വിപണിയില്‍ തരംഗമാകാന്‍ മഹീന്ദ്ര എക്‌സ്‌യുവി 300

വിപണിയില്‍ തരംഗമാകാന്‍ മഹീന്ദ്ര എക്‌സ്‌യുവി 300

ഇന്ത്യ എക്‌സ് ഷോറൂം വില 7.90 ലക്ഷം മുതല്‍ 11.99 ലക്ഷം രൂപ വരെ

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയായ എക്‌സ്‌യുവി 300 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.90 ലക്ഷം മുതല്‍ 11.99 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഡബ്ല്യു4, ഡബ്ല്യു6, ഡബ്ല്യു8, ഡബ്ല്യു8 (ഒ) എന്നീ നാല് വേരിയന്റുകളില്‍ ലഭിക്കും. റെഡ് റേജ്, സണ്‍ബര്‍സ്റ്റ് ഓറഞ്ച്, നപ്പോളി ബ്ലാക്ക്, പേള്‍ വൈറ്റ്, ഡിസാറ്റ് സില്‍വര്‍, അക്വാമറൈന്‍ എന്നിവയാണ് ആറ് കളര്‍ ഓപ്ഷനുകള്‍. മാരുതി സുസുകി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, ഫോഡ് ഇക്കോസ്‌പോര്‍ട് തുടങ്ങിയ മോഡലുകളാണ് പ്രധാന എതിരാളികള്‍.

പുള്ളിപ്പുലിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ രൂപകല്‍പ്പന. എസ്‌യുവിയുടെ മുന്‍വശവും വശങ്ങളിലെ ക്യാരക്ടര്‍ ലൈനുകളും ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നു. വശങ്ങളില്‍നിന്ന് നോക്കുമ്പോള്‍ ക്രോസ്ഓവര്‍ പ്രകൃതം കാണാം. വീല്‍ ആര്‍ച്ചുകള്‍ക്ക് മുകളിലുള്ള ക്യാരക്ടര്‍ ലൈനുകള്‍ മാംസപേശിയാണെന്ന് തോന്നിപ്പിക്കുന്നു. 3990 എംഎം നീളം, 1820 എംഎം വീതി, 1620 എംഎം ഉയരം എന്നിങ്ങനെയാണ് മഹീന്ദ്ര എക്‌സ്‌യുവി 300 എസ്‌യുവിയുടെ വലുപ്പം സംബന്ധിച്ച കണക്കുകള്‍. 2620 മില്ലി മീറ്ററാണ് വീല്‍ബേസ്. സെഗ്‌മെന്റിലെ ഏറ്റവും വലുപ്പമേറിയ ഇന്റീരിയര്‍ പ്രതീക്ഷിക്കാം. 180 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

ചെറിയ ഗ്രില്‍, എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ (ഡിആര്‍എല്‍) എന്നിവ സവിശേഷ ലുക്ക് കാഴ്ച്ചവെയ്ക്കുന്നു. ബ്ലാക്ക് ഹൗസിംഗിലാണ് ഫോഗ് ലാംപുകള്‍ കുടികൊള്ളുന്നത്. ഫോഗ് ലാംപുകളെ കനം കുറഞ്ഞ ഡിആര്‍എല്‍ സ്ട്രിപ്പ് വഴി ഹെഡ്‌ലൈറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. താഴ്ഭാഗങ്ങളില്‍ പ്ലാസ്റ്റിക് ക്ലാഡിംഗ് നല്‍കി. ടെയ്ല്‍ലാംപുകള്‍ കൂടാതെ പിന്‍വശത്ത് റൂഫുമായി യോജിപ്പിച്ച സ്‌പോയ്‌ലര്‍ കാണാം.

മെമ്മറി ഫംഗ്ഷന്‍ സഹിതം ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മോഡുകള്‍ (കംഫര്‍ട്ട്, സ്‌പോര്‍ട്, നോര്‍മല്‍), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയവ ഫീച്ചറുകളാണ്. ഡബ്ല്യു8, പ്രത്യേകിച്ച് ഡബ്ല്യു8 (ഒ) വേരിയന്റില്‍ സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ നിരവധിയാണ്. ഡബ്ല്യു8 (ഒ) വേരിയന്റില്‍ നല്‍കിയിരിക്കുന്ന ഏഴ് എയര്‍ബാഗുകള്‍ സെഗ്‌മെന്റില്‍ ഇതാദ്യമാണ്. ഇലക്ട്രിക് സണ്‍റൂഫ്, ക്രൂസ് കണ്‍ട്രോള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റികള്‍ സഹിതം (ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ) പുതിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ആപ്പ് കണക്റ്റിവിറ്റിയും സാധ്യമാണ്. മഹീന്ദ്ര ബ്ലൂ സെന്‍സ് ആപ്പ് കണക്റ്റ് ചെയ്ത് നിങ്ങളുടെ ഡ്രൈവിംഗ് സ്‌കോര്‍ അറിയാം.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് മഹീന്ദ്ര എക്‌സ്‌യുവി 300 സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ എന്‍ജിന്‍ ഓപ്ഷനുകള്‍. 1,198 സിസി പെട്രോള്‍ എന്‍ജിന്‍ 110 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 1,492 സിസി ഡീസല്‍ എന്‍ജിന്‍ 115 ബിഎച്ച്പി കരുത്തും സെഗ്‌മെന്റില്‍ ഇതാദ്യമായി 300 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി നല്‍കി. ഓട്ടോമാറ്റിക് തല്‍ക്കാലം ലഭിക്കില്ല. പെട്രോള്‍ എന്‍ജിന്‍ 17 കിലോമീറ്ററും ഡീസല്‍ എന്‍ജിന്‍ 20 കിലോമീറ്ററും ഇന്ധനക്ഷമത സമ്മാനിക്കും.

ഇന്ത്യ എക്‌സ് ഷോറൂം വില

വേരിയന്റ് പെട്രോള്‍ എന്‍ജിന്‍ ഡീസല്‍ എന്‍ജിന്‍

ഡബ്ല്യു4 7.90 ലക്ഷം 8.49 ലക്ഷം

ഡബ്ല്യു6 8.75 ലക്ഷം 9.30 ലക്ഷം

ഡബ്ല്യു8 10.25 ലക്ഷം 10.80 ലക്ഷം

ഡബ്ല്യു8 (ഒ) 11.44 ലക്ഷം 11.99 ലക്ഷം

Categories: Auto