നഗരവീഥികള്‍ വാഴാന്‍ പുതിയ സ്ട്രീറ്റ് ട്വിന്‍, സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍

നഗരവീഥികള്‍ വാഴാന്‍ പുതിയ സ്ട്രീറ്റ് ട്വിന്‍, സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍

ഡെല്‍ഹി എക്‌സ് ഷോറൂം വില യഥാക്രമം 7.45 ലക്ഷം രൂപ, 8.55 ലക്ഷം രൂപ

ന്യൂഡെല്‍ഹി : 2019 മോഡല്‍ ട്രയംഫ് സ്ട്രീറ്റ് ട്വിന്‍, 2019 മോഡല്‍ ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്ട്രീറ്റ് ട്വിന്‍ ബൈക്കിന് 7.45 ലക്ഷം രൂപയും സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ മോഡലിന് 8.55 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. 2019 വര്‍ഷത്തേയ്ക്കായി ഇരു മോഡലുകളും കാര്യമായി പരിഷ്‌കരിച്ചു. ഡുകാറ്റി സ്‌ക്രാംബ്ലര്‍ ഐക്കണ്‍ മോഡലാണ് 2019 സ്ട്രീറ്റ് ട്വിന്‍ മോട്ടോര്‍സൈക്കിളിന്റെ പ്രധാന എതിരാളി. ഡുകാറ്റി സ്‌ക്രാംബ്ലര്‍ ഡെസേര്‍ട്ട് സ്ലെഡ് മോട്ടോര്‍സൈക്കിളിനെതിരെയാണ് 2019 സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ മല്‍സരിക്കേണ്ടത്.

സ്ട്രീറ്റ് ട്വിന്‍ മോട്ടോര്‍സൈക്കിളില്‍ റോഡ്, റെയ്ന്‍ എന്നീ രണ്ട് പുതിയ റൈഡിംഗ് മോഡുകള്‍ നല്‍കിയിരിക്കുന്നു. സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ മോഡലിന് ഓഫ് റോഡ് മോഡ് അധികം ലഭിച്ചു. ഓഫ് റോഡ് മോഡ് സെലക്റ്റ് ചെയ്താല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ പുതിയ സ്ട്രീറ്റ് സ്‌ക്രാംബ്ലറില്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ കഴിയും. പുതിയ അലോയ് വീലുകള്‍ ട്രയംഫ് സ്ട്രീറ്റ് ട്വിന്‍ മോട്ടോര്‍സൈക്കിളിന് പുതുമ നല്‍കുന്നു. ഇന്ധന ടാങ്കിലെന്ന പോലെ പുതിയ ഗ്രാഫിക്‌സ് നല്‍കി സൈഡ് പാനലുകള്‍ പരിഷ്‌കരിച്ചു. 2019 മോഡല്‍ സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളിലെ ഇന്ധന ടാങ്കില്‍ പുതിയ ‘ട്രയംഫ്’ ലോഗോ കാണാം. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പുതിയതാണ്.

രണ്ട് മോട്ടോര്‍സൈക്കിളുകളും 900 സിസി, ‘ഹൈ-ടോര്‍ക്ക്’ പാരലല്‍-ട്വിന്‍ എന്‍ജിന്‍ തുടരും. എന്നാല്‍ ഇപ്പോള്‍ പുതിയതും ഭാരം കുറഞ്ഞതുമായ എന്‍ജിന്‍ ഘടകങ്ങള്‍ (ക്രാങ്ക്ഷാഫ്റ്റ്, ഡെഡ് ഷാഫ്റ്റുകള്‍, ബാലന്‍സര്‍ ഷാഫ്റ്റുകള്‍, മഗ്നീഷ്യം കാം കവര്‍, ഭാരം കുറഞ്ഞ ക്ലച്ച്) നല്‍കിയിരിക്കുന്നു. കൂടാതെ, എന്‍ജിന്റെ കംപ്രഷന്‍ അനുപാതം 10.6:1 ല്‍നിന്ന് 11:1 ആയി വര്‍ധിച്ചു. മോട്ടോര്‍സൈക്കിളുകളുടെ എന്‍ജിന്‍ കരുത്ത് ഇപ്പോള്‍ 18 ശതമാനം വര്‍ധിച്ചു. അതായത് 54 ബിഎച്ച്പി ഇപ്പോള്‍ 64 ബിഎച്ച്പിയാണ് (7,500 ആര്‍പിഎം). 80 ന്യൂട്ടണ്‍ മീറ്ററാണ് പുതിയ ടോര്‍ക്ക് ഔട്ട്പുട്ട് (സ്ട്രീറ്റ് സ്‌ക്രാംബ്ലറിന് 3,200 ആര്‍പിഎമ്മില്‍, സ്ട്രീറ്റ് ട്വിന്‍ മോഡലിന് 3,800 ആര്‍പിഎമ്മില്‍). പവര്‍ ഔട്ട്പുട്ട് കണ്‍ക്കിലെടുക്കുമ്പോള്‍ ഇരു മോട്ടോര്‍സൈക്കിളുകള്‍ക്കും അല്‍പ്പം വ്യത്യസ്തമായ ട്യൂണിംഗ് ലഭിച്ചിരിക്കുന്നു.

മികച്ച സ്റ്റബിലിറ്റി, ഹാന്‍ഡ്‌ലിംഗ് എന്നിവ ലഭിക്കുന്നതിന് കാര്‍ട്രിഡ്ജ് ടൈപ്പ് കെവൈബി ഫ്രണ്ട് ഫോര്‍ക്ക് നല്‍കിയതാണ് 2019 മോഡല്‍ സ്ട്രീറ്റ് ട്വിന്‍ മോട്ടോര്‍സൈക്കിളിലെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച പരിഷ്‌കാരം. ബ്രെംബോ 4 പിസ്റ്റണ്‍ കാലിപറുകള്‍ പുതുതായി നല്‍കി. ഡുവല്‍ ചാനല്‍ എബിഎസ് അടിസ്ഥാന സുരക്ഷാ ഫീച്ചറാണ്. 2019 സ്ട്രീറ്റ് സ്‌ക്രാംബ്ലറിന്റെ ഹാന്‍ഡില്‍ബാറുകള്‍ 835 എംഎം വീതിയേറിയതാണ്. സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ മോഡലിനും പുതിയ കാര്‍ട്രിഡ്ജ് ടൈപ്പ് ഫ്രണ്ട് ഫോര്‍ക്കുകള്‍ ലഭിച്ചു. മികച്ച റോഡ് സാന്നിധ്യം കാഴ്ച്ചവെയ്ക്കുന്ന 2019 മോഡല്‍ ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ അഗ്രസീവ് പ്രകൃതക്കാരനാണ്. ഫ്രണ്ട് ഫോര്‍ക്കുകള്‍ പുതിയതാണെങ്കിലും പണ്ടത്തെപ്പോലെ 120 എംഎം ട്രാവല്‍ ചെയ്യും. എന്നാല്‍ ക്രമീകരിക്കാന്‍ കഴിയില്ല. സ്റ്റാന്‍ഡേഡ് എബിഎസ് സഹിതം മുന്നിലെ ബ്രേക്കിന് ബ്രെംബോ 4 പിസ്റ്റണ്‍ കാലിപര്‍ നല്‍കി.

Comments

comments

Categories: Auto