പുതിയ കാറുകളില്‍ ഓട്ടോമാറ്റിക് ബ്രേക്കിംഗ് നിര്‍ബന്ധമാകും

പുതിയ കാറുകളില്‍ ഓട്ടോമാറ്റിക് ബ്രേക്കിംഗ് നിര്‍ബന്ധമാകും

ഓട്ടോമേറ്റഡ് എമര്‍ജന്‍സി ബ്രേക്കിംഗ് (എഇബി) അടിസ്ഥാന സുരക്ഷാ ഫീച്ചറായി നിര്‍ബന്ധമാക്കാമെന്ന് നാല്‍പ്പത് രാജ്യങ്ങള്‍ സമ്മതിച്ചു

ജനീവ : അടുത്ത വര്‍ഷത്തോടെ പുതിയ കാറുകളിലും ലഘു വാണിജ്യ വാഹനങ്ങളിലും ഓട്ടോമാറ്റിക് ബ്രേക്കിംഗ് നിര്‍ബന്ധമാകും. ഓട്ടോമേറ്റഡ് എമര്‍ജന്‍സി ബ്രേക്കിംഗ് (എഇബി) അടിസ്ഥാന സുരക്ഷാ ഫീച്ചറായി നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി നാല്‍പ്പത് രാജ്യങ്ങള്‍ സമ്മതമറിയിച്ചു. എന്നാല്‍ യുഎസ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. വാഹന വ്യവസായത്തിന്റെ കാര്യം വരുമ്പോള്‍, യുഎന്‍ നിയന്ത്രണങ്ങളേക്കാള്‍ തങ്ങളുടെ ദേശീയ നിയമങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് യുഎസ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ അറിയിച്ചു. കരാറില്‍ ഒപ്പുവെച്ച രാജ്യങ്ങളില്‍ വില്‍ക്കുന്ന പുതിയ കാറുകളില്‍ മാത്രമാണ് സുരക്ഷാ ഫീച്ചര്‍ നിര്‍ബന്ധമാക്കുന്നത്.

യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിനുകീഴിലെ അഞ്ച് മേഖലാ കമ്മീഷനുകളിലൊന്നായ യുണൈറ്റഡ് നേഷന്‍സ് ഇക്കോണമിക് കമ്മീഷന്‍ ഫോര്‍ യൂറോപ്പാണ് (യുഎന്‍ഇസിഇ) സുരക്ഷാ ഫീച്ചര്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിച്ചത്. പുതിയ സുരക്ഷാ മാനദണ്ഡം ജപ്പാനില്‍ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും. ഓട്ടോമേറ്റഡ് എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനം യൂറോപ്യന്‍ യൂണിയനും അയല്‍ രാജ്യങ്ങളും 2022 ല്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ആഗോളതലത്തില്‍ നിരവധി കാറുകളില്‍ എഇബി നല്‍കിവരുന്നുണ്ട്.

സെന്‍സറുകളുടെ അടിസ്ഥാനത്തിലാണ് എഇബി സംവിധാനം പ്രവര്‍ത്തിക്കുന്നത്. മറ്റൊരു വാഹനത്തെയോ കാല്‍നടയാത്രക്കാരനെയോ ഇടിക്കുമെന്ന് ഉറപ്പാകുന്നപക്ഷം വാഹനം ഓട്ടോമാറ്റിക്കായി ബ്രേക്കിംഗ് നടത്തുന്നതാണ് എഇബി. നഗരവീഥികളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന തരത്തിലാണ് എഇബി സംവിധാനം ഇപ്പോള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നഗരങ്ങളിലാണ് വാഹനങ്ങള്‍ അടുത്തടുത്തായി സഞ്ചരിക്കുന്നത് എന്നതുതന്നെ കാരണം. കൂടാതെ ധാരാളം കാല്‍നടയാത്രക്കാരെയും പ്രതീക്ഷിക്കാം. അപകടം ഇല്ലാതാക്കുന്നതിന് ഡ്രൈവര്‍ യഥാസമയം പ്രതികരിച്ചില്ലെങ്കില്‍ മാത്രമായിരിക്കും എഇബി പ്രവര്‍ത്തിക്കുന്നത്. ഓട്ടോമേറ്റഡ് ബ്രേക്കിംഗ് സംവിധാനത്തെ മറികടന്ന് ഡ്രൈവര്‍ക്ക് ഏതുസമയത്തും വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയും. മണിക്കൂറില്‍ 60 കിലോമീറ്ററിലോ അതില്‍ താഴെയോ വേഗത്തില്‍ സഞ്ചരിക്കുമ്പോഴാണ് എഇബി പ്രവര്‍ത്തനക്ഷമമാകുന്നത്.

Comments

comments

Categories: Auto