ആകാശപ്പരപ്പിലെ വിസ്മയം യാത്ര അവസാനിപ്പിക്കുന്നു

ആകാശപ്പരപ്പിലെ വിസ്മയം യാത്ര അവസാനിപ്പിക്കുന്നു

യൂറോപ്പിന്റെ ഐക്യത്തിന്റെ അടയാളമെന്നാണ് എ380 വിമാനത്തെ വിശേഷിപ്പിച്ചിരുന്നത്. ഫ്രാന്‍സിലും, യുകെയിലും, ജര്‍മനിയിലുമൊക്കെ നിര്‍മാണ യൂണിറ്റുകളുണ്ടായിരുന്നതിനാലാണ് ഈ വിശേഷണം നല്‍കിയിരുന്നത്. എന്നാല്‍ 12 വര്‍ഷത്തെ സേവനത്തിനു ശേഷം എ380-ന്റെ നിര്‍മാണം അവസാനിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണു നിര്‍മാണ കമ്പനിയായ എയര്‍ബസ്.

9000 മൈല്‍ ദൂരം, 544 പേരുമായി പറക്കാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എ380 ന്റെ നിര്‍മാണം അവസാനിപ്പിക്കുന്നതായി എയര്‍ബസ് വ്യാഴാഴ്ച (ഫെബ്രുവരി 14) അറിയിച്ചു. ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സ് എ380-നുള്ള ഓര്‍ഡറുകള്‍ പകുതിയായി വെട്ടിച്ചുരുക്കിയതോടെയാണു 2021-ല്‍ എ380 ന്റെ ഡെലിവറി പൂര്‍ണമായും നിര്‍ത്തലാക്കുമെന്നു കമ്പനി അറിയിച്ചിരിക്കുന്നത്. എ380 വിമാനത്തെ ഏറ്റവുമധികം പിന്തുണച്ചിരുന്നവരാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. എന്നാല്‍ ഇനി ഇന്ധന ക്ഷമതയുള്ള എയര്‍ബസിന്റെ എ350, എ330 നിയോ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചാല്‍ മതിയെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തീരുമാനിച്ചതാണ് എ380-ക്കു തിരിച്ചടിയായത്. എ380 വിമാനത്തിന്റെ നിര്‍മാണം അവസാനിപ്പിക്കുന്നത്, 3,000 മുതല്‍ 3,500 പേരുടെ വരെ തൊഴിലിനെ ബാധിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ എയര്‍ബസിന്റെ സിഇഒ സ്ഥാനത്തുനിന്നും പടിയിറങ്ങുകയാണു ടോം എന്‍ഡേഴ്‌സ്. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായി ചുമതലയേല്‍ക്കുമെന്നു പറയപ്പെടുന്നത് ഗ്യുലെയിം ഫൗറിയാണ്. എ380-ന്റെ നിര്‍മാണം അവസാനിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ചുമതലയേല്‍ക്കുന്ന പുതിയ സിഇഒയ്ക്കു വലിയ വെല്ലുവിളി തന്നെയായിരിക്കും അഭിമുഖീകരിക്കേണ്ടി വരികയെന്നും ഉറപ്പായിരിക്കുന്നു.
‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ മറ്റ് എയര്‍ലൈനുകള്‍ക്ക് (വിമാനസര്‍വീസ് നടത്തുന്ന കമ്പനി) വില്‍പ്പന നടത്തുന്നതു സംബന്ധിച്ചു പദ്ധതികളുണ്ടായിരുന്നെങ്കില്‍ കൂടി എ380 വിമാനം ഡെലിവറി ചെയ്യുന്നതുമായി ബന്ധപ്പെട്ടു കാര്യമായ ബാധ്യതകളൊന്നും ഇപ്പോള്‍ അവശേഷിക്കുന്നില്ല. അതുകൊണ്ടുതന്നെ നിര്‍മാണം തുടരുന്നതില്‍ ഇനി അടിസ്ഥാനവുമില്ല.’ എയര്‍ബസ് സിഇഒ ടോം എന്‍ഡേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

