‘ഊര്‍ജ്ജ’ത്തിനുമപ്പുറം പോകാന്‍ ഇന്ത്യയും സൗദിയും

‘ഊര്‍ജ്ജ’ത്തിനുമപ്പുറം പോകാന്‍ ഇന്ത്യയും സൗദിയും
  • ഫെബ്രുവരി 19ന് സൗദി കിരീടാവകാശി ഇന്ത്യയിലെത്തും
  • ഇന്ത്യയുടെ അടിസ്ഥാനസൗകര്യ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ സൗദിക്ക് പദ്ധതി
  • വിവിധമേഖലകളുടെ വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യയും സൗദിയും ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

ന്യൂഡെല്‍ഹി: സൗദി അറേബ്യയുടെ പരിഷ്‌കരണ നായകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം 19ന് ഇന്ത്യയിലെത്തുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ തന്ത്രപ്രധാനമായ ഉയര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊര്‍ജ്ജത്തിനപ്പുറമുള്ള മേഖലകളിലേക്കും വ്യാപിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രിന്‍സ് മുഹമ്മദും പദ്ധതിയിടുന്നത്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ഫണ്ടില്‍ നിക്ഷേപിക്കുമെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ട്.

കൃത്രിമ ബുദ്ധി ഉള്‍പ്പടെയുള്ള നവസങ്കേതകങ്ങള്‍ക്ക് പ്രിന്‍സ് മുഹമ്മദ് നല്‍കുന്ന പ്രാധാന്യവും നിയോം പോലുള്ള മായിക നഗരങ്ങള്‍ തീര്‍ക്കാനുള്ള അദ്ദേഹത്തിന്റെ പദ്ധതികളും മാറുന്ന സൗദിയുടെ പ്രതിഫലനങ്ങളാണ്. സ്ത്രീകളുടെ ഡ്രൈവിംഗ് വിലക്കും സിനിമാനിരോധനവും നീക്കിയതുള്‍പ്പടെയുള്ള നടപടികളും സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്ന ചുവടുകളുമെല്ലാം സൗദിയെ പുതിയ തലത്തിലെത്തിക്കും. സാമ്പത്തിക കുതിപ്പിലേക്കുള്ള സൗദിയുടെ യാത്രയില്‍ ഇന്ത്യയുടെ സഹകരണം ഉറപ്പുവരുത്തുക കൂടിയാണ് സന്ദര്‍ശനത്തിലൂടെ പ്രിന്‍സ് മുഹമ്മദ് ഉദ്ദേശിക്കുന്നത്.

വിവിധ മേഖലകളെ അധികരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

വിനോദസഞ്ചാരമേഖലയിലെ സഹകരണം ശക്തിപ്പെടുത്തുതിനായി കേന്ദ്ര ടൂറിസം മന്ത്രാലയവും സൗദി കമ്മിഷന്‍ ഫോര്‍ ടൂറിസവും, നാഷണല്‍ ഹെറിറ്റേജ് ഓഫ് ദി കിംഗ്ഡം ഓഫ് സൗദി അറേബ്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം അനുമതി നല്‍കി.

ടൂറിസത്തിന് കുതിപ്പേകും

വിനോദസഞ്ചാര വികസനം, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വിനോദസഞ്ചാരികള്‍ക്കുള്ള താമസസൗകര്യങ്ങള്‍, ടൂറിസം സംബന്ധിച്ച അടിസ്ഥാനവിവരങ്ങള്‍, സ്ഥിതിവിവര കണക്കുകള്‍, പ്രദര്‍ശന പരിപാടികളും ബന്ധപ്പെട്ട കക്ഷികളിലെ രാജ്യത്തെ മറ്റ് പ്രവര്‍ത്തനങ്ങള്‍, വിനോദസഞ്ചാര വികസനം, ആസൂത്രണവും നിക്ഷേപവും, ലൈസന്‍സ് നല്‍കുന്നതും പ്രവര്‍ത്തിക്കുന്നതും, വിനോദസഞ്ചാര സൗകര്യങ്ങളുടെ വിപണനം, കാര്‍ഷിക വിനോദസഞ്ചാരം, മരൂഭൂമി ടൂറിസം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും നിയമങ്ങളിലെ വൈദഗ്ധ്യവും കൈമാറ്റം ചെയ്യാന്‍ ഇതുവഴി സാധിക്കും.

