റിയല്‍ എസ്‌റ്റേറ്റ് ജിസ്എടിയും കുറച്ചേക്കും

റിയല്‍ എസ്‌റ്റേറ്റ് ജിസ്എടിയും കുറച്ചേക്കും

അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ റിയല്‍റ്റി മേഖലയിലെ ജിഎസ്ടി നിരക്കുകള്‍ പുനരവലോകനം ചെയ്യുമെന്ന് പീയുഷ് ഗോയല്‍

ന്യൂഡെല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്ന കാര്യം അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ആക്റ്റിംഗ് ധനമന്ത്രി പീയുഷ് ഗോയല്‍. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പാതിവഴിയില്‍ മുടങ്ങികിടക്കുന്ന, നിര്‍മാണത്തിലിരിക്കുന്ന ഭവനനിര്‍മാണ പദ്ധതികള്‍ക്ക് പുനര്‍ജീവനേകാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂഡെല്‍ഹിയില്‍ നടന്ന ക്രെഡായ് യൂത്ത്‌കോണ്‍ 2019 ല്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. രാജ്യത്തെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിര്‍മാണ, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും ഗോയല്‍ നിരീക്ഷിച്ചു.

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള ജിഎസ്ടി അഞ്ച് ശതമാനമാക്കണമെന്നാണ്് ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ജിഎസ്്ടി മന്ത്രിതല സംഘം നിര്‍ദേശിച്ചിരിക്കുന്നത്. സമിതി ഇത് അംഗീകരിച്ചാല്‍ മേഖലക്ക് വന്‍ ഉണര്‍വാകും. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് റിയല്‍റ്റി മേഖലക്ക് നല്‍കുന്നത് സംബന്ധിച്ചും തീരുമാനമെടുക്കേണ്ടതുണ്ട്.

റിയല്‍റ്റി മേഖലയോടുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യതയില്‍ കുറവു വന്നിട്ടുണ്ടെന്നും അതിനാല്‍ പ്രതിച്ഛായ വീണ്ടെടുക്കാന്‍ പരിശ്രമിക്കണമെന്നുമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നത്. ഉപഭോക്താക്കളുടെ ആശങ്കയകറ്റാനും മേഖലയുടെ സുതാര്യത ഉറപ്പു വരുത്താനം ലക്ഷ്യമിട്ടാണ് റിയല്‍ എസ്‌റ്റേറ്റ് (റെറ) നിയമം, ബേനാമി നിയമം എന്നിവ കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇടക്കാല കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍, ചെലവു കുറഞ്ഞ ഭവന നിര്‍മാണത്തിന് നികുതിയിളവ് പ്രഖ്യാപിക്കുകയും ദ്വീതീയ ഭവനങ്ങളുടെയും വിറ്റഴിക്കപ്പെടാത്ത കെട്ടിടങ്ങളുടെയും സങ്കീര്‍ണമായ വാടകയിലെ നികുതി നീക്കുകയും ചെയ്തിരുന്നു. ഭവന പദ്ധതികള്‍ക്കായി ആദായ നികുതി നിയമത്തിന്റെ സെക്ഷന്‍ 80-ഐബിഎക്കു കീഴിലുള്ള ആനുകൂല്യങ്ങളുടെ കാലപരിധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചിരുന്നു.

Categories: Business & Economy, Slider
Tags: GST, Real estate