മദ്യപാനം സ്തനാര്‍ബുദകാരണമാകാം

മദ്യപാനം സ്തനാര്‍ബുദകാരണമാകാം

ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ ഏറ്റവും വ്യാപകമായ രോഗമാണ് സ്തനാര്‍ബുദം. എന്നാല്‍, ഇതിന്റെ കാരണമായി മദ്യപാനത്തെ ഇതേവരെ കണക്കാക്കിയിരുന്നില്ല. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നടത്തിയ പുതിയ പഠനത്തില്‍ 45 വയസിനു മുകളിലുള്ളവരില്‍ സ്തനാര്‍ബുദം വരാന്‍ മദ്യപാനം കാരണമായേക്കാമെന്നതിന്റെ സൂചനകള്‍ കിട്ടിയിരിക്കുന്നു. അഡ്‌ലൈഡിലെ ഫ്‌ലിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഡോ. എമ്മ മില്ലര്‍ നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തലുകള്‍. സ്തനാര്‍ബുദ കാന്‍സര്‍ പ്രതിരോധം ശക്തിപ്പെടുത്താന്‍ നിലവിലെ പൊതുജനാരോഗ്യ നയങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യകത പഠനം ഉയര്‍ത്തിക്കാട്ടുന്നു. പലസ്ത്രീകളും ഇക്കാര്യത്തില്‍ അവഗണന കാട്ടുന്നുവെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. മദ്യപാനവും സ്തനാര്‍ബുദവും തമ്മിലുള്ള ബന്ധം അങ്ങനെ അവഗണിക്കത്തക്കതല്ലെന്ന മുന്നറിയിപ്പാണ് ഈ പഠനം നല്‍കുന്നത്.

പ്രായം, ലിംഗം തുടങ്ങിയവ സ്തനാര്‍ബുദസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്, ഇതു രണ്ടും മാറ്റാനുമാകില്ല. ഒരു വ്യക്തിക്ക് വ്യായാമത്തിലൂടെ അമിതഭാരം നിയന്ത്രിച്ച് വേണമെങ്കില്‍ അര്‍ബുദ സാധ്യതയകറ്റാം. എങ്കിലും ജനിതക, പ്രായ, ലിംഗപരമായ ഘടകങ്ങള്‍ മാറ്റുക അസാധ്യം. എന്നാല്‍ മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍ അവസാനിപ്പക്കാന്‍ സാധിക്കും. ദിവസവും മദ്യപിക്കുന്നത് സ്തനാര്‍ബുദം വികസിപ്പാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 45 വയസ്സിനു മുകളിലുള്ള നിരവധി സ്ത്രീകളിലാണ് മദ്യപാനശീലം കാന്‍സര്‍ സാധ്യത കൂട്ടുന്നതെന്നും അവര്‍ തങ്ങളുടെ മദ്യപാനം കുറയ്ക്കണമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ പലരും ഈ നിര്‍ദേശം അവഗണിക്കുകയാണെന്നതാണ് അനുഭവം.

പ്ലോസ് വണ്‍ ജേണലിലാണ് ഈ പഠനറിപ്പര്‍ട്ട് വന്നത്. 45 മുതല്‍ 64 വരെ പ്രായമുള്ള 35 ദഓസ്‌ട്രേലിയന്‍ വനിതകളിലാണ് പരിശോധന നടത്തിയത്. മദ്യപാനത്തെക്കുറിച്ച് ഡോ. മില്ലറും സംഘവും ഓരോരുത്തരുമായി ചര്‍ച്ച നടത്തി. സ്തനാര്‍ബുദത്തെ സാധ്യത ഒഴിവാക്കുന്നത് സ്വന്തം ഉത്തരവാദിത്തമാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ സ്ത്രീകളില്‍ പലര്‍ക്കും സ്തനാര്‍ബുദ സാധ്യത മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യപാനം തങ്ങളുടെ ജീവിതനിലവാരം, ബന്ധങ്ങള്‍, ശരീരഭാരം എന്നിവയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സ്ത്രീകളെ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്ന് സംഘം നിര്‍ദേശിക്കുന്നു. എങ്കിലും ദൂഷ്യവശങ്ങളെപ്പറ്റി അവര്‍ പൂര്‍ണ അജ്ഞരല്ല.
മദ്യം തങ്ങളുടെ ഭാരം, മാനസിക ആരോഗ്യം, ബന്ധങ്ങള്‍ തുടങ്ങിയ ഹ്രസ്വകാല ദോഷത്തെക്കുറിച്ച് അവര്‍ക്ക് വളരെ ബോധമുണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞതായി ഡോ. മില്ലര്‍ പറയുന്നു.

Comments

comments

Categories: Top Stories