാളികളാണ്. ചിത്രം ആരംഭിക്കുന്നത് ഒരു തീപ്പെട്ടി കൂടിന്റെ വലുപ്പമുള്ള ധാരാവിയിലുള്ള ചാവ്ല്‍ മുറിയില്‍നിന്നാണ്. ഇവിടെയാണു മുറാദ് തന്റെ സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുന്നത്. സഫീന (ആലിയ ഭട്ട്) വളരെ സ്മാര്‍ട്ടായൊരു പെണ്‍കുട്ടിയാണ്. സഫീനയോട് ഒരിഷ്ടം സൂക്ഷിക്കുന്നുണ്ട് മുറാദ്.

ദരിദ്രര്‍ക്കു വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും വലിയ സ്വപ്‌നങ്ങള്‍ കാണുവാന്‍ അര്‍ഹതയില്ലെന്നും മുറാദ് എന്ന കഥാപാത്രത്തിലൂടെ ചിത്രം സ്ഥാപിച്ചെടുക്കുന്നുണ്ട്. ഇതിലൂടെ ദുരിതപൂര്‍ണ ജീവിതം നയിക്കുന്നവരുടെ കഥ വളരെ ശ്രേഷ്ഠമായി അവതരിപ്പിച്ചിരിക്കുകയാണു ഗല്ലി ബോയ് എന്ന ചിത്രം.

സിനിമയുടെ ചില ഭാഗങ്ങള്‍ പ്രവചന സ്വഭാവമുള്ളതാണെങ്കിലും ഗല്ലി ബോയിയെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകം അതിലെ ഇമോഷണല്‍ ഇന്റലിജന്‍സാണ്. (നമ്മുടെ സ്വന്തം വികാരങ്ങളെ കുറിച്ചും മറ്റുള്ളവരുടെ വികാരങ്ങളെ കുറിച്ചും തിരിച്ചറിയുകയും അതിനനുസരിച്ചു നമ്മളുടെ ചിന്തകളെ നിയന്ത്രിക്കാനും പെരുമാറ്റത്തില്‍ ഭേദഗതികള്‍ വരുത്താനും നമ്മളെ സഹായിക്കുന്ന ബുദ്ധിശക്തിയെയാണു വൈകാരികബുദ്ധി, വൈകാരിക പക്വത, ഇമോഷണല്‍ ഇന്റലിജന്‍സ് എന്നൊക്കെ പറയുന്നത്.)

പ്രേക്ഷകനെ ആകര്‍ഷിക്കുകയും പിടിച്ചിരുത്തുകയും ചെയ്യുന്ന മനോഹരമായ നിമിഷങ്ങള്‍ മുറാദിന്റെ യാത്രയിലുണ്ട്. വിജയ് മൗര്യയുടെ തിളക്കമാര്‍ന്ന സംഭാഷണങ്ങള്‍ ആഖ്യാനത്തിന് ആഴം നല്‍കുന്നവയാണ്. റീമ കഗ്തിയുടെയും, സോയ അക്തറിന്റെയും കഥയും തിരക്കഥയും മികവ് പുലര്‍ത്തുന്നുണ്ട്. ആഖ്യാനത്തിന്റെ താളം മികവുറ്റതാക്കുന്നതാണു കഥയും തിരക്കഥയും. ഒരു പ്രത്യേക വാസനയും, ചാതുര്യവും നമ്മള്‍ക്കു അനുഭവപ്പെടുകയും ചെയ്യും. രണ്‍വീര്‍ സിംഗിന്റെ പ്രകടനമാണ് ഈ ചിത്രത്തിന്റെ ശക്തി. ചിത്രത്തിലെ രണ്‍വീറിന്റെ അഭിനയം കണ്ടാല്‍ ഈ വേഷം ചെയ്യാന്‍ അദ്ദേഹം ജനിച്ചതു പോലെ തോന്നും. ഓരോ രംഗങ്ങളിലും അദ്ദേഹം അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആലിയ ഭട്ടും ഒട്ടും മോശമല്ല. ചെറിയ വേഷമാണെങ്കിലും ആഴത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട് ആലിയയുടെ സഫീന എന്ന കഥാപാത്രം. വിചിത്രസ്വഭാവമുള്ള തന്റെ കഥാപാത്രത്തെ ആലിയ വളരെ അനായാസമായും തന്മയത്വത്തോടെയും അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തില്‍ ആലിയയും രണ്‍വീറും തമ്മിലുള്ള കെമിസ്ട്രി നന്നായി വര്‍ക്ക് ഔട്ട് ചെയ്തിട്ടുമുണ്ട്. മുറാദിന്റെ കാര്‍ മെക്കാനിക്കായ സുഹൃത്ത് വിജയ് വര്‍മ, സ്‌കൈ എന്ന സംഗീതജ്ഞയായി അഭിനയിച്ച കല്‍ക്കി കൊയ്ച്ചിലിന്‍, മുറാദിന്റെ പിതാവായി വേഷമിട്ട വിജയ് റാസ് തുടങ്ങിയവര്‍ മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നു. എംസി ഷേര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച യുവ നടന്‍ സിദ്ധാന്ത് ചതുര്‍വേദിയുടേത് എടുത്തു പറയേണ്ട പ്രകടനം തന്നെയാണ്. ചിത്രത്തിലെ സംഗീതം അപാരമാണ്. കഥയ്ക്ക് അനുയോജ്യമായ വിധത്തിലുള്ളതാണു സംഗീതം. അതു പോലെ ഈ ചിത്രത്തിന്റെ ട്രീറ്റ്‌മെന്റും വിഷ്വല്‍സും ഹോളിവുഡ് ചിത്രത്തിനോടൊപ്പം നില്‍ക്കുന്നവയുമാണ്. ആകെയൊരു പോരായ്മയെന്നു പറയാവുന്നത് ദൈര്‍ഘ്യമാണ്. രണ്ട് മണിക്കൂര്‍ 36 മിനിറ്റുള്ളതാണ് സിനിമ.

Comments

comments

Categories: Movies
Tags: Galliboy