ഇരു രാജ്യങ്ങളിളും ലഭ്യമായിട്ടുള്ള വിനോദസഞ്ചാര നിക്ഷേപാവസരങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുക; വിനോദസഞ്ചാരപദ്ധതികളില്‍ പരസ്പര വിനോദസഞ്ചാര നിക്ഷേപം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും കരാറിന്റെ ഉദ്ദേശ്യമാണ്.

സംയുക്ത വിനോദസഞ്ചാര പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകന്നതിനായി ബന്ധപ്പെട്ട കക്ഷികളുടെ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനങ്ങള്‍, കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിലൂടെ വിനോദസഞ്ചാര വികസനത്തിന് സംഭാവന നല്‍കുകയും സംയുക്ത വിനോദസഞ്ചാര വീക്ഷണത്തിനു രൂപം നല്‍കുകയും ചെയ്യുകയെന്നതും പ്രധാന ദൗത്യമാണ.്

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ശക്തമായ നയതന്ത്രബന്ധവും നീണ്ട സാമ്പത്തികബന്ധവുമുണ്ട്. ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള ബന്ധം വിനോദസഞ്ചാരമേഖലയില്‍ സഹകരണം ശക്തമാക്കുന്നതിന് കേന്ദ്ര ടൂറിസം മന്ത്രാലയവും സൗദി കമ്മിഷന്‍ ഫോര്‍ ടൂറിസവും നാഷണല്‍ ഹെരിറ്റേജ് ഓഫ് ദി കിംഗ്ഡം ഓഫ് സൗദി അറേബ്യയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടത് ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നാണ് പ്രതീക്ഷ.

മധ്യപൂര്‍വേഷ്യയില്‍ ഇന്ത്യന്‍ ടൂറിസത്തിന് വിപണി സൃഷ്ടിക്കുന്നതിന് ഏറെ ശേഷിയുള്ള പ്രദേശമാണ് സൗദി അറേബ്യ. ധാരണാപത്രം ഒപ്പിടുന്നത് ഈ വിപണി സ്രോതസില്‍ നിന്നുള്ള വരവ് വര്‍ധിക്കുന്നതിന് കാരണമാകും.

ഇന്ത്യയില്‍ അടിസ്ഥാനസൗകര്യ നിക്ഷേപ സംവിധാനംസ്ഥാപിക്കാനായി ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

രാജ്യത്തെ അടിസ്ഥാനസൗകര്യ രംഗത്ത് കഴിയുന്നത്ര നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സൗദി അറേബ്യയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതിന് മുന്നോട്ടുള്ള ഒരു ചുവടുവെപ്പാണ് ധാരണാപത്രമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത് രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനം വര്‍ധിപ്പിക്കും, കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കും, അനുബന്ധ വ്യവസായങ്ങള്‍/മേഖലകള്‍ എന്നിവയുടെ വളര്‍ച്ച സാധ്യമാക്കും. അത് മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും അതിലൂടെ മൊത്തത്തിലുള്ള സാമ്പത്തികാവൃദ്ധി സാധ്യമാവുകയും ചെയ്യും-സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മാത്രമല്ല കസ്റ്റംസ് വിഷയങ്ങളില്‍ സഹകരിക്കാനും പരസ്പരം സഹായിക്കാനും ഇന്ത്യയും സൗദി യും തമ്മില്‍ ധാരണയായിട്ടുണ്ട്. കസ്റ്റംസ് സംബന്ധിച്ച കുറ്റങ്ങള്‍ തടയാനും ഇത്തരം കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാനും വിശ്വസനീയവും വേഗമേറിയതും ചെലവു കുറഞ്ഞതുമായ അറിവും സംവിധാനവും ലഭ്യമാക്കുന്നതിനു കരാര്‍ സഹായകമാകും.

Categories: Arabia
Tags: India-Soudhi