വാട്ട്‌സാപ്പിനെ വരുതിയിലാക്കാന്‍ ഇന്ത്യ; സേവനം നിര്‍ത്തേണ്ടി വന്നേക്കും

വാട്ട്‌സാപ്പിനെ വരുതിയിലാക്കാന്‍ ഇന്ത്യ; സേവനം നിര്‍ത്തേണ്ടി വന്നേക്കും

ബാല പീഡകര്‍ വാട്ട്‌സാപ്പില്‍ അഭയം തേടിയിരിക്കുന്നെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം; സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സൗകര്യമൊരുക്കണം; അപ്രായോഗികമെന്ന് വാട്ട്‌സാപ്പ്

  • ഫേസ്ബുക്ക് നേരിടുന്നത് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ലണ്ടന്‍ ആസ്ഥാനമായ കേംബ്രിഡ്ജ് അനലിറ്റിക്കക്ക് കൈമാറിയെന്ന ഗുരുതരമായ ആരോപണം
  • വലതുപക്ഷ ഹാന്‍ഡിലുകളെ തഴയുകയും ഇടത് ഹാന്‍ഡിലുകള്‍ക്ക് മുന്‍ഗണന കൊടുക്കുകയും ചെയ്തതിന്റെ പേരില് ട്വിറ്ററും കുരുക്കില്‍; പാര്‍ലമെന്ററി അവകാശ ലംഘനത്തിന് നടപടി ഉണ്ടായേക്കും
  • പുതിയ എഫ്ഡിഐ നയത്തിലെ കടുത്ത മാനദണ്ഡങ്ങള്‍, യുഎസ് റീട്ടയ്ല്‍ വമ്പന്‍മാരായ ആമസോണിനെയും വാള്‍മാര്‍ട്ടിനെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു

ന്യൂഡെല്‍ഹി: ഫേസ്ബുക്കിനും ട്വിറ്റിറനും പിന്നാലെ സാമൂഹ്യ മാധ്യമമായ വാട്ട്‌സാപ്പിനും പിടി വീഴുന്നു. നിയന്ത്രണമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി എല്ലാ സ്വകാര്യ മെസേജുകളും പരിശോധിക്കാന്‍ ഔദ്യോഗിക ഏജന്‍സികള്‍ക്ക് സൗകര്യമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാട്ട്‌സാപ്പിനോട് ആവശ്യപ്പെട്ടു. സംഘര്‍ഷങ്ങളുണ്ടാക്കാനും ലൈംഗിക അതിപ്രസരം സൃഷ്ടിക്കാനും കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നല്‍കാനും വാട്ട്‌സാപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഗ്രൂപ്പുകളിലും വ്യക്തികള്‍ പരസ്പരവും കൈമാറുന്ന സന്ദേശങ്ങള്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പരിശോധിക്കാനും നടപടിയെടുക്കാനും അവസരമൊരുക്കുന്നതാണ് നടപടി. നിലവില്‍ എന്‍ക്രിപ്റ്റഡ് അഥവാ കോഡ് ചെയ്ത സന്ദേശങ്ങളാണ് വാട്ട്‌സാപ്പ് കൈമാറുന്നത്. അയയ്ക്കുന്ന വ്യക്തിക്കും സ്വീകരിക്കുന്ന വ്യക്തിക്കും മാത്രമേ ഈ സന്ദേശങ്ങള്‍ വായിക്കാനാവൂ. അടുത്തിടെയുണ്ടായ പല സംഘര്‍ഷങ്ങളുടെയും പിന്നില്‍ വാട്ട്‌സാപ്പിലൂടെ അതിവേഗം പ്രചരിപ്പിക്കപ്പെട്ട അഭ്യൂഹങ്ങളും വ്യാജ വാര്‍ത്തകളുമാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കേരളത്തില്‍ വാട്ട്‌സാപ്പിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലും അക്രമവും നടന്നതും ഗൗരവത്തോടെയാണ് അധികൃതര്‍ പരിഗണിച്ചത്.

‘കഴിഞ്ഞ് ആറ് മാസമായി കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെയും സുതാര്യതയോടെയും പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ അവരോട് (വാട്ടസാപ്പ്) ആവശ്യപ്പെടുന്നു. എന്നാല്‍ അവരെന്താണ് ചെയ്തത്? ബാലപീഡകര്‍ക്ക് തങ്ങള്‍ എല്ലാ രീതിയിലും സുരക്ഷിതരാണെന്ന ആത്മവിശ്വാസത്തോടെ വാട്ട്‌സാപ്പില്‍ പ്രവര്‍ത്തിക്കാര്‍ കഴിയുന്നു. തീര്‍ത്തും ദോഷകരമായ സാഹചര്യമാണിത്,’ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ എസ് ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ കടുത്ത നടപടിരകളിലേക്ക് കടന്നാല്‍ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന നിലപാടിലാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി. കമ്പനിയുടെ സ്വകാര്യതാ നയങ്ങള്‍ക്ക് വിരുദ്ധമാണ് സര്‍ക്കാരിന്റെ നിലപാടെന്ന് വാട്ട്‌സാപ്പ് വക്താവ് കാള്‍ വൂഗ് പ്രതികരിച്ചു. കുട്ടികള്‍ക്കെതിരായ ലൈഗിക അതിക്രമങ്ങളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ കൈമാറുന്ന 25,000 ല്‍ ഏറെ എക്കൗണ്ടുകള്‍ എല്ലാ മാസവും റദ്ദാക്കാറുണ്ടെന്നും വൂഗ് പറഞ്ഞു.

ഫേസ്ബുക്കും വാട്ട്‌സാപ്പും രഹസ്യാത്മകതക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനൊരുങ്ങുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കര്‍ശനമാക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ മെസഞ്ചറിലും ഇന്‍സ്റ്റാഗ്രാമിലും എന്‍ക്രിപ്ഷന്‍ സംവിധാനം നല്‍കാനാണ് കമ്പനിയുടെ തീരുമാനം. എന്‍ക്രിപ്ഷന്‍ സന്ദേശങ്ങള്‍ കമ്പനിക്ക് പോലും കാണാനാവില്ലെന്ന് അവകാശവാദം നിലനില്‍ക്കെ ക്രിമിനല്‍ എക്കൗണ്ടുകള്‍ എങ്ങനെ കണ്ടെത്തി നിരോധിക്കുമെന്ന ചോദ്യം ബാക്കിയാണ്. ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരുമെന്ന സോഷ്യല്‍ മീഡിയ വമ്പന്‍മാരുടെ ഭീഷണി വിലപ്പോവില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 480 ദശലക്ഷം ആളുകള്‍ സജീവമായ ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. 2022 ല്‍ സോഷ്യല്‍ മീഡീയ ഉപഭോക്താക്കളുടെ എണ്ണം 74 കോടിയിലേക്ക് ഉയരുമെന്നിരിക്കെ ഇന്ത്യയെ തഴയാന്‍ യുഎസ് വമ്പന്‍മാര്‍ക്കാവില്ല. നിയമം അനുസരിക്കുക തന്നെയാവും പോംവഴി.

Categories: FK News, Slider