ഇന്റെര്‍നെറ്റിനെ വരുതിയില്‍ നിര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിഒഎഐ

ഇന്റെര്‍നെറ്റിനെ വരുതിയില്‍ നിര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിഒഎഐ

സര്‍ക്കാരിന് പിന്തുണയുമായി റിലയന്‍സ് ജിയോ, പ്രതിഷേധങ്ങളെ ഗൗനിക്കരുത്

മുംബൈ വ്യാജ വാര്‍ത്തകളുടെ വ്യാപനം തടയുക എന്ന ലക്ഷ്യവുമായി ഇന്റെര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ). ഇന്റെര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള മധ്യസ്ഥ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം അനാവശ്യമാണെന്ന് സിഒഎഐ പ്രതിനിധീകരിച്ച് ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ ടെലികോം കമ്പനികള്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നടപടികള്‍ ഉപഭോക്താക്കളുടെ സ്വകാര്യത അവകാശങ്ങള്‍ക്ക് എതിരാണെന്നും ടെലികോം കമ്പനികള്‍ പറഞ്ഞു.

അതേസമയം ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികളെ അനുകൂലിക്കുന്ന നിലപാടാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടേത്.വിദ്വേഷവും അതിവികാരവും തീവ്രവാദവും പ്രചരിപ്പിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇന്റെര്‍നെറ്റിലൂടെ വ്യാപിക്കുന്നതിന് ടെലികോം കമ്പനികള്‍ മധ്യസ്ഥരായി നില്‍ക്കാന്‍ അനുവദിക്കരുതെന്നാണ് റിലയന്‍സ് ജിയോയുടെ നിലപാട്. ഈ വിഷയത്തില്‍ ടെലികോം കമ്പനികളില്‍ നിന്ന് ഉയരുന്ന പ്രതിഷേധസ്വരങ്ങളെ സര്‍ക്കാര്‍ ഗൗനിക്കേണ്ടതില്ലെന്നും ജിയോ പറയുന്നു.

എന്നാല്‍ രാജ്യത്തെ പൗരന്മാര്‍ക്കും ജനാധിപത്യ വ്യവസ്ഥിതിക്കും അഭിപ്രായ സ്വാതന്ത്ര്യത്തിന് തന്നെയും വിനാശകരമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട ഭേദഗതികളെ ഇന്ത്യയിലെ മൊബീല്‍ സേവന ദാതാക്കളുടെ വ്യാവസായിക കൂട്ടായ്മയായ സിഒഎഐ ശക്തമായി എതിര്‍ക്കുകയാണ്.മധ്യസ്ഥ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക്(ഇന്റെര്‍മീഡിയറി ഗൈഡ്‌ലൈന്‍സ്) കീഴിലുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഭേദഗതികളിലുള്ള അവ്യക്തത മൂലം അശ്രദ്ധമായ നിയമലംഘനങ്ങള്‍ ഉണ്ടാകുകയും അത് അനാവശ്യ കുറ്റവിചാരണയിലേക്ക് എത്തപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാക്കുമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള ഭേദഗതികളെ എതിര്‍ത്തുകൊണ്ട് സിഒഎഐ വാദിക്കുന്നു.

മാത്രമല്ല, സര്‍ക്കാരിന്റെ ഈ അനാവശ്യ നടപടി നിരവധി മധ്യസ്ഥ ടെലികോം കമ്പനികള്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് പോകുന്നതിനും ഈ മേഖലയിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്ന പുതിയ കമ്പനികളെ അകറ്റി നിര്‍ത്തുന്നതിനും ഇടയാക്കുമെന്നും സര്‍ക്കാരിന് അയച്ച കത്തില്‍ സിഒഎഐ വ്യക്തമാക്കുന്നു.

വിവര സാങ്കേതിക വിദ്യ ചട്ടങ്ങളിലെ മധ്യസ്ഥ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഐടി നിയമത്തിന്റെ 79ാം വകുപ്പ് പ്രകാരം ഭേദഗതികള്‍ കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്. നിലവില്‍ ടെലികോം കമ്പനികള്‍ക്ക് ലഭിക്കുന്ന നിയമ പരിരക്ഷ കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഐടി നിയമങ്ങളില്‍ 2011 ഡിസംബറില്‍ കൊണ്ടുവന്ന ഭേദഗതികള്‍ പ്രകാരം നിയമം നടപ്പിലാക്കുന്ന സംവിധാനങ്ങളില്‍ നിന്ന് പരാതി ലഭിച്ച് 72 മണിക്കൂറിനകം ടെലികോം കമ്പനികള്‍ സന്ദേശളുടെ ഉറവിടം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്ന് കമ്പനികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. മാത്രമല്ല, സന്ദേശങ്ങളുടെ ഉള്ളടക്കം ദേശസുരക്ഷ കളങ്കപ്പെടുത്തുന്നതോ വെല്ലുവിളി ഉയര്‍ത്തുന്നതോ ആണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ അത്തരം സന്ദേശങ്ങളുടെ തുടര്‍ പ്രചരണം തടയണമെന്നും നിയമം നിര്‍ദ്ദേശിക്കുന്നു.

എന്നാല്‍ 72 മണിക്കൂര്‍ സമയപരിധിയില്‍ സന്ദേശങ്ങള്‍ പരിശോധിച്ച് അപേക്ഷകളോട് പ്രതികരിക്കുന്നതിന് മതിയാകില്ലെന്നാണ് സിഒഎഐ നിലപാട്. കൂടാതെ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ ടെലികോം കമ്പനികളുടെ സുരക്ഷയ്ക്കും സ്വകാര്യതയും വെല്ലുവിളിയാണെന്നും ഇവര്‍ പറയുന്നു. സര്‍ക്കാര്‍ ഏജന്‍സികളുടെ ആവശ്യാര്‍ത്ഥം വിവരങ്ങള്‍ നല്‍കുന്നത് ടെലികോം കമ്പനികള്‍ക്ക് സാങ്കേതിക വെല്ലുവിളി ഉയര്‍ത്തും. മാത്രമല്ല, നിയമം നടപ്പാക്കുന്ന ഏജന്‍സികള്‍ക്ക് ടെലികോം കമ്പനികളില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെടുന്നതിന് നിലവില്‍ വ്യവസ്ഥയുണ്ടെന്നും പുതിയ ഭേദഗതികള്‍ നിലവിലെ നിയന്ത്രണങ്ങളുമായി ഒത്തുപോകുന്നത് ആകണമെന്നും സിഒഎഐ ആവശ്യപ്പെടുന്നു.

ഭരണഘടനയുടെ 19(2) വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ബാധകമായ സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ കോടതിയോ അതല്ല, നിയമം നടപ്പാക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളോ ആവശ്യപ്പെടുകയാണങ്കില്‍ 24 മണിക്കൂറിനകം ആ ഉള്ളടക്കം മധ്യസ്ഥ കമ്പനികള്‍ ഇന്റെര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് കരട് നിയമം നിര്‍ദ്ദേശിക്കുന്നത്.

Comments

comments

Categories: FK News