ടാറ്റാ ട്രസ്റ്റ്‌സിന്റെ നേതൃത്വത്തില്‍ അഴിച്ചുപണി

ടാറ്റാ ട്രസ്റ്റ്‌സിന്റെ നേതൃത്വത്തില്‍ അഴിച്ചുപണി

വരുന്ന മാസങ്ങള്‍ ട്രസ്റ്റികളായി കൂടുതല്‍ പേര്‍ കൂട്ടിച്ചേര്‍ക്കപ്പെടും, ഉന്നത തലത്തിലെ ഘടനയില്‍ മാറ്റം വന്നേക്കും

ന്യൂഡെല്‍ഹി: ടാറ്റാ ട്രസ്റ്റ്‌സ് തങ്ങളുടെ നേതൃത്തില്‍ സമൂലമായ അഴിച്ചുപണി നടത്തുന്നു. ടാറ്റാ കുടുംബത്തിനു കീഴില്‍ നിരവധി ജീവകാരുണ്യ സംരംഭങ്ങളുടെ കൂട്ടായ്മയായ ടാറ്റാ ട്രസ്റ്റ്‌സിന് ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റാ സണ്‍സില്‍ 65 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ബുധനാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗമാണ് നിര്‍ണായക മാറ്റങ്ങള്‍ക്ക് തീരുമാനിച്ചത്. സര്‍ ദൊറാര്‍ബ്ജി ടാറ്റാ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി സ്ഥാനത്ത് നിന്ന് ആര്‍ വെങ്കട്ട രമണന്‍ പടിയിറങ്ങുകയാണ്.

പുതുതായി രണ്ട് പേര്‍ ട്രസ്റ്റിന്റെ ഭാഗമായി എത്തുകയും ചെയ്യുന്നു. ടാറ്റ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്റ്ററും ട്രെന്‍ട് ചെയര്‍മാനുമായ നോയല്‍ എന്‍ ടാറ്റയും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ ജഹാംഗീര്‍ എച്ച്‌സി ജഹാംഗീറും സര്‍ രത്തന്‍ ടാറ്റാ ട്രസ്റ്റിന്റെ ട്രസ്റ്റികളായി ചേര്‍ക്കപ്പെടുകയാണ്. ടാറ്റാഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരമായ നോയല്‍ ടാറ്റ ട്രസ്റ്റിന്റെ ഭാഗമാകുന്നത് ഏറെ കൗതുകകരമായാണ് വിലയിരുത്തപ്പെടുന്നത്. ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നേരത്തേ പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രിയുടെ സഹോദരി ഭര്‍ത്താവ് കൂടിയാണ് 62 കാരനായ അദ്ദേഹം. ടാറ്റാ കുടുംബത്തിന്റെ വലിയ അളവില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത പേരുകാരനായ അദ്ദേഹം വ്യക്തി ജീവിതത്തെയും ബിസിനസിനെയും വേറിട്ട് കണ്ട് പ്രവര്‍ത്തിക്കുന്നയാണാണ്. ട്രെന്‍ടിന്റെ ലാഭക്ഷമത ഉയര്‍ത്തുന്നതില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച വെച്ചിട്ടുള്ളത്.

വരുന്ന മാസങ്ങള്‍ ട്രസ്റ്റികളായി കൂടുതല്‍ പേര്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന വിവരമാണ് ടാറ്റാ ട്രസ്റ്റില്‍ നിന്നു ലഭിക്കുന്നത്. 65 കാരനായ ജഹാംഗില്‍ പൂനെയിലെ ജഹാംഗീര്‍ ഹോസ്പിറ്റലിന്റെ ചെയര്‍മാനാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മറ്റ് പല കമ്പനികളുടെയും ഡയറക്റ്റര്‍ ബോര്‍ഡിലുണ്ട്. ജഹാംഗീറിന്റെ വരവ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ദിശാബോധം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രത്തന്‍ ടാറ്റയുടെ വിശ്വസ്തനായി അറിയപ്പെട്ടുന്ന വെങ്കടിന്റെ പടിയിറക്കവും കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അടുത്തിടെ ആദായ നികുതി വകുപ്പ് പുറത്തിറക്കിയ ഉത്തരവും ഇതിലേക്ക് വഴിതെളിച്ചുവെന്നാണ് വിലയിരുത്തല്‍. മാനേജിംഗ് ട്രസ്റ്റിക്ക് നല്‍കുന്ന പ്രതിഫല തുകയിലെ നഷ്ടപരിഹാരം വളരേ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി സര്‍ ദൊറാര്‍ബ്ജി ടാറ്റാ ട്രസ്റ്റിനെ നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആദായ നികുതി വകുപ്പ് വിസമ്മതിക്കുകയായിരുന്നു. ടാറ്റാ ട്രസ്റ്റ്‌സിനു കീഴിലെ ഏറ്റവും വലിയ ട്രസ്റ്റാണിത്. അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ അദ്ദേഹം മാര്‍ച്ച് 31 വരെ പദവിയില്‍ തുടരുമെന്നാണ് ടാറ്റ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കിയിട്ടുള്ളത്.

ടാറ്റാ ട്രസ്റ്റ്‌സിന്റെ ഉന്നത തലത്തിലെ ഘടനയിലും മാറ്റമുണ്ടാകുമെന്ന് സൂചനയുണ്ട്. മാനേജിംഗ് ട്രസ്റ്റി സ്ഥാനം ഒഴിവാക്കി പകരം ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറെ നിയമിച്ചേക്കും. വെങ്കട്ട രമണന് അന്താരാഷ്ട്ര തലത്തില്‍ പുതിയ ചുമതല നല്‍കിയേക്കും എന്നും ടാറ്റ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Comments

comments

Categories: Business & Economy
Tags: tata trust