ബ്രിട്ടണില്‍ ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ പ്രതിഷേധത്തില്‍

ബ്രിട്ടണില്‍ ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ പ്രതിഷേധത്തില്‍

ഇമ്മിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ഇരട്ടിയാക്കാനുള്ള നിര്‍ദേശത്തിനെതിരേയാണ് ഇന്ത്യന്‍ ഡോക്റ്റര്‍മാരുടെ പ്രതിഷേധം

ഇന്ത്യക്കാരടക്കമുള്ള പ്രവാസി പ്രൊഫഷണലുകളെ പിഴിയുന്ന പ്രത്യേക ആരോഗ്യ നികുതിക്കെതിരേ ബ്രിട്ടണില്‍ താമസിച്ചു ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്റ്റര്‍മാരും ആരോഗ്യപരിചരണ പ്രൊഫഷണലുകളും പ്രചാരണരംഗത്ത്. ഇമ്മിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് പൊടുന്നനെ ഇരട്ടിപ്പിക്കാനുള്ള തീരുമാനമാണ് വിവാദത്തിലായത്. 2015 ഏപ്രിലില്‍ അവതരിപ്പിക്കപ്പെട്ട വര്‍ഷികനികുതി ഡിസംബറില്‍ 200 പൗണ്ടില്‍ നിന്ന് 400 ആക്കി വര്‍ധിപ്പിക്കുകയായിരുന്നു. തൊഴില്‍, പഠന, കുടുംബ വിസകളില്‍ ആറു മാസത്തിലേറെയായി ബ്രിട്ടണില്‍ തങ്ങുന്നവര്‍ക്കാണ് നികുതി ബാധകം. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) അധികവിഭവസമാഹരണത്തിനായാണ് നികുതി ചുമത്തുന്നത്.

തീരുമാനത്തില്‍ ഒരു പുനര്‍വിചിന്തനം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബ്രിട്ടണിലെ ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള ഏറ്റവും വലിയ പ്രതിനിധി സംഘമാണ് ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍. ആഭ്യന്തരമന്ത്രാലയത്തില്‍ ഇതിനായി അവര്‍ ഒരു ലോബിയിംഗ് നടത്തി വരുകയാണ്. എന്‍എച്ച്എസിലേക്ക് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഡോക്റ്റര്‍മാരെയും ആരോഗ്യപരിചരണ പ്രൊഫഷണലുകളെയും നിയമിക്കാനുള്ള സര്‍ക്കാര്‍ നയത്തെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.

ബ്രിട്ടണില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദഗ്ധര്‍ ഇപ്പോള്‍ തന്നെ പലവിധ നിയന്ത്രണങ്ങളും കുടിയേറ്റപ്രശ്‌നങ്ങളും നേരിടുന്നുണ്ട്. ഇതോടൊപ്പം അധികനികുതി കൂടി ചുമത്തുന്നതോടെ യൂറോപ്പിനു പുറത്തു നിന്നുള്ള ഗുണനിലവാരമുള്ള ആരോഗ്യപരിപാലനപ്രൊഫഷണലുകളുടെ സേവനം ബ്രിട്ടണ് നഷ്ടപ്പെടാന്‍ ഇടവരുമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നയം എന്‍എച്ച്എസിലെ ജോലികളുടെ ആകര്‍ഷണീയത കുറയ്ക്കുകയും രോഗികള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ആവശ്യങ്ങള്‍ അട്ടിമറിക്കുകയും ചെയ്യും. അതിനാല്‍, വിവേചനപരമായ ആരോഗ്യ സര്‍ചാര്‍ജ് ചുമത്തുന്ന കാര്യം അടിയന്തരമായി പിന്‍വലിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

ബ്രിട്ടീഷ് ആരോഗ്യരംഗം കടുത്ത ആള്‍ക്ഷാമം നേരിടുകയാണ്. നിലവില്‍ എന്‍എച്ച്എസ് ക്ലിനിക്കുകളിലെ 11ല്‍ ഒരു ഒഴിവു നികത്തിയിട്ടില്ല. നഴ്‌സുമാരുടെ കാര്യത്തിലാകട്ടെ, എട്ടില്‍ ഒരു ഒഴിവും. ഈ സാഹചര്യത്തില്‍, 2030 ആകുമ്പോഴേക്കും വിവിധ തസ്തികകളില്‍ 250,000 ഒഴിവുണ്ടാകുമെന്നാണു കണക്ക്. ബ്രിട്ടണിലെ ആരോഗ്യരക്ഷാ സംവിധാനത്തിന്റെ നട്ടെല്ല് തന്നെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപരിപാലന വിദഗ്ധര്‍ എന്നിവരാണ്. നാഷണല്‍ ഇന്‍ഷുറന്‍സ് അടക്കമുള്ള എല്ലാ നികുതിബാധ്യതകളും അടയ്ക്കുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഇത്തരം അധികഭാരവും വിവേചനവും മനക്ലേശവും സൃഷ്ടിക്കും.

ഇമ്മിഗ്രേഷന്‍ ആപ്ലിക്കേഷന്‍ സമയത്ത് തുടങ്ങി പണം അടയ്ക്കുകയും, ബ്രിട്ടണില്‍ താമസിക്കുന്ന കാലത്തോളം അത് തുടരുകയും ചെയ്യണമെന്നാണ് വ്യവസ്ഥ. സന്ദര്‍ശക വിസയില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള ഹ്രസ്വകാല കുടിയേറ്റക്കാര്‍ക്ക് വിസ നല്‍കുമ്പോള്‍ സെക്കന്‍ഡറി കെയര്‍ ട്രീറ്റ്‌മെന്റ് എന്ന ഓപ്ഷന്‍ വഴി എന്‍എച്ച്എസ് ഈ തുക പിരിക്കാറുണ്ട്. കുടിയേറ്റക്കാര്‍ ഈ ഇരട്ട നികുതിയെ എതിര്‍ക്കുകയാണ്. 2015 ല്‍ സര്‍ചാര്‍ജ് നിലവില്‍ വന്നതിനാല്‍ 600 മില്യണ്‍ പൗണ്ട് സമാഹരിച്ചിരുന്നു. നികുതി ഇരട്ടിപ്പിച്ചതു വഴി 220 ദശലക്ഷം പൗണ്ട് സമാഹരിക്കാമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: FK News

Related Articles