പ്രളയത്തില്‍ തളരാതെ കേരള ടൂറിസം; വരുമാനം 36,528 കോടി

പ്രളയത്തില്‍ തളരാതെ കേരള ടൂറിസം; വരുമാനം 36,528 കോടി

കഴിഞ്ഞ വര്‍ഷം നേടിയത് 2,873.33 കോടി രൂപയുടെ വരുമാന വര്‍ധന; വിനോദസഞ്ചാരികളുടെ എണ്ണം 5.93 ശതമാനം വര്‍ധിച്ച് 16.7 ദശലക്ഷത്തിലെത്തി

കേരളം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയുടെ പകുതിയോളമെത്തിയത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സംസ്ഥാനം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തെ നേരിട്ടാണ് ഇത്തരമൊരു മികച്ച വളര്‍ച്ച കൈവരിച്ചിരിക്കുന്നത്

-കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം മന്ത്രി

തിരുവനന്തപുരം: മഹാപ്രളയം തകര്‍ത്തെറിയാന്‍ നോക്കിയെങ്കിലും കരുത്തോടെ മുന്നേറിയ കേരളത്തിന്റെ വിനോദസഞ്ചാര മേഖല, വരുമാനത്തിലും സഞ്ചാരികളുടെ എണ്ണത്തിലും റെക്കോര്‍ഡ് വളര്‍ച്ച നേടിയതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 36,528.01 കോടി രൂപയുടെ വരുമാനമാണ് ടൂറിസം മേഖലയില്‍ നിന്ന് സംസ്ഥാനം നേടിയത്. 2017 നെ അപേക്ഷിച്ച് വരുമാനത്തില്‍ 2,874.33 കോടി രൂപയുടെ വര്‍ധനയുണ്ടായി. വിദേശ വിനോദ സഞ്ചാരികളില്‍ നിന്നുള്ള വരുമാനം 8,764.46 കോടി രൂപയാണ്.

വിനോദസഞ്ചാരികളുടെ എണ്ണത്തിലും മുന്‍ വര്‍ഷത്തെക്കാള്‍ വളര്‍ച്ചയുണ്ടായത് ഏറെ പ്രതീക്ഷ നല്‍കുന്നു. കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളനുസരിച്ച് പോയ വര്‍ഷം 16.7 ദശലക്ഷം സഞ്ചാരികളാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിരുന്നെത്തിയത്. 15.76 ദശലക്ഷം സഞ്ചാരികളെത്തിയ 2017 ല്‍ നിന്ന് 5.93 ശതമാനത്തിന്റെ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 15.6 ദശലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളും 1.09 ദശലക്ഷം വിദേശ ടൂറിസ്റ്റുകളുമാണ് 2018 ല്‍ കേരളത്തിലെത്തിയത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 6.35 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. യുകെയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെത്തിത്. രണ്ടു ലക്ഷത്തിലധികം ബ്രിട്ടീഷുകാര്‍ ഇക്കാലയളവില്‍ കേരളം സന്ദര്‍ശിച്ചു. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, സൗദി എന്നീ രാജ്യങ്ങളാണ് സഞ്ചാരികളുടെ എണ്ണത്തില്‍ തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളായ സ്വീഡന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

2018 ജനുവരി-മാര്‍ച്ച് പാദത്തില്‍ കേരളം സന്ദര്‍ശിച്ച വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 12.3 ശതമാനവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 20 ശതമാനം വളര്‍ച്ചയുണ്ടായി. മേയ് മാസത്തിലെ നിപ്പ പകര്‍ച്ചവ്യാധിയും ഓഗസ്റ്റിലുണ്ടായ പ്രളയകെടുതികളും സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്. എങ്കിലും ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ദൃഢ നിശ്ചയവും കഠിന്വാധാനവും മറ്റ് സര്‍ക്കാര്‍ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമങ്ങളും ഈ പ്രവണതയില്‍ നിന്ന് വേഗത്തില്‍ കരകയറുന്നതിനും വളര്‍ച്ചയുടെ പാതയിലേക്ക് തിരികെയെത്തുന്നതിനും സഹായിച്ചതായി ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കേരളം പഴയ നിലയിലേക്ക് തിരികയെത്തിയെന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലടക്കം നടത്തിയ കാംപെയ്‌നുകളും സംസ്ഥാന ടൂറിസം മേഖലയുടെ വിജയകഥയില്‍ നിര്‍ണായക പങ്ക് വഹിച്ചതായി അവര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആകര്‍ഷകമായ പദ്ധതികളുടെയും ഉല്‍പ്പന്നങ്ങളുടെയും പിന്‍ബലത്തില്‍ ഈ വര്‍ഷം ടൂറിസം മേഖലയില്‍ സംസ്ഥാനം കൂടുതല്‍ മികച്ച നേട്ടം കൈവരിക്കുമെന്ന് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്റ്റര്‍ പി ബാല കിരണ്‍ പറഞ്ഞു.

Categories: FK News, Slider