ഡോ.അഗര്‍വാള്‍ ഹെല്‍ത്ത്‌കെയറില്‍ 270 കോടി രൂപയുടെ നിക്ഷേപവുമായി ടിമാസെക്

ഡോ.അഗര്‍വാള്‍ ഹെല്‍ത്ത്‌കെയറില്‍ 270 കോടി രൂപയുടെ നിക്ഷേപവുമായി ടിമാസെക്

ഭൂരിഭാഗം ഓഹരികള്‍ ഇപ്പോഴും ഡോ.അഗര്‍വാള്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ തന്നെയാണ്

ചെന്നൈ ഡോ.അഗര്‍വാള്‍ ഹെല്‍ത്ത് കെയറിലെ ചെറിയൊരു ശതമാനം ഓഹരികള്‍ ആഗോള ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ടിമാസെക് ഏറ്റെടുത്തു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ.അഗര്‍വാള്‍ നേത്രസംരംക്ഷണ ആശുപത്രിയില്‍ 270 കോടി രൂപയുടെ നിക്ഷേപമാണ് ടിമാസെക് നടത്തിയത്. വേദ കോര്‍പ്പറേറ്റ് അഡ്‌വൈസേഴ്‌സ് മുഖേനയാണ് ഇടപാട് നടന്നത്.

മൂന്നാം നിക്ഷേപ സമാഹരണത്തിലാണ് ഡോ. അഗര്‍വാള്‍ ഹെല്‍ത്ത്‌കെയറിന് ടിമാസെകില്‍ നിന്നുള്ള നിക്ഷേപം നേടാനായത്. 2016ല്‍ ഏഷ്യയിലെ സ്വകാര്യ നിക്ഷേപ കമ്പനിയായ എഡിവി പാര്‍ട്‌ണേഴ്‌സില്‍ നിന്നും 270 കോടി രൂപയുടെ നിക്ഷേപം അഗര്‍വാള്‍ ഹെല്‍ത്ത്‌കെയര്‍ സമാഹരിച്ചിരുന്നു. കൂടാതെ 2017ല്‍ ഈഡ്‌വീസില്‍ നിന്നും 160 കോടി രൂപയും(കടം) ഡോ. അഗര്‍വാള്‍ ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റല്‍ സമാഹരിച്ചതായി കമ്പനി എംഡിയും ചെയര്‍മാനുമായ അമര്‍ അഗര്‍വാള്‍ അറിയിച്ചു. ഡോ. അഗര്‍വാള്‍ ഹെല്‍ത്ത്‌കെയര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഇനി മുതല്‍ ടിമാസെകില്‍ നിന്നുള്ള പ്രതിനിധിയും ഉണ്ടായിരിക്കുമെന്ന് അമര്‍ അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

2018 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള (സോവറീന്‍ ഫണ്ട്) ടിമാസെകിന്റെ ആകെ 235 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ 4 ശതമാനം ഇന്ത്യയില്‍ നിന്നുള്ളതാണ്. ആരോഗ്യരംഗത്ത് ഇതിന് മുമ്പ് മേദാന്ത മെഡിസിറ്റി, മണിപ്പാല്‍ ഹോസ്പിറ്റല്‍സ്, ഹെല്‍ത്ത്‌കെയര്‍ ഗ്ലോബല്‍ തുടങ്ങിയ സംരംഭങ്ങളിലും ടിമാസെക് നിക്ഷേപം നടത്തിയിട്ടുണ്ട്.

അതേസമയം നിക്ഷേപ സമാഹരണങ്ങള്‍ക്ക് ശേഷവും കമ്പനിയിലെ ഭൂരിഭാഗം ഓഹരികള്‍ ഇപ്പോഴും ഡോ. അഗര്‍വാള്‍ ഗ്രൂപ്പിന്റെ കയ്യില്‍ തന്നെയാണുള്ളതെന്ന് അമര്‍ അഗര്‍വാള്‍ വ്യക്തമാക്കി. എഡിവിയ്ക്കും ടിമാസെകിനും ചെറിയൊരു ശതമാനം ഓഹരികള്‍ മാത്രമാണ് കമ്പനിയിലുള്ളതെന്ന് പറയുമ്പോഴും കൃത്യമായി എത്രശതമാനം ഓഹരികളാണ് ഇവര്‍ വാങ്ങിയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയിലും വിദേശത്തുമായി 76 ആശുപത്രികളാണ് ഡോ.അഗര്‍വാള്‍ ഹെല്‍ത്ത്‌കെയറിനുള്ളത്. അടുത്ത 15 മാസത്തിനുള്ളില്‍ 25 എണ്ണം കൂടി നിര്‍മ്മിച്ച് 100 ആശുപത്രികളെന്ന നേട്ടം കൈവരിക്കുമെന്നും അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 150 ആശുപത്രികള്‍ സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് കമ്പനിക്കുള്ളതെന്നും അമര്‍ അഗര്‍വാള്‍ വ്യക്തമാക്കി. പങ്കാളിത്തത്തിലൂടെയും ഏറ്റെടുക്കലിലൂടെയും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പുതിയതായി കൂട്ടിച്ചേര്‍ക്കുന്ന ആശുപത്രികളില്‍ 65 ശതമാനം ബ്രൗണ്‍ഫീല്‍ഡില്‍ നിന്നുള്ളതും ബാക്കി ഗ്രീന്‍ഫീല്‍ഡില്‍ നിന്നുള്ളതും ആയിരിക്കുമെന്ന് കമ്പനി സിഇഒ ആദില്‍ അഗര്‍വാള്‍ അറിയിച്ചു.

നിക്ഷേപത്തിന് പുറമേ വെരിലി ലൈഫ് സയന്‍സ് ഉള്‍പ്പടെ സാങ്കേതികതലത്തിലുള്ള നൂതന സംവിധാനങ്ങള്‍ ആശുപത്രികളില്‍ കൊണ്ടുവരാനും ടിമാസെക് ശ്രമിക്കാറുണ്ട്. നിലവില്‍ 500 കോടി രൂപയുടെ വരുമാനമുള്ള ഡോ.അഗര്‍വാള്‍ ഹെല്‍ത്ത്‌കെയര്‍ പുതിയ ആശുപത്രികളുടെ വരവോടെ 1500 കോടി വരുമാനമുള്ള കമ്പനിയായി മാറുമെന്ന് അമര്‍ അഗര്‍വാള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം ടിമാസെകില്‍ നിന്നുള്ള നിക്ഷേപത്തെ മുന്‍ നിക്ഷേപകരായ എഡിവി പാര്‍ട്‌ണേഴ്‌സ് സ്വാഗതം ചെയ്തു. ഡോ.അഗര്‍വാള്‍ ഗ്രൂപ്പിന്റെ വളര്‍ച്ചാഗാഥയില്‍ പങ്കാളിയാകാനും ഇന്ത്യയിലെ നേത്രസംരംക്ഷണ ചികിത്സാരംഗത്ത് കമ്പനിക്കുള്ള ആധിപത്യത്തിന് ശക്തിപകരാനും ടിമാസെക് നിക്ഷേപത്തിലൂടെ സാധിക്കുമെന്ന് എഡിവി പാര്‍ട്‌ണേഴ്‌സ് സ്ഥാപകന്‍ സുരേഷ് പ്രബല പറഞ്ഞു.

Comments

comments

Categories: Business & Economy