ഇറ്റലിയിലെ ഈ ഗ്രാമത്തിലേക്ക് വരുന്നവര്‍ക്ക് സമ്മാനമായി നല്‍കുന്നത് 9,000 യൂറോ

ഇറ്റലിയിലെ ഈ ഗ്രാമത്തിലേക്ക് വരുന്നവര്‍ക്ക് സമ്മാനമായി നല്‍കുന്നത് 9,000 യൂറോ

മിലാന്‍: പൂക്കളുകള്‍ നിറഞ്ഞ മേച്ചില്‍ പ്രദേശം, മഞ്ഞ് മൂടിയ, ചെസ്റ്റ് നട്ട് എന്ന അലങ്കാര മരങ്ങളുള്ള മലനിരകള്‍, അവിടെ ഐസ് സ്‌കേറ്റ് നടത്താം, നീന്താം, ഗ്രാന്‍ പാരഡൈസോ എന്ന മലനിരകള്‍ക്കു കുറുകെ റോക്ക് ക്ലൈംബിംഗ് നടത്താം. ഇങ്ങനെയൊരു സ്ഥലത്ത് എത്തിയാല്‍ പ്രതിഫലം പണമായി ലഭിക്കുകയും ചെയ്യുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ. സ്വപ്‌നത്തില്‍ മാത്രമുള്ള ഒരു കാര്യമാണിത്.

എന്നാല്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ഇറ്റലിയിലെ പൈഡ്‌മോണ്ടിലുള്ള ലൊക്കാന എന്ന ഗ്രാമം ഏവരേയും സ്വാഗതം ചെയ്യുകയാണ്. പ്രത്യേകിച്ച് വിദേശികളെ. ആ ഗ്രാമത്തില്‍ വന്നു താമസിച്ചാല്‍ ഒരു വര്‍ഷം 9,000 യൂറോ(ഏകദേശം 7,21,430 രൂപ) പ്രതിഫലമായി നല്‍കുമെന്നാണു ലൊക്കാന മേയര്‍ ജിയോവാനി ബ്രൂണോ മാറ്റിയേറ്റ് അറിയിച്ചിരിക്കുന്നത്. ആദ്യം ഈ ഓഫര്‍ നല്‍കിയിരുന്നത് ഇറ്റലിക്കാര്‍ക്കു മാത്രമായിരുന്നെങ്കിലും ഇപ്പോള്‍ ഈ ഓഫര്‍ വിദേശികള്‍ക്കു കൂടി ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലൊക്കാനയില്‍ ജനസംഖ്യ ഇടിയുന്നതാണ് ഇത്തരമൊരു പരീക്ഷണത്തിനു മുതിരാന്‍ മേയറെ പ്രേരിപ്പിച്ചിരിക്കുന്നത്.

1900കളില്‍ ഈ ഗ്രാമത്തിലെ ജനസംഖ്യ ഏഴായിരമായിരുന്നു. ഇപ്പോള്‍ അത് 1500 ആയി ചുരുങ്ങി. ഇറ്റാലിയന്‍ നഗരമായ ടൂറിനിലെ വലിയ വ്യവസായശാലകളിലേക്കു തൊഴില്‍ തേടി ആളുകള്‍ പോയതാണു ജനസംഖ്യയില്‍ കുറവു വരാനുള്ള കാരങ്ങളിലൊന്നായി പറയുന്നത്. ലൊക്കാനയില്‍ ഓരോ വര്‍ഷവും 40ാളം പേര്‍ മരിക്കുന്നുണ്ട്. എന്നാല്‍ ജനനമാകട്ടെ 10 എണ്ണമാണ്. ലൊക്കാനയുടെ വിസ്തീര്‍ണം 132 ചതുരശ്ര കിലോമീറ്ററിലാണു പരന്നുകിടക്കുന്നത്. പ്രകൃതി രമണീയമാണിവിടം. ശുദ്ധ വായു ശ്വസിക്കാം, ഐസ് സ്‌കേറ്റിംഗ്, ട്രക്കിംഗ്, റോക്ക് ക്ലൈംബിംഗ്, സ്വിമ്മിംഗ് എന്നിവയ്ക്ക് പറ്റിയ സ്ഥലമാണ്. ഈ ഗ്രാമം സാമ്പത്തികമായും മെച്ചപ്പെട്ടതാണ്. ഇവിടെനിന്നാണു ഹൈഡ്രോ ഇലക്ട്രിക് ഊര്‍ജ്ജം ഇറ്റലിയുടെ മറ്റ് പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്നത്.

Categories: World
Tags: 9000 euro, Italy