ഫ്രാന്‍സിലെ ടുളൂസിനു സമീപം ബഌഗ്‌നാക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസാണ് എ380യുടെ നിര്‍മാതാക്കള്‍. 2000 മുതല്‍ 2014 വരെ എയര്‍ബസ് അറിയപ്പെട്ടിരുന്നതു യൂറോപ്യന്‍ ഏയ്‌റോനോട്ടിക് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് കമ്പനിയെന്നായിരുന്നു. രണ്ടു നിലകളും നാല് എഞ്ചിനുമുള്ള വിമാനമാണ് എയര്‍ബസ് 380. 2007 ഏപ്രില്‍ 27ന് ഫ്രാന്‍സിലെ ടുളൂസില്‍ വച്ചായിരുന്നു ഇതിന്റെ ആദ്യ പറക്കല്‍. വാണിജ്യപരമായ ആദ്യ യാത്ര 2007-ല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബാനറിലായിരുന്നു എ380 നടത്തിയത്. വിമാനയാത്രക്കാര്‍ വര്‍ധിച്ചു വരുന്ന ഇക്കാലത്ത് എ380 പോലുള്ള വിമാനങ്ങള്‍ ആവശ്യമാണെന്നു കരുതിയിരുന്നു എയര്‍ബസ് കമ്പനി. പക്ഷേ, പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിക്കാതെ ഒടുവില്‍ 12 വര്‍ഷക്കാലം സേവനം നടത്തിയതിനു ശേഷം എ380-നു പറക്കല്‍ അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു. അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ ബോയിംഗിന്റെ 747 എന്ന വലിയ യാത്രാവിമാനത്തിനു ബദലായി വളരാനാണ് എയര്‍ബസ് എ380-നെ അവതരിപ്പിച്ചത്. പക്ഷേ, എയര്‍ബസ് തന്നെ കൂടുതല്‍ ഇന്ധനക്ഷമതയുള്ള എ350 എന്ന വിമാനത്തെയും, ബോയിംഗ് കമ്പനി 787 ഡ്രീം ലൈനറിനെയും അവതരിപ്പിച്ചതോടെ എ380 ന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. എ380-ന്റെ നാല് എഞ്ചിന്‍ എന്നതില്‍നിന്നും ലഘുവായ രണ്ട് എന്‍ജിനുകളുടെ സഹായത്തോടെ പറക്കാന്‍ ശേഷിയുള്ള വിമാനത്തെ ബോയിംഗ് കമ്പനി അവതരിപ്പിച്ചു. ബോയിംഗ് 787ും 777ും മായിരുന്നു ഇത്തരത്തില്‍ രണ്ട് എന്‍ജിനുകളുള്ള വിമാനങ്ങള്‍. മാത്രമല്ല, എയര്‍ബസും ഇത്തരത്തില്‍ എ350 എന്ന വിമാനത്തെ അവതരിപ്പിച്ചു. 314 സീറ്റുകളുള്ളതാണ് ബോയിംഗ് 777 വിമാനം. 250-300 സീറ്റുകളുള്ളതാണ് എയര്‍ബസിന്റെ എ350 വിമാനവും.

എയര്‍ ട്രാഫിക്ക് വര്‍ധിച്ചു വരുന്ന ഈ കാലത്ത് എ380 പോലുള്ള വലിയ വിമാനം ആവശ്യമാണെന്ന എയര്‍ബസിന്റെ കണക്കുകൂട്ടലാണ് തെറ്റിപ്പോയിരിക്കുന്നത്. വിമാന സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് പ്രധാനപ്പെട്ട എയര്‍പോര്‍ട്ടുകളിലേക്കു യാത്രക്കാരുമായി പറക്കാന്‍ വലിയ വിമാനങ്ങള്‍ വേണ്ടി വരുമെന്നായിരുന്നു എയര്‍ബസ് കരുതിയത്. ഇതുവരെയായി കമ്പനി 234 വിമാനങ്ങളും എയര്‍ബസ് ഡെലിവറി ചെയ്തു. പക്ഷേ, 1,200 വിമാനങ്ങള്‍ ഡെലിവറി ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്ന എയര്‍ബസിന് 1,200-ന്റെ കാല്‍ ശതമാനം പോലും ഡെലിവറി ചെയ്യാന്‍ സാധിച്ചില്ലെന്നതാണു വസ്തുത. വലുപ്പത്തെക്കാള്‍ സ്റ്റോപ്പിംഗ് ഇല്ലാതെ (നിറുത്താതെ) ദീര്‍ഘദൂരം പറക്കാന്‍ സാധിക്കുന്ന വിമാനങ്ങള്‍ക്കാണ് ഇന്നു ഡിമാന്‍ഡ്. ഇതിലൂടെ യാത്രക്കാര്‍ക്കു ഹബ്ബ്-ടു-ഹബ്ബ് പറക്കല്‍ ഒഴിവാക്കി പോയ്ന്റ്-ടു-പോയ്ന്റ് യാത്ര നടത്താനും സാധിക്കും. ലക്ഷ്യംവച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് നേരിട്ട് എത്താന്‍ സാധിക്കുന്ന യാത്രാ സംവിധാനത്തെയാണു പോയ്ന്റ്-ടു-പോയ്ന്റ് എന്നു വിശേഷിപ്പിക്കുന്നത്.

