പരസ്യവിപണിക്ക് 16.4% വളര്‍ച്ചാ പ്രതീക്ഷയുമായി മാഡിസണ്‍ റിപ്പോര്‍ട്ട്

പരസ്യവിപണിക്ക് 16.4% വളര്‍ച്ചാ പ്രതീക്ഷയുമായി മാഡിസണ്‍ റിപ്പോര്‍ട്ട്

പൊതുതെരഞ്ഞെടുപ്പ്, ലോകകപ്പ് ക്രിക്കറ്റ്, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവ പരസ്യവിപണിക്ക് ഗുണം ചെയ്യും

ന്യൂഡെല്‍ഹി: പരസ്യ വിപണിക്ക് 16.4 ശതമാനത്തിന്റെ വളര്‍ച്ച പ്രവചിച്ച് 2019ലെ മാഡിസണ്‍ റിപ്പോര്‍ട്ട്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും പദ്ധതിയിനത്തിലുള്ള സര്‍ക്കാര്‍ ചിലവഴിക്കലിന്റെയും പശ്ചാത്തലത്തിലാണ് പരസ്യവിപണിക്ക് 2019 നല്ല വര്‍ഷമായിരിക്കുമെന്ന പ്രതീക്ഷ മാഡിസണ്‍ പങ്കുവെക്കുന്നത്.

2019ല്‍ പരസ്യങ്ങള്‍ക്ക് വേണ്ടി ആകെ 70,889 കോടി രൂപ ചിലവഴിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആകെ 60,908 കോടി രൂപയാണ് പരസ്യയിനത്തില്‍ ചിലവഴിക്കപ്പെട്ടത്.

ഡബ്ല്യൂപിപിയുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ പരസ്യ മാധ്യമമായ ഗ്രൂപ്പ് എമ്മും ഇന്ത്യയിലെ പരസ്യവിപണിയില്‍ ഈ വര്‍ഷം 14.3 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ലോകത്തില്‍ പരസ്യമേഖലയില്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറുമെന്ന് ഗ്രൂപ്പ് എം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഈ വര്‍ഷം, വരും വര്‍ഷം (ദിസ് ഇയര്‍, നെക്സ്റ്റ് ഇയര്‍) എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതീക്ഷിക്കപ്പെട്ടതിനേക്കാള്‍ വളര്‍ച്ചയാണ് 2018ല്‍ പരസ്യവിപണിക്കുണ്ടായത്.മാഡിസണ്‍ റിപ്പോര്‍ട്ട് പ്രകാരം 12.8 ശതമാനം വളര്‍ച്ചയായിരുന്നു കഴിഞ്ഞ വര്‍ഷം പ്രതീക്ഷപ്പെട്ടതെങ്കിലും 14.3 ശതമാനത്തിന്റെ വളര്‍ച്ച വിപണിയില്‍ ദൃശ്യമായി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മൊത്തം പരസ്യച്ചിലവ് (അഡെക്‌സ്) ഉണ്ടായതും കഴിഞ്ഞവര്‍ഷമാണ്, 7,769 കോടി രൂപ. എഫ്എംസിജി, ഓട്ടോമൊബൈല്‍സ്, റീട്ടെയ്ല്‍, ഇ-കൊമേഴ്‌സ് രംഗങ്ങളാണ് കഴിഞ്ഞ വര്‍ഷം അഡെക്‌സിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്.

ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2018 പരസ്യവിപണിക്ക് വളരെ നിര്‍ണ്ണായകമായ വളര്‍ച്ച സമ്മാനിച്ചുവെന്നും 2019ല്‍ ഈ വളര്‍ച്ചയുടെ തുടര്‍ച്ച പ്രതീക്ഷിക്കപ്പെടുന്നുവെന്നും മാഡിസണ്‍ വേള്‍ഡ് ചെയര്‍മാന്‍ സാം ബല്‍സാര പറഞ്ഞു. ഈ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പരസ്യവിപണിയെന്ന സ്ഥാനം ഇന്ത്യ തിരികെ പിടിച്ചുവെന്നും ബല്‍സാര കൂട്ടിച്ചേര്‍ത്തു.

38 ശതമാനവുമായി പരസ്യവിപണിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് ടെലിവിഷന്‍ രംഗമാണ്. 32 ശതമാനം പരസ്യവുമായി അച്ചടിരംഗം തൊട്ടുപിന്നില്‍ നില്‍ക്കുന്നു. 2018ല്‍ പരസ്യങ്ങള്‍ നല്‍കുന്നതിനായി ഏറ്റവും കൂടുതല്‍ പരസ്യദാതാക്കള്‍ തെരഞ്ഞെടുത്തും അച്ചടിരംഗത്തെയാണ്. 2,000 കമ്പനികള്‍ കഴിഞ്ഞ വര്‍ഷം പരസ്യങ്ങള്‍ നല്‍കുന്നതിനായി അച്ചടിമാധ്യമങ്ങള്‍ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ പോലെ അച്ചടി പരസ്യങ്ങള്‍ക്ക് വര്‍ഷം തോറും ഇത്രയേറെ വളര്‍ച്ചയുണ്ടാകുന്ന മറ്റൊരു രാജ്യവുമില്ല.

2019ല്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് 33 ശതമാനവും സിനിമ പരസ്യങ്ങള്‍ക്ക് 30 ശതമാനവും റേഡിയോ പരസ്യങ്ങള്‍ക്ക് 12 ശതമാനവും വളര്‍ച്ച ഉണ്ടാകുമെന്നും മാഡിസണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: FK News