സ്‌റ്റേഷന്‍ നവീകരണത്തിന് 7,500 കോടി രൂപ ചിലവഴിക്കാനൊരുങ്ങി ഇന്ത്യന്‍ റെയ്ല്‍വേ

സ്‌റ്റേഷന്‍ നവീകരണത്തിന് 7,500 കോടി രൂപ ചിലവഴിക്കാനൊരുങ്ങി ഇന്ത്യന്‍ റെയ്ല്‍വേ

ആദ്യഘട്ടത്തില്‍ 50 സ്‌റ്റേഷനുകളാണ് റെയ്ല്‍വേ മന്ത്രാലയം നവീകരിക്കുക

ന്യൂഡെല്‍ഹി: സുരക്ഷയും യാത്രക്കാരുടെ ഒഴുക്കും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റെയ്ല്‍വേ സ്റ്റേഷന്‍ നവീകരണത്തിനായി ഈ വര്‍ഷം 7,500 കോടി രൂപ ചിലവഴിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ പദ്ധതി. പുനര്‍വികസന പദ്ധതിയുടെ ഭാഗമായാണ് റെയ്ല്‍വേ മന്ത്രാലയം 50 ഓളം റെയ്്ല്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കാനൊരുങ്ങുന്നത്.

രാജ്യത്തൊട്ടാകെയുള്ള റെയ്ല്‍വേ സ്‌റ്റേഷനുകളില്‍ വിമാനത്താവളങ്ങള്‍ക്ക് സമാനമായ മുഖംമാറ്റം വരുത്താനാണ് ഇന്ത്യന്‍ റെയ്ല്‍വേ സ്‌റ്റേഷന്‍ വികസന കോര്‍പ്പറേഷന്‍ (ഐആര്‍എസ്ഡിസി) ആലോചിക്കുന്നത്. വരുന്നതിനും പോകുന്നതിനും പ്രത്യേകയിടങ്ങള്‍( ആഗമന, നിഗമന കേന്ദ്രങ്ങള്‍), മെച്ചപ്പെട്ട സുരക്ഷ, യാത്രക്കാരുടെ സുഗമമായ ഒഴുക്ക് എന്നീ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി റെയ്ല്‍വേ സ്റ്റേഷനുകളെ അടിമുടി മാറ്റാനാണ് പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള റെയ്ല്‍വേ മന്ത്രാലയം ആലോചിക്കുന്നത്. സ്റ്റേഷനിലെ സ്ഥലലഭ്യത അനുസരിച്ച് രണ്ട് തട്ടുകളിലായോ, അല്ലെങ്കില്‍ വേര്‍തിരിച്ചോ ഉള്ള ആഗമന, നിഗമന കേന്ദ്രങ്ങളാണ് മന്ത്രാലയം ആസൂത്രണം ചെയ്യുന്നത്.

അതേസമയം വലിയ തിരക്കുകളില്ലാത്ത സ്റ്റേഷനുകളില്‍ നിലവിലെ സംവിധാനങ്ങള്‍ തുടരും. ഈ വര്‍ഷം പദ്ധതിയിട്ടിരിക്കുന്ന 50 സ്റ്റേഷനുകളുടെ നവീകരണം പിപിപി( പൊതു സ്വകാര്യ പങ്കാളിത്തം) മാതൃകയില്‍ പൂര്‍ത്തിയാക്കാനാണ് ഐആര്‍എസ്ഡിസി ആലോചിക്കുന്നത്.

ആനന്ദ് വിഹാര്‍, ബിജ്‌വാസന്‍, ചണ്ഡീഗഢ്, ശിവാജി നഗര്‍, സൂറത്ത്, ബയ്യപ്പനന്‍ഹള്ളി, നാഗ്പൂര്‍, ഗ്വോളിയാര്‍, അമൃത്സര്‍, ഗാന്ധിനഗര്‍(ജയ്പൂര്‍), സബര്‍മതി, കാണ്‍പൂര്‍, തകുര്‍ളി എന്നീ റെയ്ല്‍വേ സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ മുഖംമാറ്റത്തിനൊരുങ്ങുന്നത്. ഹബിബ്ഗഞ്ച്, ഗാന്ധിനഗര്‍(ഗുജറാത്ത്) എന്നീ സ്റ്റേഷനുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയണ്. വിമാനത്താവളങ്ങളില്‍ ഉള്ളതിന് സമാനമായ സൗകര്യങ്ങളോട് കൂടിയ ഇന്ത്യയിലെ ആദ്യത്തെ റെയ്ല്‍വേ സ്‌റ്റേഷനുകള്‍ ആയിരിക്കും ഇവ.

Comments

comments

Categories: Current Affairs