5 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി ‘ഓപ്പണ്‍’

5 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി ‘ഓപ്പണ്‍’

ഡുവോ എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡ് സേവനം അടുത്ത മാര്‍ച്ച് മാസത്തോടെ

കൊച്ചി: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ‘ഓപ്പണ്‍’ അഞ്ച് ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങളായ ബീനെസ്റ്റ്, സ്പീഡ്ഇന്‍വെസ്റ്റ്, 3വണ്‍4 കാപ്പിറ്റല്‍ എന്നിവരും മുന്‍ നിക്ഷേപകരായ യുണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സും എയ്ഞ്ചല്‍ലിസ്റ്റ് സിന്‍ഡിക്കേറ്റ്‌സുമാണ് ചെറുകിട സംരംഭങ്ങള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തിയത്.

പുതിയ മൂലധന ലഭ്യത കൂടുതല്‍ ചെറുകിട സംരംഭങ്ങള്‍ക്ക് സേവനം നല്‍കാന്‍ സഹായിക്കുമെന്ന് വ്യക്തമാക്കിയ ഓപ്പണ്‍ സഹസ്ഥാപകനും സിടിഒയുമായ അജേഷ് അച്ചുതന്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം ഇടപാടുകാരെയാണ് ലക്ഷ്യമിടുന്നതെന്നും പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്നും അറിയിച്ചു. ഡുവോ എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡ് സേവനം അടുത്ത മാര്‍ച്ച് മാസത്തോടെ ആരംഭിക്കാനാണ് പദ്ധതി. നിലവില്‍ 30,000 എസ്എംഇകള്‍ക്ക് ഓപ്പണ്‍ സാമ്പത്തിക സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്.

‘ബാങ്കിംഗ് സേവനം വേണ്ടത്ര ലഭ്യമല്ലാത്ത ചെറുകിട സംരംഭങ്ങള്‍ക്ക് ബാങ്കുകളുടെ പങ്കാളിത്തത്തോടെ തന്നെ മെച്ചപ്പെട്ട ബിസിനസ് സേവനങ്ങള്‍ എത്തിക്കുന്നതിലാണ് ഓപ്പണ്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ബിസിനസ് കറന്റ് എക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നത് മുതല്‍ പണം അയക്കല്‍, പണം സ്വീകരിക്കല്‍, ഓട്ടോമേറ്റഡ് എക്കൗണ്ടിംഗ് തുടങ്ങി ഒരു സംരംഭത്തിനുവേണ്ട എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും ഡിജിറ്റല്‍ രീതിയില്‍ ഓപ്പണ്‍ നല്‍കുന്നുണ്ട്’, അജേഷ് അച്ചുതന്‍ പറഞ്ഞു. 2017 ലാണ് ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് ലിമിറ്റഡ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഐബിബോ ഡോട്ട് കോം മുന്‍ ഉദ്യോഗസ്ഥനായ അനീഷ് അച്ചുതന്‍ (സിഇഒ), ഭാര്യ മേബല്‍ ചാക്കോ, ടാക്‌സിഫോര്‍ഷുവര്‍ മുന്‍ സിഎഫ്ഒ ദീന ജേക്കബ് എന്നിവരായിരുന്നു സഹസ്ഥാപകര്‍.

Comments

comments

Categories: Business & Economy, Slider
Tags: investment, Open