യൂറോപ്പിന്റെ ഐക്യം

യൂറോപ്പിന്റെ സിംഗിള്‍ കറന്‍സി എന്ന ആശയവുമായി ചേര്‍ന്നു നില്‍ക്കുന്ന വ്യാവസായിക പങ്കാളിയായിട്ടാണ് എ380 നിര്‍മിക്കുന്ന എയര്‍ബസ് കമ്പനിയെ കണക്കാക്കിയിരുന്നത്. കാരണം നെതര്‍ലാന്‍ഡ്‌സില്‍ രജിസ്റ്റര്‍ ചെയ്ത് ഫ്രാന്‍സ്, ജര്‍മനി, സ്‌പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഓഹരി വിപണികളില്‍ വ്യാപാരം നടത്തുന്ന കമ്പനിയാണ് എയര്‍ബസ്. ഇതിലൂടെ പ്രകടമായത് യൂറോപ്പിന്റെ ഒത്തൊരുമ കൂടിയാണ്. എന്നാല്‍ ആഗോളതലത്തില്‍ അംഗീകാരം നേടിയ യൂറോപ്യന്‍ ഐക്യത്തിന്റെ അടയാളമായ എ380യുടെ ചരമക്കുറിപ്പ് എഴുതുന്ന സമയത്ത് തന്നെയാണ് ബ്രിട്ടനും, ഫ്രാന്‍സും, ജര്‍മനിയും, സ്‌പെയ്‌നും തമ്മില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ വളര്‍ന്നുവന്നിരിക്കുന്നത് എന്നതു വിധി വൈപരീത്യമാവാം.

2005-ല്‍ ഗംഭീരമായ, വര്‍ണശബളമായ ലൈറ്റ് ഷോയില്‍ വച്ച് യൂറോപ്യന്‍ നേതാക്കളുടെ മുന്‍പാകെയായിരുന്നു എ380 ആദ്യമായി പ്രദര്‍ശിപ്പിച്ചത്. അന്ന് എ380യുടെ പ്രദര്‍ശനം കണ്ടു കഴിഞ്ഞതിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പറഞ്ഞത് എ-380 എന്ന എന്‍ജിനീയറിംഗ് ഭീമന്‍ സാമ്പത്തികശക്തിയുടെ പ്രതീകമെന്നാണ്. ബ്ലെയറിനൊപ്പമുണ്ടായിരുന്ന സ്പാനിഷ് പ്രധാനമന്ത്രി ജോസ് ലൂയിസ് റോഡ്രിഗസ് വിശേഷിപ്പിച്ചതു സ്വപ്‌നങ്ങള്‍ സാക്ഷാത്കാരമെന്നുമായിരുന്നു. പക്ഷേ, കൊട്ടിഘോഷിച്ച് വ്യോമയാന രംഗത്ത് പ്രവേശിച്ച എ380ന് പ്രതീക്ഷിച്ച പോലെ വിപണിയില്‍ തിളങ്ങാന്‍ സാധിച്ചില്ല. 2005-ല്‍ എ380-നെ അവതരിപ്പിച്ചെങ്കിലും 2007ലാണ് ഡെലിവറി ചെയ്തത്. അപ്പോഴാകട്ടെ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലെത്തിയിരിക്കുന്ന സമയം കൂടിയായിരുന്നു. അതോടെ വില്‍പന മന്ദീഭവിച്ചു.

