മൊത്തവില പണപ്പെരുപ്പം 10 മാസത്തിലെ താഴ്ന്ന നിലയില്‍

മൊത്തവില പണപ്പെരുപ്പം 10 മാസത്തിലെ താഴ്ന്ന നിലയില്‍

ഇന്ധന, ഊര്‍ജ മേഖലകളിലെ പണപ്പെരുപ്പത്തില്‍ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്

ന്യൂഡെല്‍ഹി: ജനുവരിയില്‍ രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 10 മാസത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. 2.76 ശതമാനം പണപ്പെരുപ്പമാണ് ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബറില്‍ ഇത് 3.8 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 3.03 ശതമാനം ഡബ്ല്യുപിഐ പണപ്പെരുപ്പമാണ് രേഖപ്പെടുത്തിയത്. ഇന്ധനത്തിലും ഊര്‍ജത്തിലും പണപ്പെരുപ്പം പരിമിതമായതാണ് മൊത്തത്തിലുള്ള പണപ്പെരുപ്പത്തിലും പ്രകടമായത്. ഡിസംബറില്‍ 8.38 ശതമാനം പണപ്പെരുപ്പം രേഖപ്പെടുത്തിയ ഈ വിഭാഗത്തില്‍ ജനുവരിയില്‍ 1.85 ശതമാനം പണപ്പെരുപ്പം മാത്രമാണ് പ്രകടമായത്. മാനുഫാക്ചറിംഗ് ഉല്‍പ്പന്നങ്ങളിലെ ഡബ്ല്യുപിഐ പണപ്പെരുപ്പം ജനുവരിയില്‍ 2.61 ശതമാനമാണ്. ഡിസംബറില്‍ ഇത് 3.59 ശതമാനമായിരുന്നു.

ഡബ്ല്യുപിഐ ഭക്ഷ്യ സൂചിക പ്രകാരമുള്ള പണപ്പെരുപ്പം 0.07 ശതമാനം മാത്രമായിരുന്നു ഡിസംബറിലെങ്കില്‍ ജനുവരിയില്‍ അത് 1.84 ശതമാനമായി വര്‍ധിച്ചു. പ്രാഥമിക ഭക്ഷ്യവസ്തുക്കള്‍ മുതല്‍ മാനുഫാക്ചറിംഗ് ഉല്‍പ്പന്ന ഗ്രൂപ്പുകളുടെ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വരെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

നവംബറിലെ പണപ്പെരുപ്പത്തിന്റെ കണക്ക് നേരത്തേ പ്രഖ്യാപിച്ചതില്‍ നിന്നും സര്‍ക്കാര്‍ തിരുത്തിയിട്ടുണ്ട്. 4.64 ശതമാനം ഡബ്ല്യുപി ഐ പണപ്പെരുപ്പം നവംബറില്‍ അനുഭവപ്പെട്ടു എന്നാണ് നേരത്തേ കണക്കാക്കിയിരുന്നതെങ്കില്‍ ഇപ്പോഴത് 4.47 ശതമാനമായി തിരുത്തിയിട്ടുണ്ട്.  ഭക്ഷ്യധാന്യങ്ങളില്‍ 7.95 ശതമാനം പണപ്പെരുപ്പമാണ് ജനുവരിയില്‍ രേഖപ്പെടുത്തിയത്. ഗോതമ്പില്‍ 9.94 ശതമാനവും പയര്‍ വര്‍ഗങ്ങളില്‍ 7.55 ശതമാനവും മൊത്തവില പണപ്പെരുപ്പം രേഖപ്പെടുത്തി.
ചൊവ്വാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം റീട്ടെയ്ല്‍ പണപ്പെരുപ്പം 18 മാസത്തെ താഴ്ന്ന നിലയില്‍ എത്തിയിരുന്നു. 2.05 ശതമാനമാണ് ജനുവരിയില്‍ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രേഖപ്പെടുത്തിയത്.

Comments

comments

Categories: FK News