3ാം പാദത്തില്‍ 21 ബാങ്കുകള്‍ക്ക് 11,605 കോടി രൂപയുടെ ആകെ നഷ്ടം

3ാം പാദത്തില്‍ 21 ബാങ്കുകള്‍ക്ക് 11,605 കോടി രൂപയുടെ ആകെ നഷ്ടം

21 പൊതുമേഖല ബാങ്കുകളില്‍ 11 ബാങ്കുകള്‍ ലാഭം റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡെല്‍ഹി: ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ അടക്കമുള്ള പൊതുമേഖല ബാങ്കുകള്‍ക്ക് കഴിഞ്ഞ പാദത്തില്‍ വലിയ തകര്‍ച്ച. 2018 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാംപാദത്തില്‍ 21 പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 11,605 കോടി രൂപയുടെ ആകെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാങ്ക് ഓഫ് ഇന്ത്യ-4,737 കോടി രൂപ, ഐഡിബിഐ-4,815 കോടി രൂപ തുടങ്ങിയ ബാങ്കുകള്‍ക്ക് സംഭവിച്ച വന്‍ നഷ്ടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 2018 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഈ 21 ബാങ്കുകളുടെ ആകെ നഷ്ടം 14,716 കോടി രൂപയായിരുന്നു.

21 പൊതുമേഖല ബാങ്കുകളില്‍ 11 ബാങ്കുകള്‍ ലാഭം റിപ്പോര്‍ട്ട് ചെയ്തു. മുന്‍പാദത്തില്‍ ഏഴ് ബാങ്കുകള്‍ മാത്രമാണ് ലാഭം റിപ്പോര്‍ട്ട് ചെയ്തത്. ബാങ്കുകളുടെ നഷ്ടത്തില്‍ 35 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. എസ്ബിഐയില്‍ ആകെ 3,954 കോടി രൂപയുടെ ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാംപാദത്തില്‍ ഏറ്റവും കൂടുതല്‍ ലാഭം റിപ്പോര്‍ട്ട് ചെയ്തതും എസ്ബിഐ ആണ്. ഇതേ പാദത്തില്‍ എസ്ബിഐയില്‍ 2,416 കോടി രൂപയുടെ ആകെ നഷ്ടവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

എസ്ബിഐ നിക്ഷേപങ്ങള്‍ ഈ വര്‍ഷം 6.8 ശതമാനം വര്‍ധിച്ച് 28 ലക്ഷം കോടിയായി ഉയര്‍ന്നു. ബാങ്ക് ഓഫ് ബറോഡയിലെ നിക്ഷേപങ്ങളില്‍ 6.5 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 6.1 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇത്തവണ ബാങ്ക് ഓഫ് ബറോഡയില്‍ ഉണ്ടായിരിക്കുന്നത്.

പലിശയിനത്തിലുള്ള ആകെ വരുമാനത്തില്‍ 11 ശതമാനം വര്‍ധനവാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിസന്ധികള്‍ നേരിടാനായി നീക്കിവെച്ചിരിക്കുന്ന പൊതുമേഖല ബാങ്കുകളുടെ ഫണ്ടില്‍ രേഖപ്പെടുത്തിയത് 21 ശതമാനത്തിന്റെ കുറവാണ്. ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടതാണ് കാരണം. 21 പൊതുമേഖല ബാങ്കുകളില്‍ റിസ്‌കിന് മാറ്റിവെച്ച തുകയില്‍ വന്‍വര്‍ധന വരുത്തിയത് ബാങ്ക് ഓഫ് ഇന്ത്യയാണ്. 109 ശതമാനം വര്‍ധനയോടെ 9,000 കോടി രൂപയാണ് ഇവര്‍ ഇതിനായി നീക്കിവെച്ചത്.

ബാങ്കുകളുടെ നിഷ്‌ക്രിയാസ്തിയില്‍ 7.2 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. റിസര്‍വ്വ് ബാങ്കിന്റെ തിരുത്തല്‍ കര്‍മ്മ പദ്ദതിക്ക് വിധേയരായ ആറ് ബാങ്കുകളിലെയും നിഷ്‌ക്രിയാസ്തിയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ ഗണത്തില്‍ പെട്ട മറ്റ് ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി നീരവ് മോദിയുടെയു്ം മെഹുല്‍ ചോക്‌സിയുടെയും തട്ടിപ്പിന് വേദിയായ പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ നിഷ്‌ക്രിയാസ്തിയില്‍ 35 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

Comments

comments

Categories: Banking
Tags: bank loss