യുദ്ധമെങ്കില്‍ യുദ്ധം; സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്‍ എത്തി

യുദ്ധമെങ്കില്‍ യുദ്ധം; സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്‍ എത്തി

ഡെല്‍ഹി എക്‌സ് ഷോറൂം വില 54,399 രൂപ

ന്യൂഡെല്‍ഹി : ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന്റെ ‘കാര്‍ഗില്‍ എഡിഷന്‍’ വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റാര്‍ സിറ്റി പ്ലസിന്റെ എസ്ബിടി (സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്‌നോളജി) വേരിയന്റ് അടിസ്ഥാനമാക്കിയാണ് കാര്‍ഗില്‍ എഡിഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. 54,399 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡുവല്‍ ടോണ്‍ എസ്ബിടി വേരിയന്റിനേക്കാള്‍ 1,035 രൂപ കൂടുതല്‍. വെളുപ്പ്, പച്ച നിറങ്ങളോടെ ഡുവല്‍ ടോണ്‍ കളര്‍ സ്‌കീം, കാമഫഌഷ് ഗ്രാഫിക്‌സ് എന്നിവ കാര്‍ഗില്‍ എഡിഷന്‍ മോട്ടോര്‍സൈക്കിളിന്റെ ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നു. പിന്‍ഭാഗത്ത് ‘കാര്‍ഗില്‍’ എംബ്ലം കാണാം.

ഇന്ത്യന്‍ സൈനികര്‍ക്ക് ആദരമര്‍പ്പിച്ചാണ് കാര്‍ഗില്‍ എഡിഷന്‍ പുറത്തിറക്കുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രസ്താവിച്ചു. കാര്‍ഗില്‍ യുദ്ധമാണ് കാര്‍ഗില്‍ എഡിഷന് പ്രചോദനമായത്. ടിവിഎസ് കഴിഞ്ഞ വര്‍ഷം ‘കാര്‍ഗില്‍ കോളിംഗ്-റൈഡ് ഫോര്‍ ദ റിയല്‍ സ്റ്റാര്‍സ്’ റൈഡ് സംഘടിപ്പിച്ചിരുന്നു. കാര്‍ഗില്‍ വിജയ് ദിവസ് (ജൂലൈ 26) പ്രമാണിച്ചായിരുന്നു റൈഡ്. കാര്‍ഗില്‍ പ്രചോദിത സ്റ്റാര്‍ സിറ്റി പ്ലസ് ബൈക്കുകളാണ് അഞ്ച് നഗരങ്ങളിലെ റൈഡുകളില്‍ പങ്കെടുത്തത്.

കാര്‍ഗില്‍ എഡിഷന്‍ പുറത്തിറക്കിയപ്പോഴും മോട്ടോര്‍സൈക്കിളില്‍ മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. നിലവിലെ അതേ 109.7 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ 8.4 എച്ച്പി കരുത്തും 8.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 4 സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്‍ മോട്ടോര്‍സൈക്കിള്‍ ലിമിറ്റഡ് എഡിഷനാണെന്ന് ടിവിഎസ് അറിയിച്ചു. പരിമിത എണ്ണം മാത്രം നിര്‍മ്മിക്കുന്നതിനാല്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ എത്രയും വേഗം ഡീലര്‍ഷിപ്പുകളിലെത്തണം.

Categories: Auto