‘റാഫേലില്‍ നിക്ഷേപിക്കാന്‍ പണമുള്ള അംബാനിക്ക് ഞങ്ങള്‍ക്ക് തരാനില്ല’ : എറിക്‌സണ്‍

‘റാഫേലില്‍ നിക്ഷേപിക്കാന്‍ പണമുള്ള അംബാനിക്ക് ഞങ്ങള്‍ക്ക് തരാനില്ല’ : എറിക്‌സണ്‍

റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിനെ ഒരൊറ്റ സ്ഥാപനമായി കണക്കാക്കണമെന്നും ആവശ്യം

ന്യൂഡെല്‍ഹി: തങ്ങള്‍ക്കുള്ള തിരിച്ചടവ് മുടക്കിയതുമായി ബന്ധപ്പെട്ട അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരായ കോടതിയലക്ഷ്യ നീക്കങ്ങള്‍ ശക്തമാക്കി സ്വീഡിഷ് ടെലികോം കമ്പനി എറിക്‌സണ്‍. തിരിച്ചടവ് മുടക്കിയതിന്റെ ഒഴിവുകഴിവായി പണച്ചുരുക്കത്തെ അനില്‍ അംബാനി ചൂണ്ടിക്കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും റാഫേല്‍ കരാര്‍ പോലൊരു വന്‍ പ്രതിരോധ കരാറില്‍ നിക്ഷേപം നടത്താന്‍ മാത്രം ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് അദ്ദേഹത്തിന്റേതെന്നും എറിക്‌സണ്‍ കോടതിയില്‍ വാദിച്ചു.

റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിനെ ഒരൊറ്റ സ്ഥാപനമായി കണക്കാക്കണമെന്നും ആര്‍കോം വീഴ്ച വരുത്തിയ ബാധ്യതകള്‍ തീര്‍ക്കാന്‍ ഗ്രൂപ്പിന് ഉത്തരവാദിത്തമുണ്ടെന്നും എറിക്‌സണിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ സുപ്രീംകോടതിയില്‍ വാദിച്ചു. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേല്‍ക്കുന്നത്.

550 കോടിയുടെ തിരിച്ചടവിന്റെ കാര്യത്തില്‍ കോടതിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ അനില്‍ അംബാനി തയാറാകുന്നില്ല. ഓഹരി വിപണിയില്‍ ആര്‍കോം നടത്തിയ ഫയലിംഗില്‍ പറയുന്നത് റിലയന്‍സ് ജിയോയ്ക്ക് ഫൈബര്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യ ആസ്തികള്‍ കൈമാറാനുള്ള കരാറിലൂടെ 5000 കോടി രൂപ ലഭിച്ചെന്നാണ്. ഇത് ഓഹരി വിപണിയില്‍ ആര്‍കോമിന്റെ മൂല്യം ഉയരാനും ഇടയാക്കിയിട്ടുണ്ട്. സ്‌പെക്ട്രം, മൊബീല്‍ ടവറുകള്‍ എന്നിവയുടെ വില്‍പ്പനയ്ക്ക് ജിയോയുമായി പ്രഖ്യാപിച്ചിട്ടുള്ള 18.100 കോടി രൂപയുടെ കരാറിന് പുറമേയാണിതെന്ന് ദാവെ ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് കോടി രൂപ വ്യക്തിഗതമായ സമ്പാദ്യമുണ്ടായിലും കോടതിയില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ തിരിച്ചടവ് നടത്താതിരിക്കുകയാണ്. ചക്രവര്‍ത്തിമാരെ പോലെ ജീവിക്കുകയും റാഫേല്‍ പോലുള്ള വന്‍കിട കരാറിനായി നിക്ഷേപിക്കുകയും ചെയ്യുന്നു. കോടതിയലക്ഷ്യ ഹര്‍ജി പിന്‍വലിക്കുകയാണെങ്കില്‍ തിരിച്ചടവ് നടത്താമെന്ന് ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുള്ളത് പണമുണ്ടെന്നതിന് തെളിവാണ്. വായ്പ നല്‍കിയ ബാങ്കുകള്‍ അനില്‍ അംബാനിയെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും ദാവെ പറഞ്ഞു.

എന്നാല്‍ തങ്ങള്‍ കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്നാണ് ആര്‍കോം വാദിക്കുന്നത്. ജിയോയുമായുള്ള 18,100 കോടി രൂപയുടെ കരാറിന്റെ ഫലം അനുസരിച്ച് തിരിച്ചടവില്‍ തീര്‍പ്പാക്കാം എന്നായിരുന്നു കമ്പനി അറിയിച്ചത്. എന്നാല്‍ കരാര്‍ വിവിധ കാരണങ്ങളാല്‍ യാഥാര്‍ത്ഥ്യമാക്കാനായിട്ടില്ല. ഉണ്ടാക്കിയ 5000 കോടി രൂപയുടെ കരാറിന്റെ ഭാഗമായി 780 കോടി മാത്രമാണ് ജിയോയില്‍ നിന്ന് ലഭിച്ചിട്ടുള്ളതെന്നും അനില്‍ അംബാനിക്ക് വേണ്ടി ഹാജരായ മുകുള്‍ റോഹത്ഗി അറിയിച്ചു. ഈ തുക കമ്പനിയുടെ ടെലികോം ലൈസന്‍സ് നഷ്ടപ്പെടാതിരിക്കാന്‍ വായ്പാദാതാക്കള്‍ ചേര്‍ന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് നല്‍കുകയായിരുന്നുവെന്നും അദ്ദേഗം കൂട്ടിച്ചേര്‍ത്തു. കേസില്‍ നാലുമണിക്കൂറോളം വാദം കേട്ട സൂപ്രീം കോടതി വിധി പറയുന്നത് മാറ്റിവെച്ചു.

Comments

comments

Categories: FK News
Tags: Ericcson