ദിദിയില്‍ നിന്ന് ഒയോയില്‍ 100 മില്യണ്‍ ഡോളറിന്റെ നിക്ഷേപം

ദിദിയില്‍ നിന്ന് ഒയോയില്‍ 100 മില്യണ്‍ ഡോളറിന്റെ നിക്ഷേപം

പുതിയ മേഖലകളിലേക്കേുള്ള വളര്‍ച്ചയില്‍ ഒയോയും ദിദിയും തന്ത്രപരമായ പങ്കാളികളാകും

മുംബൈ: ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഒയോ ഹോട്ടല്‍സ് & ഹോംസില്‍ ചൈനയിലെ ഓണ്‍ലൈന്‍ വാഹന ബുക്കിംഗ് വമ്പനായ ദിദി ചക്‌സിംഗ് 100 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. ഒയോയ്ക്ക് 5 മില്യണ്‍ ഡോളറിന്റെ മൂല്യം കണക്കാക്കിയാണ് നിക്ഷേപം നടത്തുന്നത്. ദിദിയുടെ നിയന്ത്രണത്തിലുള്ള സ്റ്റാര്‍ വിര്‍ച്യു ഇന്‍വെസ്റ്റ്‌മെന്റ് വഴിയാണ് നിക്ഷേപമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഇതോടെ ഒയോ പ്രഖ്യാപിച്ച 1 ബില്യണ്‍ നിക്ഷേപ സമാഹരണ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. നേരത്തേ തന്നെ ഒയോയെ പിന്തുണക്കുന്ന സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട് 800 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഈ ഘട്ടത്തില്‍ നടത്തിയത്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ഗ്രാബ് ഡിസംബറില്‍ 100 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തി.
ബെയ്ജിംഗ് ആസ്ഥാനമായ ദിദിയുടെ നിക്ഷേപം ചൈനയില്‍ അതിവേഗം വളരുന്ന തങ്ങളുടെ ബിസിനസിനും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഒയോയ്ക്ക് കരുത്തേല്‍കും. 2017 മുതല്‍ തന്നെ ഇരു കമ്പനികളുടെയും സഹകരണം ആരംഭിച്ചിട്ടുണ്ട്. ദിദിയുടെ റൈഡ് ഹെയ്‌ലിംഗ് ആപ്ലിക്കേഷനിലൂടെയാണ് ഒയോ തങ്ങളുടെ ചൈനീസ് വിപണിയിലേക്കുള്ള വരവ് ഒയോ ഉപഭോക്താക്കളിലേക്ക് എത്തിച്ചത്.

പുതിയ മേഖലകളിലേക്കേുള്ള വളര്‍ച്ചയില്‍ ഒയോയും ദിദിയും തന്ത്രപരമായ പങ്കാളികളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരു കമ്പനികളും പുതിയ വിപണികളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. യുകെ, ദക്ഷിണ പൂര്‍വേഷ്യ, ചൈന എന്നീ വിപണികളില്‍ സാന്നിധ്യമറിയിച്ച ഒയോ അടുത്തതായി യുഎസ് വിപണിയിലേക്ക് പ്രവേശിക്കുന്നതിനുള്ള തയാറെടുപ്പിലാണ്.

ഗുര്‍ഗോണ്‍ ആസ്ഥാനമായ ഒയോ കഴിഞ്ഞ മാസം പുറത്തിറക്കിയ രേഖ പ്രകാരം ചൈനയിലെ 280 നഗരങ്ങളിലാണ് കമ്പനിക്ക് സാന്നിധ്യമുള്ളത്. 5000ഓളം ഹോട്ടലുകളും 260,000ഓളം റൂമുകളും ചൈനയില്‍ ഒയോയ്ക്കുണ്ട്. ഒയോയില്‍ 42 ശതമാനം ഓഹരി വിഹിതമുള്ള സോഫ്റ്റ്ബാങ്ക് ചൈനീസ് ഉപകമ്പനിയായ ചൈന ഒയോയിലും സമാനമായ പങ്കാളിത്തം വഹിക്കും. ഓയോ ചൈനയിലെ ഓഹരി പങ്കാളിത്ത ഘടന ഏറക്കുറേ ഇന്ത്യയിലെ മാതൃകമ്പനിക്ക് സമാനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: OYO