ദുബായ് എയര്‍പോര്‍ട്ടിന്റെ വികസനത്തില്‍ പ്രധാന പങ്ക്

ഇന്റര്‍നാഷണല്‍ പാസഞ്ചര്‍ ട്രാഫിക്കിന്റെ കാര്യത്തില്‍ 2018-ല്‍ 89.1 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത ലോകത്തിലെ ഏറ്റവും വലിയ തിരക്കേറിയ എയര്‍പോര്‍ട്ടാണു ദുബായ് എയര്‍പോര്‍ട്ട്. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ കേന്ദ്രവും ഇവിടെയാണ്. എ380 വിമാനം ഏറ്റവുമധികം വാങ്ങിച്ചതും എമിറേറ്റ്‌സ് എയര്‍ലൈന്‍സാണ്. ദുബായ് എയര്‍പോര്‍ട്ടിന്റെ വികസനത്തില്‍ എ380 വലിയൊരു പങ്കു വഹിച്ചിട്ടുമുണ്ട്.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന എ380

ഇന്ത്യയില്‍ ലുഫ്താന്‍സ, എമിറേറ്റ്‌സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങിയ വിമാന സര്‍വീസ് കമ്പനികള്‍ എ380 വിമാനം ഉപയോഗിക്കുന്നവരാണ്. വിജയ് മല്യയുടെ ഉടമസ്ഥതയില്‍ സര്‍വീസ് നടത്തിയിരുന്ന കിംഗ്ഫിഷര്‍ എ380 വിമാനത്തിന് ഓര്‍ഡര്‍ നല്‍കുകയും ചെയ്തിരുന്നു. പക്ഷേ കിംഗ്ഫിഷര്‍ പ്രവര്‍ത്തനം നിലച്ചതിനാല്‍ എ380 വിമാനം ഡെലിവറി ചെയ്തില്ല. ഖത്തര്‍ എയര്‍വേസ്, എയര്‍ ഫ്രാന്‍സ്, എഎന്‍എ, ഏഷ്യാന, കൊറിയന്‍ എയര്‍, ക്വാന്റാസ്, ബ്രിട്ടീഷ് എയര്‍വേസ്, ഇത്തിഹാദ് ആന്‍ഡ് തായ് തുടങ്ങിയവര്‍ എ380 വിമാനം ഉപയോഗിക്കുന്ന എയര്‍ലൈന്‍സുകളാണ്. എയര്‍ബസ് 2018-ല്‍ 12 എ380 വിമാനങ്ങളാണ് ഡെലിവറി ചെയ്തത്. 2017-ല്‍ 15 വിമാനങ്ങള്‍ ഡെലിവറി ചെയ്തിരുന്നു. ഒരു എ380 വിമാനത്തിന്റെ വിലയായി പറയപ്പെടുന്നത് 445.6 മില്യന്‍ ഡോളറാണ്.

എ380 നിര്‍മിച്ചത് 30 രാജ്യങ്ങള്‍ സഹകരിച്ച്

30 രാജ്യങ്ങളിലുള്ള 1500-ാളം വരുന്ന കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന നാല് ദശലക്ഷത്തോളം വരുന്ന പാര്‍ട്‌സുകള്‍ ഉപയോഗിച്ചായിരുന്നു എ380 വിമാനം നിര്‍മിച്ചിരുന്നത്. എ380യുടെ ചിറകുകള്‍ നിര്‍മിച്ചിരുന്നത് വെയ്ല്‍സിനെ ബ്രോട്ടണിലാണ്. ജര്‍മനിയിലെ ഹാംബര്‍ഗിലും ഫ്രാന്‍സിലുമാണു വിമാനത്തിന്റെ ചട്ടക്കൂട് ഉണ്ടാക്കുന്നത്. സ്‌പെയ്‌നിലെ കാഡിസിലാണു ഹൊറിസോണ്ടല്‍ ടെയ്ല്‍ പ്ലെയ്ന്‍ നിര്‍മിക്കുന്നത്.

Categories: FK News, Slider