യുഎസ് പൊതുകടം 22 ട്രില്യണിന് മുകളില്‍

യുഎസ് പൊതുകടം 22 ട്രില്യണിന് മുകളില്‍

പ്രതിദിനം ശരാശരി 1 ബില്യണ്‍ ഡോളര്‍ പലിശയിനത്തില്‍ യുഎസ് ഇപ്പോള്‍ തന്നെ അടയ്ക്കുന്നുണ്ട്

വാഷിംഗ്ടണ്‍: അമേരിക്കയുടെ പൊതുകടം 22 ട്രില്യണിനു മുകളില്‍ എത്തിയതായി യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട രേഖ വ്യക്തമാക്കുന്നു. ഫെബ്രുവരി 11 വരെയുള്ള കണക്കനുസരിച്ചുള്ള പൊതുകടമാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. 11 മാസത്തിനിടെയാണ് 1 ട്രില്യണ്‍ കടം കൂട്ടിച്ചേര്‍ത്തിട്ടുള്ളതെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാണ്.
2019ല്‍ 900 ബില്യണ്‍ ഡോളറിന്റെ ബജറ്റ് കമ്മി അനുഭവപ്പെടുമെന്ന കണക്കൂകൂട്ടല്‍ കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫിസ് (സിബിഒ) ജനുവരിയില്‍ പുറത്തുവിട്ടിരുന്നു. 2022 മുതല്‍ ബജറ്റ് കമ്മി പ്രതിവര്‍ഷം 1 ട്രില്യണ്‍ ഡോളറിനു മുകളില്‍ എത്തുമെന്നാണ് നിഗമനം. വലിയ ബജറ്റ് കമ്മി മൂല്യം പൊതുകടം സ്ഥിരമായി വര്‍ധിക്കുകയാണ.് 2019ഓടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 93 ശതമാനത്തിലേക്ക് പൊതുകടം ഉയരുമെന്നാണ് വിലയിരുത്തല്‍. 2049 ആകുമ്പോഴേക്കും ജിഡിപി യുടെ 150 ശതമാനത്തിലേക്ക് പൊതുകടം എത്തിയേക്കുമെന്ന ആശങ്കയാണ് സിബിഒ മുന്നോട്ടുവെച്ചിട്ടുള്ളത്.

യുഎസില്‍ പെരുകുന്ന പൊതുകടം അടുത്ത സാമ്പത്തിക മാന്ദ്യത്തിന് വഴി തുറക്കുമെന്ന് മുന്‍ ഫെഡറല്‍ റിസര്‍വ് അലന്‍ ഗ്രീന്‍സ്പാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച 1.5 ട്രില്യണ്‍ ഡോളറിന്റെ നികുതിയിളവും സര്‍ക്കാര്‍ ചെലവിടല്‍ വര്‍ധിച്ചതും ബജറ്റ് കമ്മിയെയും പൊതു കടത്തെയും ഉയര്‍ത്തിയെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

നിര്‍ഭാഗ്യകരമായ ഈ നാഴികക്കല്ലില്‍ പൊതു കടം എത്തിയത് സമ്പദ് വ്യവസ്ഥ എത്രത്തോളം അസ്ഥിരമാണെന്ന് മാത്രമല്ല അത് എത്രവേഗം വര്‍ധിക്കുന്നുവെന്നും വ്യക്തമാക്കുന്നതാണെന്ന് യുഎസിലെ സാമ്പത്തിക വിദഗ്ധനായ മിഷായേല്‍ എ പീറ്റേര്‍സണ്‍ പറയുന്നു. പ്രതിദിനം ശരാശരി 1 ബില്യണ്‍ ഡോളര്‍ പലിശയിനത്തില്‍ യുഎസ് ഇപ്പോള്‍ തന്നെ അടയ്ക്കുന്നുണ്ട്. അടുത്ത പതിറ്റാണ്ടില്‍ 7 ട്രില്യണ്‍ ഡോളര്‍ പലിശയിനത്തില്‍ ചെലവിടേണ്ടി വരും. പൊതുകടം കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനത്തെ കുറിച്ച് യുഎസ് ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy