കെനിയയില്‍ കരിമ്പുലിയെ കണ്ടെത്തി

കെനിയയില്‍ കരിമ്പുലിയെ കണ്ടെത്തി

കാലിഫോര്‍ണിയ: കെനിയയിലെ ലെയ്കിപ്പ കൗണ്ടിയില്‍ സാന്‍ഡിയാഗോ മൃഗശാലയില്‍നിന്നുള്ള ഗവേഷകര്‍ കരിമ്പുലിയെ കണ്ടെത്തി. പുള്ളിപ്പുലികളുടെ ജനസംഖ്യയെ കുറിച്ച് അറിയുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പഠനത്തിന്റെ ഭാഗമായി കെനിയയിലെ ലെയ്കിപ്പ കൗണ്ടിയിലുള്ള ലൊയ്‌സാബ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ സ്ഥാപിച്ച ക്യാമറയില്‍ കരിമ്പുലിയുടെ ദൃശ്യം പതിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഗവേഷകര്‍ സ്ഥാപിച്ച ക്യാമറയ്ക്കു പുറമേ ഒരു ഫോട്ടോഗ്രാഫര്‍ക്കും കരിമ്പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കറുത്ത പുള്ളിപ്പുലികള്‍ അഥവാ കരിമ്പുലികളുടെ സാന്നിധ്യം ആഫ്രിക്കയിലുണ്ടെന്നതിന്റെ നൂറ്റാണ്ടിലെ ആദ്യ ശാസ്ത്രീയ സ്ഥിരീകരണമാണ് ഈ ചിത്രങ്ങള്‍. ഇതിനു മുമ്പ് 1909-ല്‍ എത്തിയോപ്പിയയുടെ തലസ്ഥാനമായ ആഡിസ് അബാബയില്‍ വച്ചാണു കരിമ്പുലിയുടെ ചിത്രം ലഭിച്ചത്. ആഫ്രിക്കയില്‍ കരിമ്പുലികളുണ്ടെന്ന് പതിറ്റാണ്ടുകളായി പ്രചരിച്ചിരുന്ന റിപ്പോര്‍ട്ടാണ്. പക്ഷേ, ഈ വാദത്തിനു ബലമേകുന്ന തെളിവുകളൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തെളിവുകള്‍ ലഭിച്ചിരിക്കുകയാണ്.

മെലാനിസം എന്ന ജനിതക പ്രതിഭാസമാണു കരിമ്പുലിയില്‍ സംഭവിക്കുന്നത്. ഒരു ജീവിയില്‍ പിഗ്‌മെന്റ്(വര്‍ണം) അധികമായി വരുമ്പോള്‍ അതിന്റെ ചര്‍മം, രോമം എന്നിവ കറുപ്പ് നിറമാകും. പുള്ളിപ്പുലിയിലും ഈ പ്രതിഭാസം സംഭവിക്കുന്നു. ആഗോളതലത്തില്‍ 11 ശതമാനം പുള്ളിപ്പുലികളിലും മെലാനിസം സംഭവിക്കാറുണ്ടെന്നാണു ഗവേഷണ റിപ്പോര്‍ട്ടില്‍ പറയപ്പെടുന്നത്.

മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനു ശേഷമാണു കരിമ്പുലിയെ കെനിയയില്‍ കണ്ടെത്തിയത്. അമേരിക്കയിലെ സാന്‍ഡിയാഗോ മൃഗശാലയില്‍നിന്നുള്ള വന്യജീവി ശാസ്ത്രജ്ഞന്‍ നിക്ക് പില്‍ഫോഡാണു നിരീക്ഷണത്തിനു നേതൃത്വം നല്‍കിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ദി ആഫ്രിക്കന്‍ ജേണല്‍ ഓഫ് എക്കോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫറായ ഫോബെ ഒകാല്‍ 2013ല്‍ കരിമ്പുലിയുടെ ചിത്രം ഇപ്പോള്‍ കരിമ്പുലിയെ കണ്ടെത്തിയ പ്രദേശത്തുവച്ചു എടുത്തിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം കെനിയയിലെ ഡെയ്‌ലി നേഷന്‍ പത്രം ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

Categories: FK News