ഇന്ത്യയില്‍ 7,500 കോടി നിക്ഷേപിക്കാന്‍ വിസ്ട്രണ്‍, ഫോക്‌സ്‌കോണ്‍ പദ്ധതി

ഇന്ത്യയില്‍ 7,500 കോടി നിക്ഷേപിക്കാന്‍ വിസ്ട്രണ്‍, ഫോക്‌സ്‌കോണ്‍ പദ്ധതി

അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരുമിച്ച് 7,500 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്താനാണ് തായ്‌വാന്‍ കമ്പനികള്‍ ആലോചിക്കുന്നത്

ന്യൂഡെല്‍ഹി ഇന്ത്യയിലെ നിര്‍മ്മാണ സംവിധാനങ്ങള്‍ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യയില്‍ സംയുക്തമായി 7,500 കോടി രൂപ നിക്ഷേപിക്കാന്‍ ആഗോള ഇലക്ട്രോണിക്‌സ് അനുബന്ധ ഘടകങ്ങളുടെ നിര്‍മ്മാതാക്കളായ വിസ്ട്രണ്‍, ഫോക്‌സ്‌കോണ്‍ കമ്പനികള്‍ ആലോചിക്കുന്നു. ഇതിനായുള്ള അപേക്ഷ ഇരുകമ്പനികളും സമര്‍പ്പിച്ചുകഴിഞ്ഞു.

ഐഫോണ്‍ 8ന്റെ നിര്‍മ്മാണം ഇന്ത്യയില്‍ തന്നെ ആരംഭിക്കാനാണ് വിസ്ട്രണ്‍ പദ്ധതിയിടുന്നത്. എന്നാല്‍ നിലവിലെ ഇടപാടുകാരായ ഷഓമി, നോക്കിയ ഫോണുകളുടെ നിര്‍മ്മാണം വലിയ തോതില്‍ വര്‍ധിപ്പിക്കുക എന്നതാണ് ഫോക്‌സ്‌കോണിന്റെ ലക്ഷ്യം.

തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇരുകമ്പനികളും നിക്ഷേപ ഇളവുകള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതി പ്രകാരം സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അറിവ്. വിസ്ട്രണ്‍ 5,000 കോടി രൂപയുടെ നിക്ഷേപത്തിനും ഫോക്‌സ്‌കോണ്‍ 2,500 കോടി രൂപയുടെ നിക്ഷേപത്തിനുമുള്ള അപേക്ഷകളാണ് നല്‍കിയിരിക്കുന്നത്.

മോഡിഫൈഡ് ഇന്‍സെന്റീവ് പാക്കേജ് സ്‌കീം പ്രകാരം ലഭിച്ച 421 അപേക്ഷകളില്‍ 193 എണ്ണത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇവയില്‍ 144 കമ്പനികള്‍ ഇന്ത്യയില്‍ 9,252 കോടി രൂപയുടെ നിക്ഷേപങ്ങള്‍ നടത്താന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

Categories: Business & Economy